പരിശുദ്ധ പരുമല തിരുമേനി; മലങ്കര സഭയുടെ തേജോമയന്‍: ഫാ. അലക്സാണ്ടര്‍ പി. ഡാനിയേല്‍

പരിശുദ്ധായ പരുമല തിരുമേനിയുടെ 112-ാം ഓര്‍മപ്പെരുന്നാള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തീര്‍ത്ഥാടന കാലവും പരമമായ ആനന്ദലബ്ദയുടെ സാഷാല്‍ക്കാരവും ആയിട്ടാണ് വിശ്വാസ സമൂഹം ഗണിക്കപ്പെട്ടുക്കൊണ്ടിരിക്കുന്നത്. ആരുടെയും പ്രേരണ കൂടാതെ സ്വഅനുഭവത്തിലൂടെ പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടത്തിലേക്ക് മലങ്കരയുടെ നാനാഭാഗത്തു നിന്നും സഭാവിശ്വാസികളും നാനാജാതിമതസ്ഥരായ ജനങ്ങളും ഒഴുകിവരുന്ന അവസരം വരുന്നവര്‍ക്കും അപേക്ഷിക്കുന്നവര്‍ക്കും നേര്‍ച്ചക്കാഴ്ച സമര്‍പ്പിക്കുന്ന അടുത്തും അകലത്തിലുമായിട്ടുള്ള അനേകരുടെ സമാശ്വാസത്തിന്റെ ദിനങ്ങളാണിത്. വാമൊഴിയായോ വരമൊഴിയായോ മാത്രമുള്ള അറിവിന് അപ്പുറമായി തിരുമേനിയുടെ മദ്ധ്യസ്ഥതയില്‍ ലഭ്യമായിട്ടുള്ള അനുഗ്രഹമാണ് ഈ ജനസാന്ദ്രതയുടെ അടിസ്ഥാനം. തീര്‍ത്ഥാടനത്തിന്റെ കേന്ദ്രബിന്ദു തീര്‍ത്ഥാടകരാകുന്നു. തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹവും അശ്വാസവും ലഭ്യമാകുന്നു എങ്കില്‍ മാത്രമേ അഗ്നലളിതമായ ഒരു ജനപ്രവാഹം സംഭവിക്കുന്നുള്ളു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പരുമല തിരുമേനിയുടെ കബറിടം.
ആരും ആരെയും പ്രേരിപ്പിക്കുന്നില്ല ഈ തീര്‍ത്ഥാടനത്തില്‍, ആരുടെയും വ്യക്തിരക്തമായ എന്തെങ്കിലും ഉള്‍ച്ചേര്‍ത്ത് ഈ പെരുന്നാളിനെ മേളമലിമസ്സമാക്കുന്നതുമില്ല. കാരണം തന്റെ ഈ ലോക ജീവിതം ദൈവ ആലോചനയിലൂടെ നയിക്കുകയും നയിക്കപ്പെടുകയും തന്നില്‍ ഏല്‍പ്പിക്കപ്പെട്ടവരെ നന്നായി ശുശ്രൂഷിക്കുകയും യഥാവിധം വിശ്വാസപാതയില്‍ വരെ ബലപ്പെടുത്തുകയും വിനയത്തിന്റെയും ലാളിത്യത്തിന്റെയും മാതൃകയിലൂടെ അനേകര്‍ക്ക് വെളിച്ചം ഏകുകയും, ക്രിസ്തുമാര്‍ഗ്ഗം മാറ്റമില്ലാതെ ജീവിത ശൈലിയായി സ്വീകരിച്ചുകൊണ്ട് തന്റെ കര്‍ത്തവ്യം പൂര്‍ത്തീകരിക്കുകയുമായിരുന്നു.
പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ മലങ്കര സഭയ്ക്ക് കേവലം വെറുമൊരു പെരുന്നാളായി ചുരുക്കുവാന്‍ മാത്രം സാധിക്കയില്ല, കാരണം തന്റെ പ്രേഷിത പ്രവൃത്തിയുടെ കാലഘട്ടത്തില്‍ അത്മാവിലും സത്യത്തിലും സഭയെ നയിക്കുകയും നന്മയുടെ പൊന്‍വെട്ടം ശത്രുവിനും മിത്രത്തിനും നല്‍കുകയും, അതിനുവേണ്ടി സമൂഹത്തില്‍ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് നല്ല അവബോധത്തോടെ, ജനത്തിനുവേണ്ടി മാതൃകയായി പ്രവര്‍ത്തിക്കുകയും, സാമൂഹിക പുരോഗതിക്ക് ആവശ്യമായ തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും മുന്നിട്ട് പ്രവര്‍ത്തിക്കുകയും ചെയ്തു. ഇത് കേവലം ഏതെങ്കിലും ഒരു സമൂഹത്തിനുവേണ്ടി