വിഷുപക്ഷിയുടെ സംഗീതവുമായി സോമ്റോ 15

Somro banner

നൂറ്റി നാല്‍പതിലധികം സംഗീത കലാകാരന്‍മാരും എഴുപത് വാദ്യോപകരപണങ്ങളും ഒത്തുചേരുന്ന അപൂര്‍വ സംഗീത വിസ്മയം അക്ഷര നഗരിയില്‍ ഒരുങ്ങുന്നു. പാശ്ചാത്യ പൗരസ്ത്യ സംഗീതങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ ശാസ്ത്രീയ സംഗീതവും ഒത്തുചേരുന്ന സോമ്റോ 15, എട്ടാം തിയതി കോട്ടയത്ത് അരങ്ങേറും.
മലയാളക്കര ഇന്നോളം കണ്ടിട്ടില്ലാത്ത സംഗീത വിരുന്നാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഫില്‍ഹര്‍മോണിക് ഓര്‍ക്കസ്ട്രയും കോറല്‍ സിംഫണിയും സമ്മേളിക്കുന്ന സോമ്റോ 15 പാശ്ചാത്യ പൗരസ്ത്യ സംഗീതങ്ങളുടെ മിശ്രണം ആണ്. വാദ്യോപകരണങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള സംഗീതമാണ് ഫില്‍ഹര്‍മോണിക് ഓര്‍ക്കസ്ട്ര. എഴുപത് സംഗീതോപകരണങ്ങളാണ് സോമ്റോയില്‍ ഒരുക്കിയിരിക്കുന്ന ഫില്‍ഹര്‍മോണിക് ഓര്‍ക്കസ്ട്രയില്‍ ഉപയോഗിക്കുന്നത്. ഒരുമണിക്കൂറുള്ള ഈ നാദ വിസ്മയം വിഷുപ്പക്ഷിയുടെ സംഗീതത്തെ ആസ്പദമാക്കിയാണ്. ക്രിസ്തുവിന്‍റെ ജനനം മുതല്‍ ഉത്ഥാനംവരെയുള്ള സംഭവങ്ങളാണ് ഇതിവൃത്തം.
ഉപകരണങ്ങളുടെ അകന്പടിയോടെ ഗായകര്‍ സംഗീതം ആലപിക്കുന്നതാണ് കോറല്‍ സിംഫണി. കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയുടെ ഇരുന്നൂറാം വാര്‍ഷികത്തോടും ശ്രുതി മ്യൂസിക് അക്കാദമിയുടെ രജത ജൂബിലി ആഘോഷങ്ങളോടും അനുബന്ധിച്ചാണ് സിംഫണി ഒരുങ്ങുന്നത്. ശ്രുതി മ്യൂസിക് അക്കാദമി ഡയറക്ടര്‍ ഫാദര്‍ എം.പി ജോര്‍ജിന്‍റെ ഒരുവര്‍ഷക്കാലത്തെ അത്യധ്വാനമാണ് സോമ്റോ. ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസും , ഗായിക കെ.എസ് ചിത്രയും സംഗീത വിരുന്നില്‍ പങ്കെടുക്കും. ഞായറാഴ്ച വൈകിട്ട് ആറിനാണ് സോമ്റോ 15 അരങ്ങിലെത്തുന്നത്.
ശ്രുതി സ്‌കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്ക്
ആരാധന സംഗീതത്തെ സാധാരണ ജനങ്ങളിലേയ്ക്കും എത്തിക്കുന്നതിനായി ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയുടെ ഭാഗമായി 1988 ല്‍ സ്ഥാപിതമായ സംഗീത സ്‌കൂളാണ് ശ്രുതി സ്‌കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്ക്. ആദ്യ ബാച്ചില്‍ 50 വിദ്യാര്‍ഥികളുമായി ആരംഭിച്ച സ്‌കൂള്‍ ആരാധനസംഗീതത്തെ ജനകീയവത്കരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. തുടക്കത്തില്‍ സെമിനാരിയോട് ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ച ശ്രുതി 1993ലാണ് സ്വന്തം കെട്ടിടത്തിലേയ്ക്ക് മാറുന്നത്. 2005 ല്‍ സംഗീതസംബന്ധിയായ ആയിരത്തിലേറെ ബുക്കുകളും അപൂര്‍വ്വമായ മാനുസ്‌ക്രിപ്റ്റുകളും, സിഡികളുമായി ലൈബ്രറിയും 2008 ല്‍ സ്വന്തമായി റിക്കാര്‍ഡിങ് സ്റ്റുഡിയോയും ശ്രുതി സ്‌കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്ക് ആരംഭിച്ചു. ഇന്ന് ആരാധന സംഗീതത്തില്‍ മാത്രമല്ല പശ്ചാത്യ സംഗീതത്തിലും ലളിത സംഗീതത്തിലും കോഴ്‌സുകള്‍ ശ്രുതിയില്‍ നടത്തുന്നുണ്ട്.
