വേദശാസ്ത്രബോധനം പുതിയ മാനവികതയ്ക്ക് വഴിയൊരുക്കണം: പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: മതബഹുല ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സാമൂഹിക നീതിയും വിശുദ്ധിയും ഉള്‍ക്കൊണ്ട് പുതിയ മാനവികത സൃഷ്ടിക്കുവാന്‍ വേദശാസ്ത്രബോധത്തിന് കഴിയണമെന്ന് പരി. ബസ്സേലിയോസ് മാര്‍ത്തോമാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ പ്രസ്താവിച്ചു. സെറാമ്പൂര്‍ സര്‍വ്വകലാശാല കോണ്‍വൊക്കേഷന്‍ ഗുരുസ്മൃതി സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു പരി. ബാവാ. Photo Gallery
സെറാംമ്പൂര്‍ സര്‍വ്വകലാശാല പ്രസിഡന്റ് ഡോ. ഐസക്ക് മാര്‍ പീലക്സിനോസ് അദ്ധ്യക്ഷത വഹിച്ചു. ഉച്ചയ്ക്ക് മൂന്നിന് നടന്ന ബിരുദദാന സമ്മേളനത്തിന് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ബിഷപ്പ് ഡോ. ജോണ്‍ എസ്. സദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഐസക്ക് മാര്‍ പീലക്സിനോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റവ. ഹല്‍മുട്ട് ഗ്രിംസ്മാന്‍ (ജര്‍മ്മനി) ബിരുദദാന പ്രഭാഷണം നടത്തി. റവ. ഡോ. സാന്തനു കെ. പദ്രോ, ഫാ. ഡോ. ജേക്കബ് കുര്യന്‍, എന്നിവര്‍ പ്രസംഗിച്ചു.
വേദശാസ്ത്രത്തില്‍ ബിരുദം നേടിയ 842 പേര്‍ക്കും ബിരുദാനന്തര ബിരുദം നേടിയ 144 പേര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ഇന്ത്യയിലെ വിവിധ വേദശാസ്ത്ര സെമിനാരികളില്‍ ഗവേഷണം നടത്തിയ 22 പേര്‍ക്ക് ഡോക്ടറല്‍ ബിരുദം സമ്മാനിച്ചു. റവ. ഹെല്‍മുട്ട് ഗ്രിംസ്മാന്‍, റവ. വന്‍ലാല്‍ഹുറയ്യാ എന്നിവര്‍ക്ക് ഓണററി ഡോക്ടറേറ്റും നല്‍കി. ഇന്ത്യയിലെ വിവിധ വേദശാസ്ത്ര കോളേജുകളില്‍ നിന്നും 1500 ലധികം പ്രതിനിധികള്‍ കോണ്‍വൊക്കേഷനില്‍ പങ്കെടുത്തു.
കേരളത്തിലെ ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെ പ്രാരംഭം പഴയ സെമിനാരിയിലാണ്. കേരളത്തില്‍ മലയാളം ആദ്യം അച്ചടിച്ചതും ആദ്യപുസ്തകശാലയും പഴയ സെമിനാരിയാണ്. 2015 പഴയ സെമിനാരിയുടെ ദ്വിശതാബ്ദിയും സെറാംമ്പൂര്‍ സര്‍വ്വകലാശാലയോട് അഫിലിയേഷന്‍ നടത്തിയതിന്റെ സുവര്‍ണ്ണ ജൂബിലിയുമാണ്.