സൊമ്റോയുടെ സാക്ഷാത്ക്കാരവുമായി ഫാ. എം.പി. ജോര്‍ജ്ജ്; തയ്യാറാക്കിയത് ഒരു വര്‍ഷം കൊണ്ട്

Sumro

ഫാ.ഡോ. എം.പി. ജോര്‍ജ്ജ് കഴിഞ്ഞ ഒരു വര്‍ഷം തപസിലായിരുന്നു. ഉള്ളിലെ സംഗീതത്തിന്റെ കൂടാരത്തിലിരുന്ന് അദ്ദേഹമൊരു സൃഷ്ടി രചിച്ചു-സൊമ്റോ, കേരളത്തിലെ ആദ്യത്തെ സിംഫണി. മാര്‍ച്ച് എട്ടിന് വൈകിട്ട് 6ന് സൊമ്റോ അരങ്ങേറുകയാണ്. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സിംഫണി ഒരുക്കിയ സംഗീതസംവിധായകനോട് ജീവിതത്തെക്കുറിച്ച് ചോദിച്ചാല്‍ എല്ലാം ദൈവനിശ്ചയം എന്നാണ് മറുപടി.
മൂവാറ്റുപുഴ കരനിലത്ത് പൈലിയുടെയും സാറാമ്മയുടെയും ആറാമത്തെ മകന്‍ എം.പി. ജോര്‍ജ്ജിന് സംഗീതം ജീവിതമാകുന്നത് കോട്ടയം പഴയ സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥിയായ നാള്‍ മുതലാണ്. ജോര്‍ജ്ജിലെ സംഗീത പ്രതിഭയെ തിരിച്ചറിഞ്ഞ സെമിനാരി പ്രിന്‍സിപ്പല്‍ ഡോ.പൌലോസ് മാര്‍ ഗ്രീഗോറിയോസാണ് സംഗീത ലോകത്തേക്ക് വഴികാട്ടിയത്.
കോട്ടയം തിരുനക്കര കലാക്ഷേത്രത്തിലയച്ച് കര്‍ണാട്ടിക് സംഗീതം അഭ്യസിപ്പിച്ചു. 1984ല്‍ തിരുനക്കരയില്‍ നവരാത്രി മഹോത്സവത്തിന് അരങ്ങേറ്റം നടത്തി. തുടര്‍ന്ന് സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ ഓര്‍ത്തഡോക്സ് മ്യൂസിക് അക്കാദമിയില്‍ ചേര്‍ന്ന് പാശ്ചാത്യ സംഗീതം അഭ്യസിച്ചു. ഇംഗ്ളണ്ടിലെ സെന്റ് ആല്‍ബട്സ് സംഗീത കോളജില്‍ നിന്ന് കൌണ്ടര്‍ പോയിന്റ് ഹര്‍മണിയും.
ക്രിസ്ത്യന്‍ കീര്‍ത്തനങ്ങള്‍ കര്‍ണാടക സംഗീതത്തോട് ലയിപ്പിച്ച് 2008ല്‍ ക്രിസ്ത്യന്‍ സംഗീത കച്ചേരി നടത്തി. വിദേശ രാജ്യങ്ങളിലടക്കം 400 വേദികള്‍ പിന്നിട്ടു. സംഗീത പഠനം പൂര്‍ത്തിയാക്കിയെത്തിയ ഫാ. ജോര്‍ജ്ജ് സെമിനാരിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംഗീത അധ്യാപകനായി. 1990 മുതല്‍ ശ്രുതി മ്യൂസിക് അക്കാദമിയുടെ ഡയറക്ടറാണ്. സുമോറോ കൊയറിന് രൂപം നല്‍കി.
ഈ വര്‍ഷം ശ്രുതിയുടെ 25-ാം വാര്‍ഷികമാണ്. സെമിനാരിയുടെ 200-ാം വാര്‍ഷികവും. ഫാ. എം.പി. ജോര്‍ജ്ജിന് 60 വയസ്സ് പൂര്‍ത്തിയാകുന്നതും ഇതേ വര്‍ഷമാണ്. ആഘോഷങ്ങളുടെ മാറ്റുകൂട്ടാന്‍ സുമോറോയിലെ അംഗങ്ങളാണ് സിംഫണി ഒരുക്കാന്‍ ഫാ. ജോര്‍ജ്ജിന് അവസരമൊരുക്കിയത്. 2014 മാര്‍ച്ചില്‍ ഫാ. ജോര്‍ജ്ജ് തന്റെ സംഗീത ശില്‍പം മെനഞ്ഞുതുടങ്ങി. സിംഫണിയുടെ സാധാരണ വഴികളില്‍ സഞ്ചരിക്കാതെ പാശ്ചാത്യ സംഗീതത്തില്‍ ഇന്ത്യന്‍ രാഗങ്ങളും ചേര്‍ത്താണ് സൊമ്റോ തയാറാക്കിയത്.

Comments

comments

Share This Post