ഓര്‍ക്കസ്ട്ര
പാശ്ചാത്യ സംഗീതരീതിയാണ് ഓര്‍ക്കസ്ട്ര. നിരവധി സംഗീതോപകരണങ്ങള്‍ ഒരുമിച്ച് വായിക്കുന്നതിനെയാണ് ഓര്‍ക്കസ്ട്ര എന്ന് പറയുന്നത്. ഇതില്‍ തന്ത്രി വാദ്യങ്ങളും, മരം, ബ്രാസ് എന്നിവ കൊണ്ടുണ്ടാക്കിയ സുഷിര വാദ്യങ്ങളുമുണ്ടാകും. മെലഡി ഉപകരണങ്ങള്‍ക്കാണ് പ്രാധാന്യമെങ്കിലും താളവാദ്യങ്ങളും ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ക്ലാസ്സിക്കല്‍ ഗിറ്റാര്‍, ഓര്‍ഗന്‍ മുതലായവയും ഉള്‍പ്പെടുത്താറുണ്ട്. വയലിന്‍, ഫ്ലൂട്ട്, ട്രംപെറ്റ്, സാക്‌സഫോണ്‍, ക്ലാര്‍നെറ്റ്, പിയാനോ, വയോള, ഡബിള്‍ ബസ്, ഹാരപ്, ഡ്രംസ്ന്റെ വിവിധ ഭാഗങ്ങള്‍ മുതലായവയാണ് പൊതുവേ ഉപയോഗിക്കുന്നവ. 50 പേരില്‍ കുറവുള്ള ചെറിയ ഓര്‍ക്കസ്ട്രകളെ ചേംബര്‍ ഓര്‍ക്കസ്ട്ര എന്നാണ് വിളിക്കുന്നുത്. എന്നാല്‍ 100 പേരോളം വരുന്ന വലിയ ഓര്‍ക്കസ്ട്രകളെ സിംഫണി ഓര്‍ക്കസ്ട്ര എന്നും ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്ര എന്നും മറ്റും വിളിക്കുന്നു. ഗ്രീക്ക് വാക്കില്‍ നിന്നുമാണ് ഈ പേര് വന്നിട്ടുള്ളത്. പുരാതന ഈജിപ്റ്റിലാണ് ഓര്‍ക്കസ്ട്രയുടെ ആരംഭം എന്ന് കണക്കാക്കുന്നു. പതിനൊന്നാം നൂറ്റാണ്ടു മുതല്‍ പലവിധത്തിലുള്ള ഉപകരങ്ങള്‍ ഒരുമിച്ചു വായിച്ചുവന്നെങ്കിലും, പതിനാറാം നൂറ്റാണ്ടിലാണ് ഓര്‍ക്കസ്ട്രയുടെ ആരംഭമായി കണക്കാക്കിയിട്ടുള്ളത്. 18, 19 നൂറ്റാണ്ടുകളിലാണ് ഇത് കൂടുതലും പ്രസിദ്ധിയാര്‍ജിച്ചത്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടില്‍ ഓര്‍ക്കസ്ട്ര സംഗീതം ചിട്ടപെടുത്തുന്നതിലും മറ്റും പല മാറ്റങ്ങളും വന്നിട്ടുണ്ട്.
