പരിശുദ്ധ വലിയ ബാവായ്ക്ക് പുണ്യഭൂമി വിടചൊല്ലി

പരുമല: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വലിയ ഇടയന്‍ വിടചൊല്ലിയ വാര്‍ത്ത അറിഞ്ഞ് പമ്പയുടെ തീരത്തേക്ക് ജനം ഒഴുകിയെത്തുകയായിരുന്നു. Photo Gallery
ഇന്നലെ രാത്രി 7.30 ഓടെയാണ് വിശ്വാസ സമൂഹത്തെ കണ്ണീരിലാഴ്ത്തിയ വാര്‍ത്ത പരന്നത്. പരുമല സെന്റ് ഗ്രീഗോറിയോസ് മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ അവസാന നിമിഷങ്ങള്‍ അപ്രതീക്ഷിതമായിട്ടാണ് എത്തിയത്. രണ്ട് ദിവസമായി ആരോഗ്യനില തൃപ്തികരമല്ലാതിരുന്നെങ്കിലും  ദേഹവിയോഗം ഉടന്‍ ഉണ്ടാകുമെന്ന് ഒപ്പമുണ്ടായിരുന്നവരും കരുതിയില്ല.
ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്താമാരായ ഡോ.യാക്കോബ് മാര്‍ ഐറിേയോസ്, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ്, യൂഹാനോന്‍ മാര്‍ തേവോദോറോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ജോസഫ് മാര്‍ ദീവന്നാസിയോസ്, ഡോ.സഖറിയാസ് മാര്‍ അപ്രേം എന്നിവരും പത്തനാപുരം ദയറായിലെ വൈദീകരും അവസാന നിമിഷങ്ങളില്‍ ഒപ്പമുണ്ടായിരുന്നു.
എട്ടുമണിയോടെ നൂറുകണക്കിന് വരുന്ന വിശ്വാസി സമൂഹം പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയുടെ മുറ്റത്തും, റോഡിലുമായി തടിച്ചുകൂടി. നിരണം, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നീ ഭദ്രാസനങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് ആദ്യമെത്തിയത്. ആശുപത്രിക്കുള്ളില്‍ പ്രവേശിച്ച് പരിശുദ്ധ വലിയ ബാവായുടെ ഭൌതീക ശരീരം ദര്‍ശിക്കാന്‍ തിരക്കുകാട്ടിയവരെ നിയന്ത്രിക്കാന്‍ നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് ഉള്‍പ്പെടെയുള്ളവര്‍ ഏറെ ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു.
ഒന്‍പത് മണിയോടെ സഭയിലെയും സഹോദരീ സഭയിലെയും മെത്രാപ്പോലീത്തമാര്‍ പരുമല ആശുപത്രിയിലെത്തി. പാലക്കാട്ടു നിന്നും തിരുവല്ലായിലേക്കുള്ള യാത്രാമദ്ധ്യേയാണ് മാര്‍ത്തോമ്മാ സഭാ അദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ദിദിമോസ് വലിയ ബാവായുടെ വിയോഗവാര്‍ത്ത അറിഞ്ഞത്. നേരിട്ട് പരുമലയിലെത്തി ഭൌതീകശരീരം ദര്‍ശിച്ച് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി.
ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ സഭയുടെ അനുശോചനം അറിയിച്ചാണ് മടങ്ങിയത്. മലങ്കര കത്തോലിക്കാ സഭയുടെ മാവേലിക്കര രൂപതാ അദ്ധ്യക്ഷന്‍ ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസും ആശുപത്രിയിലെത്തി പ്രത്യേക പ്രാര്‍ത്ഥന നടത്തി.
കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉള്‍പ്പെടെയുള്ള ജപ്രതിനിധികള്‍ വിവരമറിഞ്ഞ് പരുമലയിലെത്തി. സഭയുടെ വടക്കന്‍ ഭദ്രാസനങ്ങളില്‍ നിന്നുള്ളവര്‍ 11 മണിയോടെ എത്തിച്ചേര്‍ന്നു. എംഫാം ചെയ്ത ഭൌതീക ശരീരം പുറത്തേക്ക് എത്തിക്കുവാന്‍ നാലുമണിക്കൂറോളം വേണ്ടിവന്നു. ഈ സമയമത്രയും പ്രാര്‍ത്ഥനയോടുകൂടി ആശുപത്രി വളപ്പിലും പരുമല പള്ളിയുടെ മുറ്റത്തും കാത്തു നില്‍ക്കുന്നവരുടെ കണ്ണുകളില്‍ നിന്ന് ആത്മനൊമ്പരത്തിന്റെ തുള്ളികള്‍ ഇറ്റുവീഴുന്നത് കാണാമായിരുന്നു രാത്രി 11.30 ഓടെയാണ് ഭൌതീക ശരീരം പരുമല സെമിനാരിയില്‍ എത്തിച്ചത്.പരിശുദ്ധ കാതോലിക്കാ ബാവായും സഭയിലെ മെത്രാപ്പോലീത്തമാരും, നൂറുകണക്കിന് വൈദീകരും, ആയിരക്കണക്കിന് വിശ്വാസികളും ഭൌതീക ശരീരത്തെ അനുഗമിച്ചു.
രാത്രി വൈകി ഭൌതീക ശരീരം കോട്ടയം ദേവലോകം അരമനയിലേക്ക് കൊണ്ടുപോയപ്പോള്‍ പരുമല പള്ളിയുടെ മണിമാളികളില്‍ നിന്നും ദുഃഖത്തിന്റെ മണിനാദം കേള്‍ക്കാമായിരുന്നു.
27ന് പ്രഭാത പ്രാര്‍ത്ഥനയ്ക്കും വിശുദ്ധ കുര്‍ബ്ബാനയ്ക്കുംശേഷം ദേവലോകം അരമ ചാപ്പലിലേക്ക് കൊണ്ടുവരും. തുടര്‍ന്ന് ചാപ്പലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചനമസ്കാരത്തിുശേഷം എം.സി. റോഡില്‍ കൂടി തിരുവല്ല, മാന്നാര്‍, മാവേലിക്കര വഴി പന്തളത്തെത്തി പത്തനാപുരത്തേക്ക് കൊണ്ടുപോകും. 28ന് രാവിലെ 11ന് പത്തനാപുരം മൌണ്ട് താബോര്‍ ദയറായില്‍ കബറടക്ക ശുശ്രൂഷ ആരംഭിക്കും.

Comments

comments

Share This Post

Post Comment