ഓര്‍ത്തഡോക്സ് സഭ ആഗോള വൈദിക സമ്മേളനം പരുമലയില്‍ തുടങ്ങി

പരുമല: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വൈദീക കൂട്ടായ്മയായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് വൈദീക സംഘത്തിന്റെ നേതൃത്വത്തില്‍ ആഗോള വൈദിക സമ്മേളനം പരുമല സെമിനാരിയില്‍ ആരംഭിച്ചു. Photo Gallery
വൈദിക സംഘത്തിന്റെ ത്രൈവാര്‍ഷികത്തിന്റെ ഭാഗമായി ആരംഭിച്ച സമ്മേളനം മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. കാലത്തെ നവീകരിക്കുന്ന പൌരോഹിത്യ ശുശ്രൂഷയും ജീവിതംകൊണ്ട് ജനങ്ങളെ ആകര്‍ഷിക്കുന്ന പുരോഹിതരെയുമാണ് ഇന്ന് ആവശ്യമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.
ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. നോവലിസ്റ് ബന്യാമിന്‍ മുഖ്യപ്രഭാഷണം നടത്തി. നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ കോണ്‍ഗ്രസ് ചിന്താവിഷയത്തിന്റെ പ്രകാശന കര്‍മ്മവും മുംബൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ വൈദിക ടെലിഫോണ്‍ ഇന്‍ഡക്സ് പ്രകാശനവും നിര്‍വഹിച്ചു.
അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ്, സഖറിയാസ് മാര്‍ അന്തോണിയോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍, വൌദിക സംഘം ജനറല്‍ സെക്രട്ടറി ഫാ. തോമസ് വര്‍ഗീസ് അമയില്‍, അല്‍മായ ട്രസ്റി എം.ജി. ജോര്‍ജ്ജ് മുത്തൂറ്റ്, അസോസിയേഷന്‍ സെക്രട്ടറി ഡോ.ജോര്‍ജ്ജ് ജോസഫ്, ഫാ. സഖറിയ നൈനാന്‍ ചിറത്തിലാട്ട് എന്നിവര്‍ പ്രസംഗിച്ചു.
കാലംചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവായ്ക്ക് അനുശേചനം രേഖപ്പെടുത്തിയാണ് സമ്മേളനം തുടങ്ങിയത്. ജൂണ്‍ 5ന് 11.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ അനുഗ്രഹ പ്രഭാഷണവും കവയിത്രി സുഗതകുമാരി മുഖ്യപ്രഭാഷണവും നടത്തും.

Comments

comments

Share This Post

Post Comment