വലിയബാവയ്ക്ക് വിശ്വാസി സമൂഹം വിടചൊല്ലി

കോട്ടയം:  വിലാപഗീതങ്ങളും തിരുവചനവും ഉയരവെ, ഓര്‍ത്തഡോക്‌സ് സഭയുടെ വലിയബാവയ്ക്ക് വിശ്വാസി സമൂഹം വിടചൊല്ലി. പത്തനാപുരം മൗണ്ട് താബോര്‍ ദയറായിലാണ് മൃതദേഹം കബറടക്കിയത്. Photo Gallery
തോമാ മാര്‍ ദിവന്നാസിയോസിന്റെയും മദ്രാസ് ഭദ്രാസനാധിപന്‍ സക്കറിയ മാര്‍ ദിവന്നാസിയോസിന്റെയും കബറിടങ്ങള്‍ക്ക് മധ്യേയാണ് വലിയ ബാവയ്ക്ക് അന്ത്യവിശ്രമമൊരുക്കിയിരിക്കുന്നത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തിലായിരുന്നു ശുശ്രൂഷകള്‍.
പ്രാര്‍ഥനാനിരതരായി നിന്ന ആയിരങ്ങളെ സാക്ഷിനിര്‍ത്തി, വിശുദ്ധബലി അര്‍പ്പിച്ചിരുന്ന മദ്ബഹായോടും ദേവാലയത്തോടും വിടചൊല്ലി മലങ്കര ഒാര്‍ത്തഡോക്സ് സഭയുടെ മുന്‍ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ ഭൌതികശരീരം ഇന്നലെ ഉച്ചയോടെയാണ് ദേവലോകം അരമനയില്‍നിന്നു പത്തനാപുരത്തേക്കു കൊണ്ടുപോയത്.
കബറടക്കശുശ്രൂഷയുടെ ആദ്യത്തെ നാല് ക്രമങ്ങള്‍ ദേവലോകം അരമനയില്‍ മുന്‍ കാതോലിക്കാബാവമാര്‍ അന്ത്യവിശ്രമംകൊള്ളുന്നതിനു സമീപംവെച്ച് നടന്നു. പരിശുദ്ധ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. സഭയിലെ മറ്റു മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികരായി.
സഭയെ നയിച്ച ഇടയനു വിടനല്‍കാന്‍ പത്തനാപുരത്തും പഴയ സെമിനാരിയിലും ദേവലോകം അരമനയിലും രാവിലെ മുതല്‍ വിശ്വാസികള്‍ ഒഴുകിയെത്തി. അജപാലന ശുശ്രൂഷകള്‍ക്കു മാതൃകയാക്കാവുന്ന ഉത്തമ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പരിശുദ്ധ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ എന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചന പ്രസംഗത്തില്‍ പറഞ്ഞു. ഭാരതീയ പാരമ്പര്യത്തിലുള്ള ക്രൈസ്തവരുടെ ഐക്യം ബാവായുടെ സ്വപ്നമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

comments

Share This Post

Post Comment