ഡോവര്‍ സെന്റ് തോമസ് ദേവാലയത്തില്‍ ഇമ്മാനുവല്‍ ഹെന്റിയുടെ ആത്മീയഗാനങ്ങള്‍

ഡോവര്‍ (ന്യൂജേഴ്സി): വിശുദ്ധ മാര്‍ത്തോമാ ശ്ളീഹായുടെ പേരിലുള്ള ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ പെരുന്നാള്‍ ആഘോഷം ഭക്തിസാന്ദ്രമാക്കാന്‍ പ്രമുഖ ഭക്തിഗാന ഗായകനും ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിമും ക്രൈസ്തവ സംഗീതലോകത്തെ മാസ്മരിക ശബ്ദത്തിന്റെ ഉടമയുമായ ഇമ്മാനുവേല്‍ ഹെന്റി എത്തുന്നു.
പെരുന്നാള്‍ ചടങ്ങുകളുടെ ആദ്യദിനമാണ് ഇമ്മാനുവലിന്റെ ആത്മീയ വിശുദ്ധി വിളിച്ചോതുന്ന ഗാനാലപനം നടക്കുക. തിരുവനന്തപുരം സ്വദേശിയായ ഈ യുവഗായകന്‍ തന്റെ ശബ്ദസൌകുമാര്യത്താല്‍ ഭക്തിയുടെ ധന്യമൂഹൂര്‍ത്തമാണ് ഡോവറിലൊരുക്കുന്നത്. സ്നേഹസംഗീതം എന്ന വന്‍ വിജയമായ സംഗീത പരിപാടിയില്‍ സ്റീഫന്‍ ദേവസിക്കും ബിനോയ് ചാക്കോയ്ക്കും സോളിഡ് ബാന്‍ഡ് ടീമിനുമൊപ്പം അമേരിക്കയിലുടനീളം പര്യടനം നടത്തിയതിനു ശേഷമാണ് ഇമ്മാനുവല്‍ ഡോവറിലെത്തുന്നത്. ജൂലൈ 11 വെള്ളിയാഴ്ച വൈകിട്ട് പ്രാര്‍ത്ഥനകള്‍ക്കും ആത്മീയ പ്രഭാഷണത്തിനും ശേഷമാണ് ഗോസ്പല്‍ ഗായകനായ ഇമ്മാനുവല്‍ ഹെന്റി ആത്മീയ ഗാനങ്ങള്‍ ആലപിക്കുക.
തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിയായ ഇമ്മാനുവല്‍ നാലാഞ്ചിറയിലുള്ള മാര്‍ ബസേലിയോസ് കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജിയിലെ ബിടെക് ബിരുദധാരിയുമാണ്. ഇന്ത്യന്‍ കര്‍ണാട്ടിക്ക് സംഗീതത്തില്‍ കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സ്കോളര്‍ഷിപ്പ് നേടിയിട്ടുള്ള ഇമ്മാനുവല്‍ കേരള മന്നം ട്രോഫി ആര്‍ട്സ് ഫെസ്റിവലില്‍ കലാപ്രതിഭ പട്ടവും സ്വന്തമാക്കിയിട്ടുണ്ട്. സ്കൂള്‍ വിദ്യാഭ്യാസകാലത്ത് തുടര്‍ച്ചയായി പതിനൊന്നു വര്‍ഷത്തോളം കലാപ്രതിഭ പുരസ്ക്കാരം നേടിയ ഇമ്മാനുവല്‍ 2006-ല്‍ ചെറുപ്രായത്തില്‍ സഹോദയ ആര്‍ട്സ് ഫെസ്റിവലില്‍ സൌത്ത് സോണ്‍ കലാപ്രതിഭയായും തിളങ്ങി. 2002-ല്‍ കൈരളി ടിവി സംഘടിപ്പിച്ച ഗന്ധര്‍വ്വസംഗീതം ജൂനിയര്‍ ഷോയിലെ സെമി ഫൈനലിസ്റും സൂര്യടിവി സൂപ്പര്‍ സിംഗര്‍ 2007-ലെ റണ്ണര്‍ അപ്പുമായിരുന്നു. 2008-ല്‍ പ്രമുഖ ഗായിക റിമി ടോമിക്കൊപ്പം യുഗ്മ ഗാനം പാടി കൊണ്ടാണ് സിനിമപിന്നണി ഗാനരംഗത്തേക്ക് ഇമ്മാനുവല്‍ ചുവടു വയ്ക്കുന്നത്. ഐ.വി ശശി സംവിധാനം ചെയ്ത വെള്ളത്തൂവല്‍ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ഇത്. അന്തരിച്ച ജോണ്‍സണ്‍ മാസ്റ്റര്‍ അവസാനമായി സംഗീത സംവിധാനം നിര്‍വഹിച്ച നവാഗതര്‍ക്ക് സ്വാഗതം എന്ന സിനിമയില്‍ അഫ്സലിനോടൊപ്പവും ഇമ്മാനുവല്‍ പാടിയിട്ടുണ്ട്. ഐഡിയ സ്റാര്‍ സിംഗര്‍ സീസണ്‍ 5-ല്‍ രണ്ടാം സ്ഥാനത്തെത്തിയതോടെയാണ് ഇമ്മാനുവല്‍ പ്രശ്സതിയുടെ പടവുകള്‍ താണ്ടിയത്. ഫൈനല്‍ മത്സരവേദിയില്‍ ‘ഇത്രത്തോളം യഹോവ സഹായിച്ചു’ എന്ന ആത്മീയ ഗാനം പാടിയാണ് വ്യത്യസ്തായത്. തുടര്‍ന്ന് പൂര്‍ണ്ണമായും ഗോസ്പല്‍ ഗാനരംഗത്തേക്ക് ശ്രദ്ധപതിപ്പിച്ച ഇമ്മാനുവല്‍ ഇതുവരെ നൂറു ഗോസ്പല്‍ ആല്‍ബങ്ങളില്‍ തന്റെ ആത്മീയസ്വരം കേള്‍പ്പിച്ചു കഴിഞ്ഞു. 2014 ജൂണ്‍ മുതല്‍ ആല്‍ഫ എന്ന പേരില്‍ അമേരിക്കയിലും കാഡയിലും സ്വന്തം ക്രിസ്ത്യന്‍ ബാന്‍ഡ് വിപുലപ്പെടുത്തുകയാണ് ലക്ഷ്യം.
വാര്‍ത്ത അയച്ചത്: ജോര്‍ജ് തുമ്പയില്‍

Comments

comments

Share This Post

Post Comment