ഫാ. ജോണ്‍ വര്‍ഗീസ് വെറുമൊരു പുരോഹിതനല്ല

കോന്നി: ചെലവ് ചുരുക്കാന്‍ എന്തൊക്കെയുണ്ട് വഴികള്‍. എല്ലാത്തിനും തീവിലയായ ഇക്കാലത്ത് അതേക്കുറിച്ച് ചിന്തിക്കാത്തവരുണ്ടാകില്ല. അതിനായി പലതും വേണ്ടെന്നുവെക്കുന്നവരുടെ ഇടയില്‍ വ്യത്യസ്തനാവുകയാണ് ഇളകൊള്ളൂര്‍ മുടക്കമണ്ണില്‍ ഫാ. ജോണ്‍ വര്‍ഗീസ്. ദൈവിക വിഷയങ്ങള്‍ മാത്രമല്ല സാങ്കേതിക ശാസ്ത്രത്തിലും മുദ്രപതിപ്പിക്കുകയാണ് 51കാരനായ ഈ വൈദികന്‍.
ചെലവ് കുറഞ്ഞ വൈദ്യുതി, ചെലവ് കുറഞ്ഞ സോളാര്‍, പള്ളികളിലും മറ്റും കുറഞ്ഞ ചെലവില്‍ സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് ലൈറ്റ് കട്ട് ഓഫ്, സോളാര്‍ സഹായത്തില്‍ ഇന്ധനം ആവശ്യമില്ലാത്ത ഇരുചക്രവാഹനങ്ങള്‍, പഴയ ഇലക്ട്രോണിക്സ് സാധനങ്ങളുടെ വയന്‍റിങ് ഉപയോഗിച്ച് ചെയ്യാവുന്ന സ്പോര്‍ട് വെല്‍ഡിങ് തുടങ്ങി കുറഞ്ഞ ചെലവില്‍ എല്ലാം അച്ചന്‍ നേടിയെടുക്കുന്നു. നാലാംക്ളാസില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ വാങ്ങിയ റോഡിയോയിലാണ് ജോണ്‍ വര്‍ഗീസ് സങ്കേതിക പഠനം തുടങ്ങിയത്. സെമിനാരി പഠനം പൂര്‍ത്തിയാക്കി ആന്‍ഡമാന്‍ പള്ളിയിലേക്ക് ആദ്യം പുരോഹിതനായി നിയമിതനായപ്പോള്‍ വൈദ്യുതി ഇല്ലാതിരുന്ന അവിടെ സോളാര്‍ പാനല്‍ നിര്‍മിച്ച് വൈദ്യുതി പ്രതിസന്ധി പരിഹരിച്ചു. സെമിനാരി പഠനസമയത്ത് ചാപ്പലിലെ നമസ്കാരത്തിലും പ്രാര്‍ഥനയിലും ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം എത്താന്‍ കഴിയാത്ത സെമിനാരിയുടെ ചുമതലയുള്ള അച്ചന് വയര്‍ലസ് സംവിധാനം ഒരുക്കിക്കൊടുത്തു. മുറയില്‍ ഇരുന്ന് എഫ്.എം വഴി അച്ചന് പ്രാര്‍ഥന കേള്‍ക്കാന്‍ കഴിഞ്ഞു. എന്നാല്‍, പൊലീസിന്‍െറ വയര്‍ലസിന്‍െറ റേഞ്ചിലായിരുന്നു അച്ചന്‍െറ വയര്‍ലസും. പൊലീസ് സ്റ്റേഷനില്‍ പ്രാര്‍ഥന കേട്ടതോടെ പൊലീസുകാര്‍ തിരക്കിവന്നപ്പോഴാണ് കഥയറിയുന്നത്. പിന്നീട് റേഞ്ച് മാറ്റി വയര്‍ലസ് സ്ഥാപിച്ചു.
വീട്ടില്‍ ഇന്‍വര്‍ട്ടര്‍ വെക്കാന്‍ 50,000 രൂപയോളം ആകുമ്പോള്‍ സോളാര്‍ സംവിധാനത്തില്‍ ഇതിന്‍െറ അഞ്ചിലൊന്ന് തുകകൊണ്ട് സാധിക്കുമെന്നും അദ്ദേഹം തെളിയിച്ചു. മോഷ്ടാക്കളെ പിടികൂടാന്‍ സഹായിക്കുന്ന അലാറത്തിന് 15,000 രൂപയില്‍ അധികം ആകുമ്പോള്‍ 1000 രൂപക്ക് അത് നിര്‍മിച്ച് നല്‍കാന്‍ അദ്ദേഹം തയാറാണ്. പള്ളികളിലും ക്ഷേത്രങ്ങളിലും മറ്റും വൈകുന്നേരം ലൈറ്റ് ഇടുകയും രാവിലെ എത്തി ഓഫാക്കുകയും ചെയ്യുന്നതിനും അച്ചന്‍െറ പക്കല്‍ പ്രതിവിധിയുണ്ട്. 200 രൂപ ചെലവാക്കിയാല്‍ ഓട്ടോമാറ്റിക് ലൈറ്റ് സംവിധാനത്തിലൂടെ വൈകുന്നേരം തനിയെ ലൈറ്റ് ഓണാവുകയും രാവിലെ ഓഫാവുകയും ചെയ്യും.
ഗ്യാസ്, റാഡ് എന്നിവ ഉപയോഗിച്ചുള്ള വെല്‍ഡിങ് ചെയ്യാന്‍ കഴിയാത്ത മെറ്റല്‍ ഷീറ്റ് വെല്‍ഡിങിന് ചെലവ് കുറഞ്ഞ കണ്ടുപിടിത്തവും ഉണ്ട്. പഴയ ഇലക്ട്രിക് ഉപകരണങ്ങളുടെ വയന്‍റിങ് പ്രത്യേക തരത്തില്‍ ഉരുക്കി വെല്‍ഡ് ചെയ്യാന്‍ കഴിയും.
നിരവധി ക്രിസ്തീയ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ അച്ചന്‍ സ്വന്തമായി പാട്ട് എഴുതി സീഡിയും ഇറക്കിയിട്ടുണ്ട്. മോഷ്ടാക്കള്‍ വീട്ടുമുറ്റത്തത്തെിയാല്‍ റിലേ സംവിധാനത്തിലൂടെ കള്ളനെ ആക്രമിക്കാന്‍ കഴിയുന്ന സംവിധാനം വികസിപ്പിച്ചെടുപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍. ബംഗളൂരു, കിഴക്കുപുറം, കൊട്ടാരക്കര, അയിരൂര്‍ പള്ളികളില്‍ സേവനം അനുഷ്ഠിച്ചശേഷം ഇപ്പോള്‍ തുമ്പമണ്‍ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളി വികാരിയാണ്. ഭാര്യ: ലിസി മണ്ണീറ എല്‍.പി സ്കൂള്‍ പ്രധാനാധ്യാപികയാണ്. മകള്‍ ജോസി തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് ലെക്ചററും മകന്‍ ജോബിന്‍ തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയുമാണ്.

Comments

comments

Share This Post

Post Comment