മാത്രമായിരുന്നില്ല മറിച്ച് വര്‍ഗവര്‍ണ്ണ വ്യത്യാസങ്ങള്‍ക്ക് അപ്പുറമായി പ്രാവര്‍ത്തികമാക്കി എന്നതായിരുന്നു വസ്തുത. സാംശീകരിക്കേണ്ടത് സാംശീകരിച്ച് സ്വായത്തമാക്കുക എന്നതായിരുന്നു പരുശുദ്ധ പരുമല തിരുമേനി തന്റെ അജപാല ശുശ്രൂഷയില്‍ അനുവര്‍ത്തിച്ച മാര്‍ഗ്ഗം. കാടും, മേടും താണ്ടിയും കാട്ടുമൃഗങ്ങളും, പ്രകൃതി ദുരന്തങ്ങളെയും മാറാരോഗങ്ങളിലും ആശ്വാസമായി തന്റെ ജനതയുടെ ജീവിത ലക്ഷ്യം പൂര്‍ത്തീകരിച്ചുകൊണ്ടായിരുന്നു അദ്ദേഹം ജീവിച്ചത്.
19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിലും വളരെവേഗം പൂര്‍ത്തീകരിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ ആയിരുന്നില്ല, മറിച്ച് വലിയ ക്ഷമയോടും നിരന്തരമായ പ്രാര്‍ത്ഥനയോടും കൂടിയായിരുന്നു തന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയിരുന്നത്. അതുമൂലം സഭയ്ക്ക് പുതിയ ദിശാബോധം തലമുറകള്‍ക്കായി കൈമാറുകയിയിരുന്നു ചെയ്തത്. ഇന്നും പരുമല തിരുമേനി തീര്‍ത്ഥാടകരുടെ പ്രതീക്ഷയാണ്. വേദനയോടെ വരുന്ന അനേകര്‍ക്ക് ഈ കബറിടം ശാശ്വതപരിഹാരമായി തീരുന്നു. അവിടിനിന്ന് ലഭിക്കുന്ന മദ്ധ്യസ്ഥത ആനന്ദം നല്‍കുന്നതും ആത്മവിശ്വാസം തരുന്നതുമായ ഒരു സങ്കേതമാകുന്നു. അനേകരുടെ രോഗങ്ങളും പറഞ്ഞറിയിക്കാന്‍ പറ്റാത്ത വേദനകളും ഇറക്കിവയ്ക്കുന്ന വലിയ സന്നിധിയാകുന്നു ഈ സന്നിധാനം. ലക്ഷങ്ങളുടെ ഒഴുക്ക് ഈ വസ്തുതകള്‍ എല്ലാം സാധൂകരിക്കുകയും ചെയ്യുന്നു. കാരണം മനുഷ്യന്റെ അസ്വസ്ഥതകളാണ് അവന്റെ ജീവിത പിരിമുറുക്കത്തിന്റെ കാരണം, സര്‍വ്വവും യേശുവിനായി സമര്‍പ്പിച്ച പരിശുദ്ധ പരുമല തിരുമേനി ദൈവസന്നിധിയില്‍ നിന്ന് കൃപകളും കരുണകളും തന്റെ മദ്ധ്യസ്ഥത ആഗ്രഹിക്കുന്നവര്‍ക്ക് ലഭിക്കുവാന്‍ തക്കവണ്ണം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. ഓരോ മനുഷ്യനും അനുഭവിക്കുന്ന അവാച്യമായ അനുഭൂതിയാണ് ഈ കബറിടത്തിന്റെ മുഖ്യ ശക്തി. ഇത് വെറും ശക്തിയല്ല, മറിച്ച് ദൈവവുമായി തന്റെ പ്രവര്‍ത്തനത്തെ ഉപാസിച്ച വ്യക്തിക്ക് ലഭിക്കുന്ന ദൈവതേജസ്സാണിത്. ആത്മീയമായ വളര്‍ച്ചയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ സ്ഥാനം മനുഷ്യഗണനിയമല്ല, കാരണം കണ്ണ് കണ്ടിട്ടില്ലാത്തതും, ചെവികൊണ്ട് കേട്ടിട്ടില്ലാത്തതുമായ ഒരു അവസ്ഥയാണിവിടെ നമ്മെ ധസൃമാക്കുന്നത്. ദൈവതേജസ്സിലേക്ക് വളര്‍ന്നു മറ്റുള്ളവരെ വെളിച്ചത്തിലേക്ക് നയിക്കുകയും ചെയ്യുന്ന വ്യക്തിയാണ് തേജോമയന്‍.
പരിശുദ്ധ പരുമല തിരുമേനി ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്നു മാത്രം ഉരുവിട്ടാല്‍, സത്യവിശ്വാസിയുടെ ആത്മീയതയുടെ പൂര്‍ണ്ണത ഇവിടെ സംഭവ്യമായിത്തീരുന്നു.

Comments

comments

Share This Post