ന്യൂനപക്ഷ പീഡനം തടയാന്‍ നടപടി വേണം: ഓര്‍ത്തഡോക്സ് സഭ

Managing Commettee

കോട്ടയം: മധ്യപൂര്‍വദേശത്തു നടമാടുന്ന തീവ്രവാദ ആക്രമണവും ന്യൂനപക്ഷ പീഡനവും തടയാന്‍ നടപടികള്‍ കൈക്കൊള്ളുന്നതിന് രാജ്യാന്തര സമൂഹത്തെ പ്രേരിപ്പിക്കാന്‍ നടപടികളെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ മാനേജിംങ് കമ്മിറ്റി യോഗം പാസാക്കി.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ പഴയ സെമിനാരി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ വൈദിക ട്രസ്റി ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് ധ്യാനം നയിച്ചു. സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് അവതരിപ്പിച്ച റിപ്പോര്‍ട്ടും കണക്കും അംഗീകരിച്ചു.
പരിശുദ്ധ ഇഗ്നാത്തിയോസ് സക്കാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവാ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
ഒന്നാകണം എന്ന സന്ദേശമാണ് ഓണം നല്‍കുന്നതെന്നും സമത്വവും സാമൂഹിക നീതിയും പുലര്‍ത്തുന്ന സുന്ദര സമൂഹത്തെ കുറിച്ചുള്ള സങ്കല്‍പം മനോഹരമായൊരു മാതൃകയാണെന്നും കാതോലിക്കാ ബാവാ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. സമാധാനത്തിനുവേണ്ടിയാണ് എക്കാലവും ഓര്‍ത്തഡോക്സ് സഭ നിലപാട് എടുത്തിട്ടുള്ളത്. കാശ്മീര്‍ പ്രളയബാധിതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും കഴിയുന്ന വിധത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സഭാംഗങ്ങള്‍ സഹകരിക്കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍ദ്ദേശിച്ചു.
അടുത്ത മാനേജിംങ് കമ്മിറ്റി നവംബര്‍ 18ന് ചേരാന്‍ തീരുമാനിച്ചു. ഓള്‍ ഇന്ത്യാ മാനേജ്മെന്റ് അസോസിയേഷന്‍ അവാര്‍ഡ് നേടിയ മാമ്മന്‍ മാത്യു, എം.ജി. ജോര്‍ജ്ജ് മുത്തൂറ്റ് എന്നിവരെ യോഗം അനുമോദിച്ചു.

Comments

comments

Share This Post

Post Comment