സുമോറോ
ശ്രുതി സംഗീത സ്‌കൂളിന്റെ കീഴിലുള്ള ഗായക സംഘമാണ് സുമോറോ ക്വയര്‍. 1996 ല്‍ സ്ഥാപിതമായ ക്വയറില്‍ 50 ഓളം അംഗങ്ങളാണുള്ളത്. ഫോ. ഡോ. എം പി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ക്വയര്‍ കേരളത്തിന് അകത്തും പുറത്തുമായി നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. പോളണ്ടില്‍ വെച്ച് നടന്ന ഓര്‍ത്തഡോക്‌സ് ക്വയര്‍ ഫെസ്റ്റുവെലില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട് സുമോറോ ക്വയര്‍. കൂടാതെ ജര്‍മ്മനി, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ക്വയര്‍ ഫെസ്റ്റിവെല്ലുകളില്‍ നിരവധി തവണ പങ്കെടുത്തിട്ടുമുണ്ട് സുമോറോ ക്വയര്‍. ക്വയറിന്റെ ഗാനങ്ങള്‍ എഴുതുന്നതും ചിട്ടപ്പെടുത്തുന്നതും ഫാ.ഡോ എം പി ജോര്‍ജാണ്. നിരവധി ക്രിസ്തീയ ഭക്തിഗാന സിഡികളും സുമോറോ പുറത്തിറക്കിയിട്ടുണ്ട്.
എന്താണ്‌ സോമ്റോ15?
സാധാരണക്കാരായ സംഗീത പ്രേമികള്‍ക്ക് ചിരപരിതമല്ലാത്ത സംഗീത ശാഖയാണ്‌ ഫില്‍ഹാര്‍മോണിക് സംഗീതം. അതിന്റെ ചുവട് പിടിച്ചാണ്‌ സൊമ്‌റോ15 സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ സംഗീതത്തിലെ രാഗങ്ങളും വെസ്റ്റേണ്‍ സംഗീതത്തിന്റെ മെലഡിയും ഹാര്‍മ്മണിയും, മിഡില്‍ ഈസ്റ്റ് സംഗീതവും കോര്‍ത്തിണക്കിയാണ് സോമ്റോ15 ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള സംഗീത ശില്‍പ്പങ്ങള്‍ ബോംബെ, ഡല്‍ഹി പോലുള്ള വന്‍നഗരങ്ങളില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇത് ആദ്യമാണ്.
ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്പിരിച്വല്‍ ഫില്‍ഹാര്‍മോണിക്ക് ഓര്‍ക്കസ്ട്രയാണ് സോമ്റോ 2015. ഏകദേശം എഴുപതോളം ഉപകരണ സംഗീതം വായിക്കുന്നവരും എഴുപത് ഗായകരും അടക്കം 140 പേരടങ്ങുന്ന ഒരു സംഘമാണ് സംഗീത ശില്‍പം അവതരിപ്പിക്കുന്നത്. അതില്‍ ആദ്യത്തെ ഒരു മണിക്കൂര്‍ ഫില്‍ഹാര്‍മോണിക്ക് ഓര്‍ക്കസ്ട്ര മാത്രമായിരിക്കും. മ്യൂസിക്കല്‍ ഇന്‍സ്ട്രമെന്‍സിനെ നാല് ഗ്രൂപ്പുകളായി തരം തിരിച്ച് അവ ഒന്നിച്ചു വായിക്കുന്നതാണ് ഫില്‍ഹാര്‍മോണിക്ക് ഓര്‍ക്കസ്ട്ര.
സ്ട്രിങ് ഇന്‍സ്ട്രുമെന്‍സ്, വുഡ് വിന്‍ സെക്ഷന്‍, ബ്രാസ് സെക്ഷന്‍, പെര്‍ക്കഷന്‍ സെക്ഷന്‍ എന്നിങ്ങനെയാണ് നാല് സെക്ഷനുകള്‍ അതില്‍ സ്ട്രിങ് സെക്ഷനില്‍ വയലിന്‍, വയോള, സെല്ലോസ്, ഡബില്‍ ബെയ്സ് എന്നീ ഉപകരണങ്ങളും വുഡ് വിന്‍സെക്ഷനില്‍ ഫ്ലൂട്ട്, ഓബോ, ക്ളാരനെറ്റ്, ബാസൂണ്‍ എന്നിവയും ബ്രാസ് സെക്ഷനില്‍ ട്രംപെറ്റ്, ട്രോംബോണ്‍, ഹോണ്‍, സാക്സോഫോണ്‍ തുടങ്ങിയവയും വാദ്യോപകരണങ്ങളും പെര്‍ക്കഷന്‍ സെക്ഷനില്‍ ടിംപാനിയുമാണ് ഉപയോഗിക്കുന്നത്. നാല് സെക്ഷനില്‍പെട്ട വാദ്യോപകരങ്ങളും ഒരുപോലെ ഒരേ പ്രാധാന്യത്തില്‍ ഫില്‍ഹാര്‍മോണിക്ക് ഓര്‍ക്കസ്ട്രയില്‍ ഉപയോഗിക്കുന്നുണ്ട്.
