മാര്‍ ദിയസ്കോറോസിന്റെ 15-ാമത് ശ്രാദ്ധപ്പെരുന്നാളിന് കൊടിയേറി

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ റാന്നി ഹോളി ട്രിനിറ്റി ആശ്രമം സ്ഥാപകനും തിരുവനന്തപുരം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായുമായിരുന്ന അഭിവന്ദ്യ ഗീവറുഗീസ് മാര്‍ ദീയസ്കോറസ് മെത്രാപ്പോലീത്തയുടെ 15-ാമത് ഓര്‍മപ്പെരുന്നാളിന് കൊടിയേറി. 23ന് സമാപിക്കും.  Notice
നിലയ്ക്കല്‍ ഭദ്രാസനാധിപനും ആശ്രമാംഗവുമായ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.
മെത്രാപ്പോലീത്ത കബറടങ്ങിയിരിക്കുന്ന റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തില്‍ നടക്കുന്ന ഓര്‍മപ്പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയും സഭയിലെ മറ്റു മെത്രാപ്പോലീത്തമാരും മുഖ്യകാര്‍മികത്വം വഹിക്കും. 21വരെ എല്ലാ ദിവസവും ആശ്രമ ചാപ്പലില്‍ സന്ധ്യാനമസ്കാരവും രാവിലെ വിശുദ്ധ കുര്‍ബാനയും ഉണ്ടാകും. 22ന് രാവിലെ 7ന് ചെന്നൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന.
തിരുവനന്തപുരം ഭദ്രാസനത്തില്‍ നിന്നുളള 15-ാമത് പാവനസ്മരണറാലി 22ന് ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസിന്റെ കാര്‍മികത്വത്തില്‍ വി. കുര്‍ബായ്ക്കു ശേഷം രാവിലെ 10ന് ഇടമുളയ്ക്കല്‍ വി.എം.ഡി.എം. സെന്ററില്‍ നിന്നും ആശീര്‍വ്വദിച്ച് യാത്രയാക്കും. മൂന്നു മണിക്ക് റാന്നി ആശ്രമകവാടത്തില്‍ എത്തും. തുടര്‍ന്ന് തീര്‍ത്ഥാടക സംഗമം നടക്കും. ആങ്ങമൂഴി, സീതത്തോട്, ചിറ്റാര്‍, വയ്യാറ്റുപുഴ, വടശേരിക്കര, വയലത്തല, കീക്കൊഴൂര്‍, കാട്ടൂര്‍, തോട്ടമണ്‍, വെച്ചൂച്ചിറ, മുക്കാലുമണ്‍, കരികുളം, ചെമ്പന്‍മുഖം, കുറ്റിയാനി, അയിരൂര്‍, കൊറ്റനാട്, കോഴഞ്ചേരി തുടങ്ങിയ പളളികളില്‍ നിന്നുളള തീര്‍ത്ഥാടകരും കബറിങ്കല്‍ പദയാത്രയായി എത്തും. വൈകിട്ട് 6.45ന് വചനശുശ്രൂഷ, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന.
23ന് എട്ടിന് പരിശുദ്ധ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന, അനുസ്മരണ പ്രഭാഷണം എന്നിവ നടക്കും.  ഗീവര്‍ഗീസ് മാര്‍ ദിയസ്കോറോസ് ചാരിറ്റി യോഗത്തില്‍ വിതരണം ചെയ്യും. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ച എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കുമെന്ന് ആശ്രമ സുപ്പീരിയര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍ അറിയിച്ചു.
(കോഴഞ്ചേരി തേവര്‍വേലില്‍ കുടുംബാംഗമായിരുന്ന മെത്രാപ്പോലീത്ത വൈദികനായിരിക്കുമ്പോഴാണ് 1970-ല്‍ റാന്നിയില്‍ ഹോളി ട്രിനിറ്റി ആശ്രമ പ്രസ്ഥാനത്തിനു തുടക്കമിടുന്നത്. അദ്ദേഹത്തിന് ലഭിച്ച പിതൃസ്വത്തില്‍  ആശ്രമപ്രസ്ഥാനം ആരംഭിക്കുകയും സഭയുടെ ശുശ്രൂഷയിലേക്ക് ആളുകളെ വാര്‍ത്തെടുക്കുകയും ചെയ്തു. സാമൂഹ്യ, വിദ്യാഭ്യാസ, ആതുരശുശ്രൂഷ മേഖലകളില്‍ കൈത്താങ്ങ് നല്കാനും സഭയുടെ ആത്മീയ പുരോഗതിയില്‍ പങ്കാളിയാകാനും ഇതിലൂടെ കഴിഞ്ഞു. മെത്രാപ്പോലീത്ത പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടശേഷം തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം അവിടെയും വിവിധങ്ങളായ മേഖലകളില്‍ തന്റെ സംഭാവനകള്‍ നല്കി. ശാരീരിക വൈകല്യമുള്ള കുട്ടികളുടെ പുനരധിവാസത്തിനും വിദ്യാഭ്യാസത്തിനുമായി മെത്രാപ്പോലീത്ത പ്രത്യേക ശ്രദ്ധ നല്കി. രോഗികളെയും പാവപ്പെട്ടവരെയും കരുതുന്നതില്‍ എന്നും അദ്ദേഹം മുന്‍പന്തിയിലായിരുന്നു. കേരളത്തിന്റെ തലസ്ഥാനത്ത് മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അഭിമാനമാകുന്ന തരത്തില്‍ ഭദ്രാസനത്തെ ഉയര്‍ത്തിക്കൊണ്ടുവരാനും സാമൂഹ്യമായ മേഖലകളില്‍ ശ്രദ്ധേയ നേട്ടങ്ങള്‍ ഉണ്ടാക്കാനും മെത്രാപ്പോലീത്ത ശ്രമിച്ചിരുന്നു.)

Comments

comments

Share This Post

Post Comment