മലങ്കര സഭയ്ക്ക് കോടികളുടെ പുണ്യം: കോരസണ്‍ വര്‍ഗീസ്

ഏറെ ശങ്കയോടെ കാതോലിക്കാ നിധി ശേഖരണത്തിനായി അമേരിക്കയിലേക്ക്‌ പോയ പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക്‌ കോടികളുടെ പുണ്യം.
പിരിവുകാരെക്കൊണ്ട്‌ പൊറുതി മുട്ടിയ അമേരിക്കൻ വിശ്വാസികൾ, അവർ അത്യദ്ധ്വാനം ചെയ്തു പടുത്തുയർത്തിയ ദേവാലയങ്ങൾ നില നിർത്താനുള്ള അതിവ്യയം, അമേരിക്കയിലെ പുതു തലമുറയ്ക്ക്‌ സഭാ നേതൃത്വത്തെക്കുറിച്ചുള്ള നിസംഗത, കാതോലിക്കാ ദിനപ്പിരിവിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം, ഇവയൊക്കെക്കാരണം മടിച്ചു മടിച്ചാണ്‌ പരിശുദ്ധ കാതോലിക്കാ ബാവായും സഭാ സെക്രട്ടറി ഡോ. ജോർജ്‌ ജോസഫും ഫിനാൻസ്‌ കമ്മറ്റി അദ്ധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്‌ മെത്രാപ്പോലീത്തായും, ഫാ. ഷാജി മുകടിയിലും അമേരിക്കയിൽ കാലുകുത്തിയത്‌.
ജെ.എഫ്‌.കെ. ഐയർപോർട്ടിലെ തണുത്ത സ്വീകരണവും , വേണമെങ്കിൽ വന്നു പിരിവു നടത്തിയിട്ടു പോകൂഎന്നു തോന്നുന്ന മുഖ ഭാവങ്ങളും അൽപ്പസ്വൽപ്പം ഈർഷയുള്ള നിൽപ്പും പരിശുദ്ധ പിതാവിനെയും സംഘത്തെയും ആശാങ്കാകുലരാക്കാതിരുന്നില്ല.
സൗത്ത്‌വെസ്റ്റ്‌ ഭദ്രാസനം ക്രമപ്പെടുത്തിയ ഭദ്രാസനതല സമ്മേളനം വൈദികരിലും വിശ്വാസികളിലും എത്രമാത്രം താത്പര്യം ഉളവാക്കിയെന്ന്‌ വിശേഷിപ്പിക്കേണ്ടി വന്നില്ല. അമേരിക്കൻ വിശ്വാസികൾ അനുഭവിക്കുന്ന കൊടും യാതനകളും, സാമ്പത്തിക പ്രതി സന്ധികളും ഒരു നൂറു ഡോളറിനായി എത്ര അദ്ധ്വാനിക്കണം എന്നു വിശദമാക്കിയ സ്വാഗത ആശംസകൾ കേട്ടപ്പോൾ നാട്ടിൽ നിന്നും നാട്ടിൽ നിന്നും പണം കൊണ്ടു വന്ന്‌ ഈ ദേവാലയങ്ങളെയും വൈദികരെയും സംരക്ഷിക്കേണ്ടി വരുമെന്ന്‌ തോന്നാതിരുന്നില്ല പരിശുദ്ധ പിതാവിന്‌. അത്തരം സഹായം ആവശ്യമുള്ളവർ തന്നെ സമീപിക്കണമെന്ന്‌ പരിശുദ്ധ പിതാവിന്‌ അവിടെ പറയേണ്ടി വന്നു.
യാഥാർത്ഥ്യങ്ങളുടെ നടുവിൽ പുകമറ സൃഷ്ടിച്ച്‌ മലങ്കര സഭ എന്നും അമേരിക്കൻ വിശ്വാസികളെ കറവപ്പശുക്കളാക്കുന്നു എന്ന ധ്വനി എവിടെയും നിറഞ്ഞു നിന്നു. എന്നാൽ ഇതൊന്നുമല്ല സാധാരണ വിശ്വാസികളുടെ വീക്ഷണമെന്ന്‌ അവർ നേരിട്ടു നൽകിയ സംഭാവനകൾ വിളിച്ചു പറഞ്ഞു. ടാർഗറ്റ്‌ തുക ഒരു ശിക്ഷണ ഭാവത്തോടെ കാണാതെ ഒരു ലക്ഷ്യത്തിനുള്ളതെന്ന്‌ ഉൾക്കൊണ്ട്‌ സഭയുടെ പ്രധാനപ്പെട്ട ഈ ധന ശേഖരണത്തെ കാണണമെന്ന്‌ സഭാ സെക്രട്ടറിയും ക്രിസോസ്റ്റമോസ്‌ മെത്രാപ്പോലീത്തായും പറഞ്ഞത്‌ വിശ്വാസികൾ ചെവിക്കൊണ്ടു.
