മാര്‍ത്തോമ്മാ ശ്ളീഹായുടെ രക്തസാക്ഷിത്വ മണ്ണില്‍ മലങ്കര സഭയ്ക്ക് അഭിമാനമായി ഒരു ദേവാലയം

St. Thomas Mount Orthodox Church, Chennai

ചെന്നൈ: ഭാരതത്തിന്റെ അപ്പോസ്തോലനും മലങ്കര സഭയുടെ കാവല്‍ പിതാവുമായ വിശുദ്ധ മാര്‍ത്തോമ്മാ ശ്ളീഹാ കുന്തമേറ്റ് രക്തസാക്ഷിത്വം വരിച്ച മദ്രാസ് സെന്റ് തോമസ് മൌണ്ടില്‍ മലങ്കര സഭയ്ക്ക് ഒരു പുതുദേവാലയം കൂദാശയ്ക്കായി ഒരുങ്ങുന്നു.
മദ്രാസ് ഭദ്രാസനത്തിന്റെ കീഴില്‍ മാര്‍ത്തോമ്മന്‍ ഗിരി സെന്റ് മേരീസ് ചാപ്പല്‍ എന്ന പേരിലാണ് പുതിയ ദേവാലയം നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഒക്ടോബര്‍ 24, 25 തീയതികളില്‍ ദേവാലയത്തിന്റെ കൂദാശയ്ക്ക് മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. ചെന്നൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്താ, മുന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ എന്നിവര്‍ കൂദാശയ്ക്ക് സഹകാര്‍മികത്വം വഹിക്കും.
എ.ഡി.-52ല്‍ കേരളത്തിലെത്തിയ തോമ്മാശ്ളീഹാ എ.ഡി.-72ല്‍ കുന്തംകൊണ്ടുള്ള കുത്തേറ്റ് വീരമൃത്യു വരിച്ച മദ്രാസിലെ പറങ്കിമല സെന്റ് തോമസ് മൌണ്ടിന് തൊട്ടടുത്തായാണ് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പുതിയ ദേവാലയം. 1724ല്‍ പറങ്കിമലയുടെ മുകളില്‍ എത്തുന്നതിനുവേണ്ടി പണികഴിപ്പിച്ച നടകള്‍ ആരംഭിക്കുന്നതിടുത്ത് പണിത പുതിയ ദേവാലയം മദ്രാസ് ബ്രോഡ് വേ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ അണിയിച്ചൊരുക്കി സഭയ്ക്ക് സമര്‍പ്പിക്കുന്നു. ദേവാലയ കൂദാശയുടെ ക്രമീകരണങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ഇടവക വികാരി ഫാ. ജിജി മാത്യു അറിയിച്ചു.
മാര്‍ത്തോമ്മാ ശ്ളീഹായുടെ രക്തസാക്ഷിത്വ മണ്ണില്‍ ഒരു ദേവാലയമെന്ന മലങ്കര സഭയുടെ ചിരകാല സ്വപ്നമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുക.

Comments

comments

Share This Post