എഴുപതിന്റെ അഴകില്‍ ഫാ. ഡോ. വര്‍ഗീസ് പ്ലാന്തോട്ടം കോര്‍ എപ്പിസ്കോപ്പ

Very Rev. Fr. Dr. Varghese Plamthottam

മാമരങ്ങളുടെ മര്‍മ്മരങ്ങളും പൂക്കളുടെ സുഗന്ധവും, കിളികളുടെ കളകളാരവവും പേറുന്ന പത്തനംതിട്ടയിലെ മനോഹരമായ മാക്കാന്‍കുന്ന് ഗ്രാമം.
സന്ധ്യാ സമയങ്ങളില്‍ പ്രാര്‍ഥനാ ഗീതങ്ങളും സങ്കീര്‍ത്തനത്തിന്റെ മാറ്റൊലിയും ഉയര്‍ന്നിരുന്ന പ്ലാന്തോട്ടത്തിന്റെ ഭവനം സമാധാന പ്രിയരും സഭാ സ്നേഹികളുമായിരുന്നു പ്ലാന്തോട്ടത്തില്‍ ജോര്‍ജിന്റെയും ചിന്നമ്മയുടെയും സീമന്ത പുത്രനായി 1944 ജൂലൈ 12-ാം തിയതി രാജന്‍ എന്ന പി. ജി. വര്‍ഗീസ് ജനിച്ചു. പഠനത്തില്‍ സമര്‍ത്ഥനായിരുന്ന രാജന്‍ ഗണിത ശാസ്ത്രത്തില്‍ ബിരുദം നേടി. തദവസരത്തില്‍ തന്റെ പിതാവിനൊപ്പം കര്‍തൃസേവനത്തില്‍ ഉത്സുകനാവുകയും അതിനുശേഷം തന്റെ പാത വൈദീക വൃത്തിയാണെന്ന് തിരിച്ചറിവോടെ വൈദീക പഠനത്തിനായി കോട്ടയം പഴയ സെമിനാരിയില്‍ ചേരുകയും ചെയ്തു. ഇതിനിടയില്‍ തനിക്കു ലഭ്യമായ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ ഉദ്യോഗം വേണ്ടെന്നു വച്ചു. യുവ ശെമ്മാശന്‍ സെമിനാരിയിലെ പഠനത്തോടൊപ്പം മാര്‍ ഏലിയാ കത്തീഡ്രലിലെയും ചെറിയ പളളിയിലെയും ക്വയര്‍ ലീഡറായും സേവനമനുഷ്ഠിച്ചു.
ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ജി.എസ്.ടിയും ബി.ഡിയും കരസ്ഥമാക്കി. കോണ്‍പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി.
1971 -ല്‍ രാജന്‍ ശെമ്മാശന്‍ പത്തനംതിട്ട ചെമ്പോത്തറ കുടുംബത്തിലെ കുമാരി ചെറിയാനെ വിവാഹം കഴിക്കുകയും അവര്‍ക്ക് ഓമന, ശോഭ, സോണി എന്നീ മൂന്ന് കുഞ്ഞുങ്ങള്‍ ജനിക്കുകയും ചെയ്തു. രണ്ടാമത്തെ മകള്‍ ശോഭയെന്ന സുന്ദര കുസുമം 11-ാം വയസില്‍ കര്‍തൃസന്നിധിയിലേക്ക് എടുക്കപ്പെട്ടു.
1971 ജൂണ്‍ 29 ന് വൈദീക പട്ടം സ്വീകരിച്ചു. പി. ജി. വര്‍ഗീസ് അച്ചനെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് പ്രഥമന്‍ ബാവാ തിരുമേനി, യുപിയിലെ കോണ്‍പൂരിലേക്കും ലക്നൌവിലുളള പ്രശ്നബാധിത പ്രദേശങ്ങളിലേക്കും അയച്ചു.
ആ യുവവൈദീകന്‍ അക്രൈസ്തവരുടെ ഇടയില്‍ തന്റെ വൈദീക വൃത്തി ആരംഭിച്ചു. ഇന്ന് വളര്‍ന്ന് പന്തലിച്ച കോണ്‍പൂരിലെ ദേവാലയത്തെ നട്ടുനനച്ചു വളര്‍ത്തിയത് ഈ യുവ വൈദീകനായിരുന്നു. അതിനുശേഷം കല്‍ക്കട്ട ഭദ്രാസനത്തിന്റെ കത്തീഡ്രല്‍ വികാരിയും എംജിഎം കോളേജിന്റെ ചെയര്‍മാനുമായി പ്രവര്‍ത്തിച്ചു.
അദ്ദേഹത്തിന്റെ മിഷനറി ജീവിതം ഒരു സ്ഥലത്തു മാത്രം ഒതുങ്ങി നിന്നില്ല. അത് ലോകത്തിന്റെ പല ഭാഗങ്ങളിലായി വിവിധ ഭാഷകളും സംസ്കാരങ്ങളിലുമുളള മനുഷ്യരിലേക്ക് ഇറങ്ങിച്ചെന്നു. അലഹബാദ്, ഭോപ്പാല്‍, ഭിലായ്, നൈജീരിയ, ഫാരിദാബാദ്, ദുബായ്, ഗാസിയാ ബാദ്, ന്യൂഡല്‍ഹി, നോയിഡ, മയൂര്‍ വിഹാര്‍, അമേരിക്ക എന്നിങ്ങനെ അത് പടര്‍ന്നു പന്തലിച്ചു. ഈ സ്ഥലങ്ങളിലെല്ലാം വികാരിയായും സ്കൂള്‍, കോളജ്, ഹോസ്പിറ്റല്‍ എന്നിവകളുടെ ചുമതലക്കാരനായും സേവനമനുഷ്ഠിച്ചു.