പിന്നീട്‌ അറ്റ്ലാന്റാ, ഡിട്രോയിറ്റ്‌, ഫ്ളോറിഡാ, വാഷിംഗ്ടൺ ഡിസി തുടങ്ങിയ ഇടങ്ങളിലുള്ള ഇടവക സന്ദർശനം. എവിടെയും ,മലങ്കരയുടെ പ്രിയങ്കരനായ പരിശുദ്ധ പിതാവിനെ കാണുവാൻ വൈദികരും വിശ്വാസികളും ഓടിക്കൂടി. കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ പിതാവിനെ ഒരു നോക്കു കാണുവാൻ, ഒരു വാക്കു കേൾക്കുവാൻ വിശ്വാസികൾ കത്തിച്ച മെഴുകുതിരികളുമായി കാത്തു നിന്നു. പൗരാണികമായ തങ്ങളുടെ വിശ്വാസത്തിന്റെ കാവൽ പുരുഷനാണ്‌ ഈ നിൽക്കുന്നതെന്ന്‌ പുരുഷന്മാർ കുട്ടികളോടു മന്ത്രിച്ചു.ശിരോവസ്ത്രം ധരിച്ച സ്ത്രീകൾ ദിവ്യ ഭാവത്തോടെ തങ്ങളുടെ കുട്ടികളെ ചേർത്തു നിർത്തി പരിശുദ്ധ പിതാവിന്റെ മുമ്പിൽ നമ്ര ശിരസ്കരായി നിന്നു. “ ബാവാ തിരുമേനിയെ കാണാൻ എന്തു ഭംഗി” കുട്ടികൾ അടക്കം പറഞ്ഞു.വൈദികർ ദിവ്യനുഭൂതിയിൽ പ്രാർത്ഥനാ നിരതരായി.; തങ്ങളുടെ ആത്മീയ തലവന്റെ ദിവ്യ ശോഭയുടെ പ്രാഭവം അടുത്തറിഞ്ഞു.നിഷ്ക്കളങ്കതയും, നൈർമ്മല്യവും, സന്തോഷവും നിറഞ്ഞ ബാവായുടെ പ്രസംഗം അവരുടെ ഹൃദയത്തിൽ ആഴത്തിലേക്കിറങ്ങി.
ന്യൂയോർക്കിൽ നിന്നും മൂന്നു മണിക്കൂറോളം അകലെ ഫിലാഡൽഫിയായിലെ ഉൾനാടൻ പ്രവിശ്യയിലുള്ള സെന്റ്‌ ജോൺസ്‌ ദേവാലയത്തിൽ നടന്ന നോർത്ത്‌ഈസ്റ്റ്‌ അമേരിക്കൻ ഭദ്രാസന വൈദിക സമ്മേളനത്തിന്റെ അനുഗ്രഹകരമായ രണ്ടു ദിനങ്ങൾ. പാകപ്പെടുത്തിയതും മുൻ കൂട്ടി ചിട്ടപ്പെടുത്തിയതുമായ ചില സംഭാഷണങ്ങൾ ദുഖിപ്പിക്കാതിരുന്നു എന്നു പറഞ്ഞാൽ ശരിയാവില്ല. താൻ അദ്ധ്യക്ഷനായിരുന്ന സഭാ മാനേജിംഗ്‌ കമ്മറ്റിയിൽ ചർച്ച ചെയ്യപ്പെട്ട മെത്രാപ്പോലീത്താമാരുടെ ട്രാൻസ്ഫർ വിഷയം ചിലരുടെ മാത്രം സ്വാർത്ഥ ചിന്തയിൽ ഉയർന്നതാണെന്ന ഒരു പുതിയ തലമുറ വൈദികന്റെ പരാമർശം, ട്രേഡ്‌ യൂണിയൻ നേതാവിന്റെ ഭാഷ്യത്തിൽ ഇടവകമെത്രാപ്പോലീത്തായോട്‌ ആശ്രിത മനോഭാവമുളവാക്കുന്ന വൈദികന്റെ ഭീഷണി സ്വരം, മലങ്കര സഭാദ്ധ്യക്ഷൻ പിരിവിനായി ചുറ്റിത്തിരിയുന്നതു ഭൂഷണമല്ല എന്ന ഒരു വന്ദ്യ കോറെപ്പിസ്കോപ്പായുടെ ആശങ്ക, അപ്പൊസ്തോലിക സന്ദർശനം ആവശ്യമില്ലെന്നും, നാട്ടിൽ നിന്നും വിട്ടു നിന്നു വിശ്രമിക്കാൻ മാത്രമുള്ള സന്ദർശനമെ ആവശ്യമുള്ളെന്നും കൽപ്പന എഴുതിയയച്ചാൽ മതി തുക ഞങ്ങൾ നാട്ടിൽ എത്തിച്ചുകൊള്ളാം എന്നു തുടങ്ങിയ ഉത്ത്രവാദിത്വപ്പെട്ടവരുടെ വാദമുഖങ്ങൾ ചൊടിപ്പിക്കുന്നവയായിരുന്നെങ്കിലും നിശ്ചയ ദാർഢ്യത്തോടെ പാകപ്പെടുത്തിയ ബവാ തിരുമനതിരുമനസിനെ ലേശവും തളർത്തിയില്ല.
അധികം ആളുകളും പള്ളികളും ഉള്ള ന്യൂയോർക്ക്‌ ഏരിയായിൽ നിന്നും ദൂരത്തേക്കു സമ്മേളനം മാറ്റി വച്ചതും പത്തു മണിക്ക്‌ ആരംഭിക്കേണ്ട യോഗം 12 മണി വരെ ദീർഘിപ്പിച്ചതും മനപ്പൂർവ്വം. ആളുകൾ എത്താതിരിക്കാനും എത്തിയവർക്ക്‌ പരിശുദ്ധ ബാവായുമായി ഇടപഴകുവാനും അവസരം നിഷേധിക്കാൻ ആസൂത്രിത ശ്രമമായിരുന്നു എന്നു പരക്കെ സംസാരം. പരുമല സെമിനാരിയെക്കുറിച്ച്‌ സംസാരിക്കുവാൻ ബാവായോടൊപ്പം എത്തിയ ഫാ. ഷാജി മുകടിയിലിനെ വേദിയിൽ പോലും പ്രവേശിപ്പിക്കാതെ ഭദ്രാസന കൗൺസിൽ അംഗങ്ങളെ കുത്തി നിറച്ച്‌ ഇരുത്തുകയും സഭാ സെക്രട്ടറി ഡോ. ജോർജ്‌ ജോസഫിന്റെ നിർദ്ദേശങ്ങളെ നിഷ്കരുണം തള്ളിക്കളഞ്ഞ ഇടവക മെത്രാപ്പോലീത്തായുടെ നടപടികളിൽ ജനം രോഷം കൊണ്ടു. ഇതര ഭദ്രാസനങ്ങളിലെല്ലാം പരിശുദ്ധ ബാവായുമായി സംവദിക്കുവാൻ അവസരങ്ങൾ ഉണ്ടെങ്കിലും ഇവിടെ അത്‌ നിഷേധിക്കപ്പെട്ടത്‌ ഭദ്രാസന നേതൃത്വം ജനങ്ങളെ ഭയക്കുന്നു എന്ന പ്രതീതിയാണുളവാക്കിയത്‌.
