സെറാംമ്പൂര്‍ ബിരുദദാനം പഴയ സെമിനാരിയില്‍ ഫെബ്രുവരി 7ന്

കോട്ടയം: ഇന്ത്യയിലെ ഏറ്റവും പുരാതന സര്‍വ്വകലാശാലകളിലൊന്നായ സെറാംമ്പൂര്‍ സര്‍വ്വകലാശാലയുടെ ബിരുദദാന സമ്മേളനം ഫെബ്രുവരി 7ന് മൂന്നിന് പഴയ സെമിനാരിയില്‍ നടക്കും. പഴയ സെമിനാരി ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് കോണ്‍വൊക്കേഷന് ആതിഥേയത്വം വഹിക്കുന്നത്.
സെറാംമ്പൂര്‍ സര്‍വ്വകലാശാല വെസ്റ് ബംഗാളിലെ ഹുഗ്ളി ജില്ലയില്‍ 1818ല്‍ സ്ഥാപിതമായതാണ്. ഇതില്‍ ഇന്ത്യയിലെ 80ലധികം വേദശാസ്ത്ര സെമിനാരികള്‍ (കോളജ്) അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. നേപ്പാള്‍, ബംഗ്ളാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ വേദശാസ്ത്ര കോളജുകളും കേരളത്തിലെ പ്രശസ്ത വേദശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളും സെറാംമ്പൂര്‍ സര്‍വ്വകലാശാലയിലാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.
ഫെബ്രുവരി 6ന് വൈകിട്ട് 6 മണിക്ക് സ്മൃതി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യപ്രഭാഷണം നടത്തും. 7ന് രാവിലെ 8 മണിക്ക് നടക്കുന്ന ഗുരുസ്മൃതി ശുശ്രൂഷയ്ക്ക് സെറാംമ്പൂര്‍ സര്‍വ്വകലാശാല പ്രസിഡന്റ് ഡോ. ഐസക്ക് മാര്‍ പീലക്സിനോസ് അദ്ധ്യക്ഷത വഹിക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന ബിരുദദാന സമ്മേളനത്തില്‍ ബിഷപ്പ് ഡോ. സദാനന്ദ അദ്ധ്യക്ഷത വഹിക്കും. റവ.ഡോ. ഹല്‍മൂട്ട് ഗ്രിംസ്മാന്‍ (ജര്‍മനി) ബിരുദദാന പ്രഭാഷണം നടത്തും.
ബിരുദ ബിരുദാനന്തര ഡോക്ടറല്‍ തലത്തില്‍ 2014ല്‍ ബിരുദം നേടിയ ഇന്ത്യയിലെ 1000ലധികം വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദ ദാനമാണ് നടക്കുന്നത്. ഇന്ത്യയിലെ വിവിധ വേദശാസ്ത്ര കോളജുകളില്‍ നിന്നും 1500 ലധികം പ്രതിനിധികള്‍ കോണ്‍വൊക്കേഷനില്‍ പങ്കെടുക്കും.