പാത്രിയര്‍ക്കീസ് ബാവായുടെ സമാധാനാഹ്വാനം സ്വാഗതം ചെയ്യുന്നു

മലങ്കര സഭയില്‍ സമാധാനം സ്ഥാപിക്കുവാനുള്ള അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്റെ അഹ്വാത്തെ സ്വാഗതം ചെയ്യുന്നതായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അറിയിച്ചു.
സ്ഥാനാരോഹണത്തിനുശേഷം പാത്രിയര്‍ക്കീസ് ബാവാ മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മലങ്കര സഭയെക്കുറിച്ചുള്ള പരാമര്‍ശത്തിനു മറുപടിയായാണ് പരിശുദ്ധ കാതോലിക്കാ ബാവാ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സുപ്രീം കോടതി അംഗീകരിച്ച 1934-ലെ സഭാ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ അന്ത്യോഖ്യന്‍ സഭയുമായി പൂര്‍ണ്ണ സമാധാനം സ്ഥാപിക്കുന്നതിന് മലങ്കര സഭ എന്നും ഒരുക്കമാണ്. 1958ല്‍ ഇതേ ഭരണഘടനയുടെ അടിസ്ഥാനത്തിലാണല്ലോ സമാധാനം ഉണ്ടായതും, 12 വര്‍ഷക്കാലം ഏകസഭയായി ഭിന്നതകള്‍ കൂടാതെ കഴിഞ്ഞതും എന്ന് ഓര്‍മ്മിപ്പിച്ച് കാതോലിക്കാ ബാവാ പറഞ്ഞു.
അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ സഭ ഒരുനാളും പിന്തള്ളിയിട്ടില്ല. വി.കുര്‍ബ്ബാനയില്‍ ഇപ്പോഴും അദ്ദേഹത്തെ സഭ മുഴുവും ഓര്‍ത്തു പ്രാര്‍ത്ഥിക്കുന്നുണ്ട്. സഭാ ഭരണഘടനയില്‍ വിവക്ഷിക്കുന്ന എല്ലാ സ്ഥാനമാനങ്ങളും പാത്രിയര്‍ക്കീസിനു നല്‍കാന്‍ സഭ ഒരുക്കമാണ്. എന്നാല്‍ ഇല്ലാത്ത അധികാരങ്ങള്‍, ഒരുപക്ഷെ പാത്രിയര്‍ക്കീസ് ബാവാ പോലും ആഗ്രഹിക്കാത്ത കാര്യങ്ങള്‍ അംഗീകരിച്ച് കിട്ടണമെന്ന് അനുയായികള്‍ ആവശ്യപ്പെടുന്നതാണ് പ്രശ്നങ്ങളുടെ മൂലകാരണമെന്ന് പൊതുസമൂഹം അറിയണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.
പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെങ്കില്‍ അന്യോന്യ വിശ്വാസം വളരണം. അതിനു നിയമ വാഴ്ച ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. നിയമനിഷേധത്തിലൂടെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും കൈയേറുന്ന പ്രവണത അവസാനിപ്പിച്ചാല്‍ സമാധാന ചിന്ത വളരുന്നതിന് ഇടയാകും. പാത്രിയര്‍ക്കീസ് ബാവായുടെ പരിശ്രമങ്ങള്‍ക്ക് വിജയാശംസകള്‍ നേരുന്നതായും പരിശുദ്ധ കാതോലിക്കാ ബാവാ പ്രസ്താവിച്ചു.

Comments

comments

Share This Post

Post Comment