താൻ തടവുകാരനെപ്പോലെ അരമനയിൽ ബന്ധനസ്ഥനാക്കപ്പെടുകയായിരുന്നു മുൻ കാലങ്ങളിൽ, ഇത്തവണ സ്വന്തം ചിലവിൽ എത്തിയത്‌ ജനങ്ങളുമായി നേരിട്ട്‌ ഇടപഴകുവാനാണ്‌ എന്ന പരിശുദ്ധ പിതാവിന്റെ പ്രസ്താവന ജനം ആകാക്ഷാപൂർവ്വം കാത്തിരുന്നെങ്കിലും , ഹൈക്കലായുടെ മുന്നിലേക്ക്‌ പരിശുദ്ധ പിതാവിനെ ഇറങ്ങാൻ അനുവദിക്കുകയോ ജനങ്ങളുമായി സംസാരിക്കുവാൻ സാധ്യത കൊടുക്കുകയോ ചെയ്യാതെ ഭദ്രാസന മെത്രാപ്പോലീത്താ കാത്തു സൂക്ഷിച്ചു. സഭാ സ്നേഹികൾക്ക്‌ ആർക്കും കടന്നുവരാം എന്ന പരിശുദ്ധ ബാവായുടെ കൽപ്പനയ്ക്ക്‌ പകരം ഇടവക വികാരിയും സെക്രട്ടറിയും ട്രസ്റ്റിയും മാത്രം ചെല്ലുക എന്ന ഭദ്രാസന മെത്രാപ്പോലീത്തായുടെ കൽപ്പന പള്ളികളിൽ വായിച്ചതും , യോഗത്തിനു മുമ്പ്‌ വികാരിമാരും ഇടവക സ്ഥാനികളും മാത്രം സമ്മേളനത്തിൽ ഇരിക്കണമെന്നുമുള്ള ഭദ്രാസന സെക്രട്ടറിയുടെ നിർദ്ദേശവും ഒട്ടൊന്നുമല്ല ആളുകളിൽ സംശയം ഉളവാക്കിയത്‌. ആരാണ്‌ ഭദ്രാസനത്തിന്റെ യഥാർത്ഥ ഭരണാധികാരി? മെത്രാപ്പോലീത്തായും അമേരിക്കൻ ആർച്ച്‌ പാസ്റ്ററൽ അധികാരിയുമായ സഖറിയാ മാർ നിക്കൊളോവോസ്‌ എന്നാണ്‌ ലെറ്റർ ഹെഡിൽ ഉപയോഗിക്കുന്നത്‌. ഇത്‌ മലങ്കരയുടെ രീതിയല്ല. മാടമ്പിമാർ പ്രബലന്മാരായി തീരുമ്പോഴാണ്‌ രാജാവ്‌ ദുർബ്ബലനാകുന്നത്‌.
കാതോലിക്കാ നിധി ശേഖരണത്തിനു ശേഷം ഇടവക മെത്രാപ്പോലീത്താ നന്ദി പ്രകാശന വേളയിൽ ഉയർത്തിയ ശബ്ദവും ഭാഷ്യവും വൈദികരെയും വിശ്വാസികളെയും മുൾമുനയിൽ നിർത്തി. തനിക്ക്‌ പറയാനുള്ളതെല്ലാം പറഞ്ഞശേഷം സമ്മേളനം അവസാനിപ്പിച്ചെങ്കിലും ഉച്ച പ്രർത്ഥനയ്ക്ക്‌ തയ്യാറാക്കി നിർത്തിയിരുന്ന ആശ്രിത വൈദികനെ തടഞ്ഞ്‌ പരിശുദ്ധ പിതാവ്‌ എഴുന്നേറ്റു. കയ്യിൽ ഉപയോഗിക്കുന്ന മൈക്കുകളെല്ലാം അപ്പൊഴേക്കും അപ്രത്യക്ഷമായിരുന്നു. ആകെയുണ്ടായിരുന്ന പോടിയത്തിലേക്ക്‌ പരിക്ഷീണിതനായിരുന്ന പിതാവ്‌ ഓടി അടുത്തു. പിന്നെ അവിടെ നടന്നത്‌ സമ്മിശ്രമായ പ്രതികരണങ്ങളായിരുന്നു. ജനം അതു പ്രതീക്ഷിച്ചിരുന്നെന്ന്‌ അവരുടെ പ്രതികരണങ്ങളിൽ പ്രകടമായി.
അനുഭവങ്ങളിലൂടെ സ്ഫുടം ചെയ്ത, തിരിച്ചറിവുകളിലൂടെ ആർജ്ജിച്ച, നേർ ഭാഷയുടെ കല്ലും കവണിയും അതിന്റെ ആഘാതവും തീക്ഷ്ണതയും പരിശുദ്ധ പിതാവിൽ നിന്നും പുറപ്പെട്ടപ്പോൾ വൈദികരും ജനങ്ങളും ആർപ്പു വിളിച്ചു. തന്റെ പരിമിതികൾ തിരിച്ചറിയുന്ന പെരുവിലിൽ നിന്നു പെരുമ കാണാൻ ശ്രമിക്കുന്ന മലങ്കരയുടെ വലിയ ഇടയന്റെ മുഖം കണ്ട്‌ കൗതുകത്തോടെ ജനം പറഞ്ഞു; മലങ്കര സഭ ദൈവത്തിന്റെ പ്രിയ സഭയാണ്‌, അതാണ്‌ ഈ മഹാപുരോഹിതനെ ദൈവം നമുക്ക്‌ അദ്ധ്യക്ഷനായി നൽകിയത്‌.
