സന്ധ്യയ്ക്കു വീടൊരുങ്ങി; താക്കോല്‍ കൈമാറ്റം 29ന്

പത്തിരിപ്പാല: ഒറ്റമുറിക്കൂരയിലെ ദുരിത ജീവിതത്തില്‍ നിന്നു സന്ധ്യയ്ക്കു മോചനമാവുന്നു. ദേശീയ സ്കൂള്‍ കായികമേളയിലെ സ്വര്‍ണ്ണമെഡല്‍ വിജയിയും പറളി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയുമായ ബി.എന്‍. സന്ധ്യയ്ക്കു പുത്തന്‍ വീടൊരുങ്ങി. ദേശീയ, സംസ്ഥാന സ്കൂള്‍ മേളകളില്‍ സബ് ജൂനിയര്‍ വിഭാഗം ഹൈജംപില്‍ സ്വര്‍ണ്ണമണിഞ്ഞ സന്ധ്യയ്ക്കു വീടൊരുക്കിയത് മലങ്കര ഓര്‍ത്തഡോക്സ് സഭയാണ്.
മാങ്കുറുശ്ശി കുണ്ടുപറമ്പു കോളനിയില്‍ മങ്കര പഞ്ചായത്ത് അനുവദിച്ച സ്ഥലത്തു രോഗിയായ അച്ഛന്‍ മുരുകേശും കൂലിപണിക്കാരിയായ അമ്മ തങ്കയ്ക്കുമൊപ്പമായിരുന്നു ഒറ്റമുറി വീട്ടില്‍ സന്ധ്യയുടെ താമസം. താരത്തിന്റെ ദുരിതകഥ മനോരമ കഴിഞ്ഞ ജനുവരി 16ന് പ്രസിദ്ധീകരിച്ചതു കണ്ടാണ് ഓര്‍ത്തഡോക്സ് സഭ സഹായത്തിനെത്തിയത്. സന്ധ്യയുടെ പഠന ചെലവും സഭ ഏറ്റെടുത്തു. സഭയുടെ മാനവശാക്തീകരണ വിഭാഗവും ഐക്കണ്‍ ചാരിറ്റീസും ചേര്‍ന്നാണ് വീടു നിര്‍മ്മിച്ചത്. താക്കോല്‍ദാനം 29ന് വൈകിട്ട് നാലിന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വഹിക്കും. ഡോ.തോമസ് മാര്‍ അത്താനാസിയോസ്, ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ്, എം.ബി. രാജേഷ് എം.പി., കെ.വി. വിജയദാസ് എം.എല്‍.എ. എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
വീടിനോടു ചേര്‍ന്നു കിടന്ന രണ്ട് സെന്റ് ഭൂമികൂടി വാങ്ങിയാണ് നിര്‍മ്മാണം ആരംഭിച്ചത്. രണ്ടരമാസം കൊണ്ട് 720 ചതുരശ്ര അടിയില്‍ നല്ലൊരു വീടൊരുങ്ങി. മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ, ഫാ. പി.പി. ഏബ്രഹാം എന്നിവര്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കി.
സന്ധ്യയ്ക്ക് രണ്ടര വയസ്സ് ഉള്ളപ്പോഴാണ് അച്ഛന്‍ ശരീരം തളര്‍ന്ന് കിടപ്പിലായത്. തുടര്‍ന്നുള്ള ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഇല്ലായ്മകള്‍ക്കിടയിലും കഠിനമായ പരിശീലത്തിലൂടെ നേടിയതാണ് ഇപ്പോഴത്തെ പൊന്‍തിളക്കം. അതിരാവിലെ മാങ്കുറുശ്ശിയിലെ ഒറ്റയടി പാതയിലൂടെ നടന്നു പറളി സ്കൂളിലെത്തിയാണ് സന്ധ്യയുടെ പരിശീലനം. കായികാധ്യാപകന്‍ പി.ജി. മനോജ് ആണ് പരിശീലകന്‍.

Comments

comments

Share This Post

Post Comment