പൈതൃകം തേടിയുള്ള യാത്രയായി വേനല്‍ ശിബിരം

ദുബായ്: പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും ഓര്‍മ്മകള്‍ നല്‍കി വേനല്‍ശിബിരം  10-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായി.
ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തെ കഥാപാത്രങ്ങളെ അണിനിരത്തിയ ലഘു നാടകം കാണികളെ അമ്പരിപ്പിച്ചു. സന്ദേശ്, കുഞ്ഞുണ്ണി മാഷ്, മഹാത്മാ ഗാന്ധി, കുമ്മാട്ടി, മഹാബലി, പുലികളി, ചാക്യാര്‍, കര്‍ഷകന്‍, ലാഡവൈദ്യന്‍, കാട്ടുമൂപ്പന്‍ എന്നിങ്ങനെ വ്യത്യാസങ്ങളായ കഥാപാത്രങ്ങള്‍ വേദിയില്‍ അണിനിരന്നു.
വേനല്‍ ശിബിരത്തിന്റെ സന്ദേശവുമായി 10 പ്രാവുകളെ, 10 മാലാഖ കുട്ടികള്‍ പറത്തി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. വേനല്‍ ശിബിരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എടയ്ക്കല്‍ ഗുഹ വ്യത്യസ്തമായ കാഴ്ചയായി. പഴമയുടെ ഓര്‍മ്മയായ ചുമടുതാങ്ങി കടന്നെത്തിയ ഗുഹയ്ക്കുള്ളില്‍ കേരളത്തിന്റെ പഴമയുടെ ഓര്‍മ്മയായി വര്‍ഷങ്ങള്‍ പഴക്കമുള്ള ചിത്രങ്ങള്‍, കരകൌശല വസ്തുക്കള്‍, പാരമ്പര്യത്തിന്റെ ശേഷിപ്പുകളായ കാശ്യപ്പെട്ടി, പരമ്പരാഗതമായ നാണയങ്ങള്‍, അടച്ചോറ്റി, അമ്മിക്കല്ല്, ഉറി, ചിരവ, ആറന്മുള കണ്ണാടി, പരമ്പരാഗതമായി കൃഷിക്ക് ഉപയോഗിക്കുന്ന വസ്തുക്കള്‍, നാടന്‍ പെയിന്റിങ്ങുകള്‍ തുടങ്ങി ഒട്ടനവധി വസ്തുക്കള്‍ അണിനിരത്തിയിരുന്നു.
ശാസ്ത്രത്തിന്റെ നൂതനമായ വശങ്ങള്‍ പകര്‍ന്ന് നല്‍കി കുട്ടികള്‍ നടത്തിയ സയന്‍സ് എക്സിബിഷന്‍ കാണികളെ അമ്പരിപ്പിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ മാതൃകയുമായി ഒട്ടനവധി കെട്ടിട നിര്‍മ്മാണ രീതികളും പുതുതലമുറയെ പരിചയപ്പെടുത്തി. ഇടവക വികാരി ഫാ. ഷാജി മാത്യൂസ്, സഹവികാരി ഫാ. ലിനി ചാക്കോ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്ത അയച്ചത്: മനോജ് തോമസ്

Comments

comments

Share This Post

Post Comment