1997 -ല്‍ അമേരിക്കയിലെത്തിയ പി. ജി. വര്‍ഗീസച്ചന്‍ അവിടെയും സേവനോന്മുഖമായ പ്രവൃത്തനങ്ങളില്‍ വ്യാപൃതനായി. അമേരിക്കയില്‍ യോങ്കേഴ്സിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ വികാരിയായിരിക്കുമ്പോള്‍ ആ ദേവാലയത്തിനു വേണ്ടിയുളള സ്ഥലം വാങ്ങുകയും അന്നത്തെ അമേരിക്കന്‍ ഭദ്രാസനാധിപന്‍ ആ ദേവലയത്തിന് തറക്കല്ലിടുകയും ചെയ്തു.
2001 ല്‍ തന്റെ വൈദീക വൃത്തിയുടെ 30 -ാം വാര്‍ഷികത്തില്‍ മാത്യൂസ് മാര്‍ ബര്‍ണ്ണബാസ് മെത്രാപ്പോലീത്ത പ്ലാന്തോട്ടമച്ചനെ കോര്‍ എപ്പിസ്കോപ്പാ പദവിയിലേക്ക് ഉയര്‍ത്തി. അച്ചന്റെ നിസ്തൂല സേവനങ്ങളുടെയും ദൈവ ശാസ്ത്രത്തിലും സഭയുടെ ആചാരാനുഷ്ഠാനങ്ങളിലുളള അഗാധമായ പാണ്ഡിത്യത്തിന്റെയും പ്രത്യക്ഷമായ അംഗീകാരംമായിരുന്നു ഈ പദവി. ഇതോടൊപ്പം ന്യൂയോര്‍ക്കിലെ വ്ലാഡിമര്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കി.
ഡോ. വര്‍ഗീസ് പ്ലാന്തോട്ടം കോര്‍ എപ്പിസ്കോപ്പാ 2011 മെയ് മുതല്‍ ന്യൂയോര്‍ക്കിലുളള എല്‍മോസ് സെന്റ് ബസേലിയോസ് ദേവാലയത്തിന്റെ വികാരിയായി സേവനമനുഷ്ഠിക്കുന്നു. 43 വര്‍ഷങ്ങളായി സഭയെ നയിക്കുന്ന ആത്മീയ പിതാവാണ് അദ്ദേഹം. സുദീര്‍ഘമായ ഈ യാത്രയില്‍ വൈദീകന്‍, കൌണ്‍സിലര്‍, മിഷനറി, സോഷ്യല്‍ വര്‍ക്കര്‍, ലീഡര്‍, അധ്യാപകന്‍, അഡ്മിനിസ്ട്രേറ്റര്‍, ചെയര്‍മാന്‍, മാനേജര്‍ എന്നിങ്ങനെ വൈവിധ്യങ്ങളായ ചുമതലകള്‍ വഹിച്ചു. ഇതിലുപരി അദ്ദേഹം നല്ലൊരു സുഹൃത്തായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ വഴികാട്ടി. സ്വന്തം കഴിവുകളെ സമൂഹത്തിനുവേണ്ടി വിനിയോഗിക്കുകയും മറ്റുളളവരുടെ കഴിവുകളെ കണ്ടെത്തി അത് സമൂഹത്തിനു പ്രയോജനപ്പെടുത്തുവാന്‍ തക്കവണ്ണം അവരെ പ്രാപ്തരാക്കുകയും ചെയ്യുന്ന അച്ചന്റെ നേതൃത്വപാടവം പ്രശംസനീയം തന്നെ.
അച്ചന്‍ താന്‍ സ്വായത്തമാക്കിയ അറിവുകള്‍ വരും തലമുറയ്ക്കുകൂടി പ്രയോജനപ്പെടുത്തുവാന്‍ തക്കവണ്ണം എഴുത്തിന്റെ പാതയിലൂടെയും സഞ്ചരിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ മനസിലാക്കത്തക്കണവണ്ണം ഇംഗ്ലീഷില്‍ 5 പുസ്തകങ്ങള്‍ രചിച്ചു.
1. ദി ഹോളി കുര്‍ബാന 2. റിപ്പന്റന്‍സ്, കണ്‍ഫഷന്‍ ആന്റ് ഹോളി കമ്മ്യുണിയന്‍ 3. ലൈഫ് ബിയോണ്‍ഡ് ദി ഗ്രേവ് 4. ദി എഞ്ചല്‍സ് ആന്റ് ദെയര്‍ മിഷന്‍ 5. എ ഗൈഡ് ദി ഹോളിലാന്റ് എന്നിവയാണ് പുസ്തകങ്ങള്‍.
ഈ അഞ്ചു പുസ്തകങ്ങളുടെ പ്രകാശനവും അച്ചന്റെ വൈദിക വൃത്തിയുടെ 43-ാം വാര്‍ഷികവും സെപ്റ്റംബര്‍ 13 ന് നടത്തും. രാവിലെ 7.30 ന് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസിന്റെയും ഡോ. ഗിവര്‍ഗീസ് മാര്‍ യൂലിയോസിന്റെയും പ്രധാന കാര്‍മ്മികത്വത്തില്‍ സെന്റ് ബസേലിയോസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച്, എല്‍മൌണ്ട്, ന്യൂയോര്‍ക്കില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് സെന്റ് വിന്‍സെന്റ് ഡിപോള്‍ ചര്‍ച്ച്, 1500. ഡിപോള്‍ സ്ട്രീറ്റ്, എല്‍മൌണ്ട്, ന്യൂയോര്‍ക്ക്- 11003 ല്‍ വിപുലമായ ആഘോഷപരിപാടികളും ഒരുക്കിയിട്ടുണ്ട്.

Comments

comments

Share This Post

Post Comment