എത്ര തടുത്തു നിർത്തിയാലും, ഇകഴ്ത്തിയാലും മലങ്കര മെത്രാപ്പോലീത്തായും കിഴക്കിന്റെ കാതോലിക്കായുമായ മർത്തോമ്മായുടെ പിൻഗാമി മലങ്കര സഭാ വിശ്വാസികളുടെ വികാരമാണ്‌, ആത്മാവാണ്‌ എന്നു തെളിയിക്കുന്നതായിരുന്നു അമേരിക്കയിലെ കാതോലിക്കാ നിധിശെകരണം. 2013ൽ കേവലം 38 ലക്ഷം രൂപാ സ്വരൂപിച്ച കാതോലിക്ക നിധി ശേഖരണം പരിശുദ്ധ പിതാവിന്റെ സാന്നിധ്യം മൂലം ഒരു കോടിയിൽ കവിഞ്ഞു എന്നത്‌ സഭയോട്‌ വിശ്വാസികൾക്കുള്ള വികാരമായിരുന്നു. വൈദികരുടെ ആത്മാർത്ഥമായ പ്രവർത്തനഫലം.
ഇരു ഭദ്രാസനങ്ങളിൽ നിന്നുമായി 2 കോടി രൂപാ രണ്ടാഴ്ചക്കകം ശേഖരിച്ച്‌ കോടികളുടെ പുണ്യവുമായാണ്‌ പരിശുദ്ധ കാതോലിക്കാ ബാവാ നാട്ടിലേക്ക്‌ മടങ്ങിയത്‌. ഏതാനും വർഷങ്ങൾക്ക്‌ മുൻപ്‌ ആകെ ഒരു കോടി രൂപാ ശേഖരിച്ചിരുന്ന അവസ്ഥയിൽ നിന്നും കാതോലിക്കാ നിധി 10 കോടിയാക്കി വർദ്ധിപ്പിക്കുവാൻ സഭയ്ക്ക്‌ കഴിഞ്ഞത്‌ യുവത്വം തുടിക്കുന്ന സഭാ സെക്രട്ടറി ഡോ. ജോർജ്‌ ജോസഫിന്റെ നിശ്ചയദാർഢ്യമാണെന്നത്‌ തുറന്ന്‌ പറയാൻ പരിശുദ്ധ പിതാവ്‌ മടി കാണിച്ചില്ല. ഇരു കയ്യും കൂപ്പി ജനത്തെ തന്റെ സ്നേഹം അറിയിച്ച്‌, നന്മകൾ നേർന്നപ്പോൾ വൈദികരും ജനങ്ങളും സഭാ തലവന്റെ സ്നേഹത്തിൽ വീർപ്പു മുട്ടി.
കാതോലിക്കാ ബാവാ സംസാരിക്കുന്നു
ഞാൻ നിങ്ങളോട്‌ നേരിട്ടു വന്ന്‌ ചോദിച്ചിരുന്നില്ല; നിങ്ങൾ തന്നിരുന്നുമില്ല. മലങ്കര മെത്രാപ്പോലീത്തായുടെ പഴയ ഒരു അമേരിക്കൻ ഭദ്രാസന സന്ദർശനത്തിന്റ്‌ യാത്രച്ചിലവ്‌ കുറെ വർഷങ്ങൾ നിങ്ങൾ തട്ടിക്കളിച്ചത്‌ ഞാൻ മറന്നിട്ടില്ല
മലങ്കസഭയുടെ കാതോലിക്കായെ അമേരിക്കയിൽ ഇങ്ങനെയോ യാത്രയയക്കുന്നത്‌; ഇതു യാത്രയയപ്പല്ല; മറിച്ച്‌ കയറ്റിയയക്കലാണ്‌ മാർ ക്രിസോറ്റമോസ്‌
ലേഖകൻ നോർത്ത്‌ഈസ്റ്റ്‌ അമേരിക്കൻ ഭദ്രാസനത്തിൽ നിന്നുള്ള സഭാ മാനേജിംഗ്‌ കമ്മറ്റിയംഗമാണ്‌

Comments

comments

Share This Post