നൂറ്റാണ്ടുകള്‍ പഴക്കമുള്ള വരിഞ്ഞവിള പള്ളി പെരുന്നാളിന് കൊടിയേറി

???????????????????????????????

ചാത്തന്നൂര്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ള മതസാഹോദര്യത്തിന്റെ സംഗമ സമതല പുണ്യഭൂമിയായ വരിഞ്ഞവിള സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ തൃക്കൊടിയേറി.
തൃക്കൊടിയേറ്റിന് ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമി, മുസ്ളിം ജമാ അത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൌലവി, കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ എന്നിവര്‍ ചരിത്രപരമായ ചടങ്ങിന് നേതൃത്വം നല്‍കി. നടതുറക്കല്‍ ചടങ്ങ് അഭിവന്ദ്യ മെത്രാപ്പോലീത്താ നിര്‍വഹിച്ചു. വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും തിരുരൂപം വര്‍ഷത്തിലൊരിക്കല്‍ മാത്രം പൊതുദര്‍ശനത്തിന് തുറക്കുന്ന ചരിത്രപ്രസിദ്ധമായ ചടങ്ങിന് വിവിധ മതസ്ഥരായ നൂറുകണക്കിന് വിശ്വാസികള്‍ സംബന്ധിച്ചു.
തുടര്‍ന്നു നടന്ന സാംസ്കാരിക സമ്മേളനം ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമികള്‍ ഉദ്ഘാടനം ചെയ്തു. വരിഞ്ഞവിള പള്ളി മതസാഹോദര്യം കെട്ടിപ്പടുക്കുന്നതിന് കേരളത്തിന് മാതൃകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സഭ എല്ലാ മത വിഭാഗങ്ങളെയും സഹോദരങ്ങളെപ്പോലെ കരുതുന്ന പാരമ്പര്യമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്താ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
മതങ്ങള്‍ സ്നേഹത്തിനും സന്തോഷത്തിനും മുന്നോട്ടു പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൌലവി പറഞ്ഞു. വികാരി ഫാ. കോശി ജോര്‍ജ്ജ് വരിഞ്ഞവിള നന്ദി പ്രകാശിപ്പിച്ചു. സെപ്റ്റംബര്‍ 9 വരെ എല്ലാ ദിവസവും വിശുദ്ധ കുര്‍ബ്ബാനയും സന്ധ്യാനമസ്കാരവും ഉണ്ടായിരിക്കും. 8ന് വിശുദ്ധ കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ മെത്രാപ്പോലീത്താ നേതൃത്വം നല്‍കും.
സമാപന ദിവസമായ 9ന് വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തേമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നേതൃത്വം നല്‍കും. സമ്മേളനം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്യും. പ്രദക്ഷിണം, ശ്ളൈഹിക വാഴ്വ്, കുട്ടികള്‍ക്കുള്ള ആദ്യ ചോറൂട്ട്, നേര്‍ച്ച വിളമ്പ്, വരിഞ്ഞവിള ട്രസ്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസ-ചികിത്സാ സഹായ വിതരണം, വൈകിട്ട് 4ന് തൃക്കൊടിയിറക്കോടെ നടയടയ്ക്കും.

Comments

comments

Share This Post

Post Comment