ആറു പതിറ്റാണ്ടു നീണ്ട ആത്മീയ നിറവില്‍ കാട്ടാകാമ്പാലച്ചന്‍

കാട്ടാകാമ്പാല്‍: മാര്‍ ഇഗ്നാത്തിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ 61 വര്‍ഷത്തെ വൈദിക സേവനത്തിന്റെ ആത്മീയ പ്രകാശം തെളിയിച്ച ഫാ. പി.സി. സൈമണ്‍ പടിയിറങ്ങുന്നു. ഒരേ പള്ളിയില്‍ ഇത്രയും കാലം വൈദികനായി സേവനമനുഷ്ഠിച്ച മറ്റൊരു വൈദികന്‍ ക്രൈസ്തവ സഭ ചരിത്രത്തിലില്ലെന്നു ക്രൈസ്തവ സഭാ ചരിത്രാന്വേഷകര്‍ പറയുന്നു.
കാട്ടാകാമ്പാല്‍ ദേശത്തിന്റെ പേരില്‍ അറിയപ്പെടുന്ന കാട്ടാകാമ്പാലച്ചന്‍ 82-ാം വയസിലാണ് വിരമിക്കുന്നത്. ഞായറാഴ്ച കാട്ടാകാമ്പാല്‍ പള്ളിയില്‍ വികാരി എന്ന നിലയില്‍ ഫാ. പി.സി. സൈമണ്‍ കുര്‍ബ്ബാന അര്‍പ്പിച്ചാണ് വിരമിക്കുന്നത്. ഇത്രയും കാലത്തിനിടെ അസുഖം ബാധിച്ചു ചികിത്സയിലായതി തുടര്‍ന്ന് അഞ്ച് ഞായറാഴ്ചകളില്‍ മാത്രമാണ് ഫാ. പി.സി. സൈമണ്‍ കാട്ടാകാമ്പാല്‍ പള്ളിയില്‍ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ കഴിയാതിരുന്നത്.
പഴഞ്ഞി സെന്റ് മേരിസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നിന്നു പിരിഞ്ഞു സ്വന്തമായി ഇടവക രൂപീകരിച്ചതോടെ മാര്‍ ഇഗ്നാത്തിയോസ് ഓര്‍ത്തഡോക്സ് പള്ളിയിലേക്കായി 1951ല്‍ പൊതുയോഗം ഫാ. പി.സി. സൈമണെ തിരഞ്ഞെടുക്കുകയായിരുന്നു. കോട്ടയം വൈദിക സെമിനാരിയില്‍ വൈദിക പഠനത്തിനുപോയ അദ്ദേഹം കാലംചെയ്ത ഔഗേന്‍ ബാവായില്‍ നിന്നു ശെമ്മാശപട്ടം സ്വീകരിച്ചു. 1953 മേയില്‍ കോട്ടയം കുമരകം പള്ളിയില്‍ പരിശുദ്ധ പാമ്പാടി തിരുമേനിയില്‍ നിന്നു കശീശപട്ടം സ്വീകരിച്ചതോടെ മാര്‍ ഇഗ്നാത്തിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വികാരിയായി സേവനം തുടങ്ങി.
പള്ളിയുടെ രണ്ടുവട്ട പുനര്‍നിര്‍മ്മാണത്തിലും പ്രധാന പങ്കുവഹിച്ച അദ്ദേഹം ഇടവകയിലെ മൂന്നു തലമുറയില്‍പ്പെട്ടവരുടെ വിവാഹ ശുശ്രൂഷയര്‍പ്പിച്ചു ശ്രദ്ധേയായിരുന്നു. മൂന്നു തലമുറയില്‍പ്പെട്ടവരുടെ മാമോദീസ ശുശ്രൂഷയ്ക്കും കാര്‍മികനാകാന്‍ അദ്ദേഹത്തിന് സാധിച്ചു. കാട്ടാകാമ്പാല്‍ ഗ്രാമത്തിന്റെ സാംസ്കാരിക പരിപാടികളിലെല്ലാം പങ്കെടുത്തു മതസൌഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചു.
കരിക്കാട് സി.എം.എല്‍.പി. സ്കൂളില്‍ നിന്നു പ്രധാന അധ്യാപകനായി വിരമിച്ച ഫാ. പി.സി. സൈമണ്‍ കാട്ടാകാമ്പാല്‍ ഇ.എം.എല്‍.പി. സ്കൂളിന്റെ മാനേജരും, പഴഞ്ഞി എം.ഡി. കോളജിലെ ഗവേണിങ് ബോര്‍ഡ് അംഗവുമാണ്. സഹധര്‍മ്മിണി തങ്കമ്മ 2004ല്‍ ക്യാന്‍സര്‍ ബാധമൂലം അന്തരിച്ചു. മൂന്ന് മക്കളുണ്ട്.

Comments

comments

Share This Post

Post Comment