വട്ടുള്ളി പള്ളി തര്‍ക്കം ഒത്തുതീര്‍ന്നു; 40 വര്‍ഷമായി പൂട്ടിയ പള്ളി തുറക്കുന്നു

Chelakkara

ചേലക്കര: വട്ടുള്ളി സെന്റ് ജോര്‍ജ്ജ് താബോര്‍ക്കുന്ന് ദേവാലയത്തില്‍ 40 വര്‍ഷങ്ങള്‍ നീണ്ട സഭാ തര്‍ക്കത്തിനുശേഷം ഇനി പള്ളിമണി മുഴങ്ങും; കുന്തിരിക്കത്തിന്റെ ഗന്ധം നിറയും.
തൃശൂര്‍ ചേലക്കര പഞ്ചായത്തിലെ വട്ടുള്ളി സെന്റ് ജോര്‍ജ്ജ് താബോര്‍ക്കുന്ന് പള്ളിയാണ് വര്‍ഷങ്ങളായുള്ള തര്‍ക്കം പരിഹരിക്കപ്പെട്ടശേഷം തുറക്കുന്നത്. ഓര്‍ത്തഡോക്സ്, പാത്രിയര്‍ക്കീസ് വിഭാഗങ്ങള്‍ ആരാധനാവകാശം ഉന്നയിച്ചുള്ള തര്‍ക്കങ്ങളില്‍ കുരുങ്ങിയിരിക്കുകയായിരുന്നു വട്ടുള്ളി പള്ളിയും.
1975ല്‍ സഭാതര്‍ക്കത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയ പള്ളിയും അനുബന്ധ സ്വത്തുക്കളും ആര്‍.ഡ.ഒ. ഏറ്റെടുക്കുകയായിരുന്നു. ആരാധനാലയത്തിന്റെ അവകാശം ഉന്നയിച്ച് ഇരുവിഭാഗവും വര്‍ഷങ്ങളായി കേസും കോടതിയുമായി ഇറങ്ങിത്തിരിച്ചതായിരുന്നു. ആരാധനാലയം ഇല്ലാതായതോടെ ഇവിടുത്തുകാര്‍ തങ്ങളുടെ സഭകളുടെ അനുവാദത്തോടെ പുതിയ പള്ളികള്‍ നിര്‍മ്മിച്ച് ആരാധന നടത്തി. ഇതിനിടയില്‍ നിരവധി തവണ അനുരഞ്ജ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അങ്ങനെയിരിക്കെയാണ് ഓര്‍ത്തഡോക്സ് സഭയുടെ പള്ളി വികാരി ഫാ. ബേബി പോള്‍ പൂക്കുന്നേല്‍, ട്രസ്റി കെ.പി. ഷാജി കാവിക്കുന്നേല്‍, സെക്രട്ടറി ബിനോയി കൊച്ചാന്‍കുടിയില്‍ എന്നിവരും, പാത്രിയര്‍ക്കീസ് സഭയുടെ പള്ളി വികാരി ഫാ. റെജി കുഴിക്കാട്ടില്‍, ട്രസ്റി മത്തായി പൊത്താല്‍, സെക്രട്ടറി വര്‍ഗീസ് നെല്ലിക്കല്‍ എന്നിവരും ചേര്‍ന്ന് അനുരഞ്ജ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ഇത് ലക്ഷ്യം കാണുകയും ചെയ്തു.
ഓര്‍ത്തഡോക്സ് വിഭാഗത്തിന് പള്ളിയും സെമിത്തേരിയുടെ ഒരു ഭാഗവും, പാത്രിയര്‍ക്കീസ് വിഭാഗത്തിന് പള്ളിയുടെ വകയായി വേറിട്ടു കിടക്കുന്ന അന്‍പത് സെന്റ് സ്ഥലവും സെമിത്തേരിയുടെ മറ്റൊരു ഭാഗവും 12 ലക്ഷം രൂപയും നല്‍കാമെന്ന വ്യവസ്ഥയിലാണ് ഒത്തുതീര്‍പ്പ്. ആര്‍.ഡി.ഒ.യ്ക്ക് നല്‍കിയ സംയുക്ത അപേക്ഷയില്‍ പള്ളിയും അനുബന്ധ സ്വത്തുക്കളും വിട്ടുനല്‍കുകയും ചെയ്തു.
തുടര്‍ന്ന് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ, വികാരി ഫാ. ബേബി പോള്‍, കൈസ്ഥാനികള്‍ എന്നിവരോടൊപ്പം പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തി. യാക്കോബായ വിഭാഗത്തിന്റെ വികാരി ഫാ. റെജി കുഴിക്കാട്ടിലും കൈസ്ഥാനികളും പള്ളിയിലെത്തി ആശംസകള്‍ അര്‍പ്പിക്കുകയും കെയ്ക്ക് മുറിച്ച് സമാധാനപരമായ പ്രശ്ന പരിഹാരത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

Comments

comments

Share This Post