മലങ്കര മെത്രാപ്പോലീത്തായുടെ അധികാരത്തെ ചോദ്യം ചെയ്യാനാകില്ല: സഭാ മാനേജിംങ് കമ്മിറ്റി

Maneging Committe

കോട്ടയം: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ പഴയ സെമിനാരി ഓഡിറ്റോറിയത്തില്‍ സഭാ മാനേജിംങ് കമ്മിറ്റി യോഗം കൂടി.
2013-14ലെ ബജറ്റില്‍ കവിഞ്ഞ ചെലവുകളുടെ സ്റേറ്റ്മെന്റ്, സമുദായ വരവു-ചെലവ് കണക്കുകളുടെ 2013-14ലെ തെരട്ടും, ഓഡിറ്റ് റിപ്പോര്‍ട്ടും, വാര്‍ഷിക റിപ്പോര്‍ട്ടും സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് അവതരിപ്പിച്ചത് വിശദമായ ചര്‍ച്ചയ്ക്ക് ശേഷം പാസാക്കി. ഇന്‍കംടാക്സ് റൂള്‍ പ്രകാരം ശേഖരിച്ച തുകകളുടെ ഉപയോഗം സംബന്ധിച്ച് പ്രമേയം യോഗം പാസാക്കി. സമുദായത്തിന്റെയും പരുമല സെമിനാരിയുടെയും 2014-15 ലേക്കുള്ള ഓഡിറ്ററായി റിജേഷ് ചിറത്തിലാട്ട് ആന്റ് അസോസിയേറ്റിന്റെ നിയമനം മാനേജിംങ് കമ്മിറ്റി അംഗീകരിച്ചു.
മെത്രാന്‍ ട്രാസ്ഫര്‍ സംബന്ധിച്ച് സഭാ മാനേജിംങ് കമ്മിറ്റി പാസാക്കിയ പ്രമേയം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ എല്ലാവരും ഉള്‍ക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിനായി പരിശുദ്ധ കാതോലിക്കാ ബാവാ നിയമിച്ച സമിതിക്ക് പൂര്‍ണ്ണ ആധികാരികത ഉള്ളതാണെന്നും മിനിറ്റ്സില്‍ രേഖപ്പെടുത്തി. ആ സമിതിയുടെ റിപ്പോര്‍ട്ട് ഒക്ടോബര്‍ 30ന് മുമ്പായി പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സമര്‍പ്പിക്കും. സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ തീരുമാനം എടുക്കുവാനായി നവംബര്‍ 18ന് വീണ്ടും പ്രത്യേക മാനേജിംങ് കമ്മിറ്റി കൂടും.
ജനങ്ങളും സുന്നഹദോസും രണ്ടാണെന്ന് വരരുത്. പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസും മാനേജിംങ് കമ്മിറ്റിയും ഒരേ അഭിപ്രായ ഐക്യത്തോടെ മുന്നോട്ടു പോകേണ്ടതിന്റെ ആവശ്യകത മുംബൈ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അടിവരയിട്ടു പറഞ്ഞു.
ചോദ്യോത്തര വേളയോടനുബന്ധിച്ചുള്ള ചര്‍ച്ചയില്‍ സഭാ മാനേജിംങ് കമ്മിറ്റിക്ക് മെത്രാപ്പോലീത്തമാരുടെ സ്ഥലംമാറ്റ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അധികാരമില്ലെന്ന രണ്ട് മെത്രാപ്പോലീത്തമാരുടേതായി വന്ന ലേഖങ്ങളും, അവയുടെ സാധുതയും, കാതോലിക്കാ സമന്മാരില്‍ മുമ്പെന്ന വാദവും ചര്‍ച്ച ചെയ്യപ്പെട്ടു.
അടുത്ത കാലത്തായി ചില മാധ്യമങ്ങളിലെ ചര്‍ച്ച കാതോലിക്കാ ബാവായുടെ അധികാരത്തെ കുറിച്ചാണ്. നിര്‍ഭാഗ്യവശാല്‍ കാതോലിക്കാ സമന്മാരില്‍ മുമ്പന്‍ മാത്രമാണ് എന്ന് ചിലര്‍ വാദിക്കുന്നത്. ഇത് ഭാവിയില്‍ സഭയ്ക്ക് ദോഷകരമായി ബാധിക്കും. മലങ്കര സഭയുടെ ഭരണഘടനയില്‍ മലങ്കര മെത്രാപ്പോലീത്തക്ക് ആര്‍ക്കും ചോദ്യം ചെയ്യാനാകാത്ത അധികാരം ഉണ്ടെന്നുള്ള ബാംഗ്ളൂര്‍ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്തായുടെ പ്രസ്ഥാവന കരഘോഷത്തോടെയാണ് മാനേജിംങ് കമ്മിറ്റിയംഗങ്ങള്‍ സ്വീകരിച്ചത്.

Comments

comments

Share This Post

Post Comment