ഫില്‍ഹാര്‍മോണിക്ക് ഓര്‍ക്കസ്ട്രയ്ക്ക് ശേഷമാണ് കോറല്‍ സിംഫണി അവതരിപ്പിക്കുന്നത്. ഫില്‍ഹാര്‍മോണിക്ക് ഓര്‍ക്കസ്ട്രയും ക്വയറും ഒരുമിക്കുന്നതാണ് കോറല്‍ സ്വിംഫണി. ഇതില്‍ ഏഴ് പാട്ടുകളാണ് ഉണ്ടാകുക. ഒരു ഇന്ത്യന്‍ കുക്കു ജറുസലേമിലേക്ക് സഞ്ചരിക്കുന്നത് യേശുവിന്റെ ജനനം മുതല്‍ ഉത്ഥാനം വരെയുള്ള ജീവിതം കാണുന്നതുമാണ് സംഗീതശില്‍പ്പത്തിന്റെ തീം. ആ തീമില്‍ തന്നെയാണ് സംഗീത ശില്‍പ്പത്തിന്റെ പേരും നിശ്ചയിച്ചിരിക്കുന്നത് സോങ് ഓഫ് ആന്‍ ഇന്ത്യന്‍ കുക്കു. കോറല്‍ സിംഫണിക്ക് ശേഷം ദേശീയഗാനം ഓര്‍ക്കസ്ട്രയില്‍ വായിച്ചാണ് പരിപാടി അവസാനിക്കുന്നത്.
സിംഫണിയില്‍ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങള്‍
പാശ്ചാത്യ സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള സംഗീത പരിപാടിയാണ് സിംഫണി. പ്രധാനമായും 18 തരത്തിലുള്ള ഉപകരണങ്ങളാണ് സൊമ്‌റൊ15ല്‍ ഉപയോഗിക്കുന്നത്.
വയലിന്‍24 എണ്ണം
സിംഫണിയുടെ പ്രധാന ഉപകരണമാണ് വയലിന്‍. ഫസ്റ്റ് വയലിനും സെക്കന്റ് വയലിനും ഉള്‍പ്പെടെ 24 വയലിനുകളാണ് സിംഫണിയില്‍ ഉപയോഗിക്കുന്നത്.
വയോള 6 എണ്ണം
വയലിന്‍ കുടുംബത്തിലെ മറ്റൊരു അംഗമാണ് വയോള. വയലിനെ അപേക്ഷിച്ച് താഴ്ന്ന എന്നാല്‍ കൂടുതല്‍ ആഴമുള്ള ശബ്ദമാണ് വയോളയ്ക്ക്. ആറ് വയോളകളാണ് സിംഫണിയില്‍ ഉപയോഗിക്കുന്നത്.
സെല്ലോ 6 എണ്ണം
വയലിന്‍ കുടുംബത്തിന്റെ മറ്റൊരംഗമാണ് സെല്ലോ. വയലിനേയും വയോളയേയും വളരെ വലിപ്പം കൂടിയ സംഗീതോപകരണമായ സെല്ലോ തറയില്‍ സ്ഥാപിച്ചാണ് വായിക്കുന്നത്. മോഡേണ്‍ സിംഫണി ഓര്‍ക്കസ്ട്രയിലെ ഏറ്റവും വലിപ്പം കൂടിയ രണ്ടാമത്തെ ബോവ്ഡ് സ്ട്രിങ് ഇന്‍സ്ട്രുമെന്റാണ് സെല്ലോ.ആറ് സെല്ലോകളാണ് സിംഫണിയില്‍ ഉപയോഗിക്കുന്നത്.
ഡബിള്‍ ബേസ് 3 എണ്ണം
മോഡേണ്‍ സിംഫണി ഓര്‍ക്കസ്ട്രയിലെ ഏറ്റവും വലുതും താഴ്ന്ന ശ്രുതിയിലുള്ളതുമായ ഒരു തന്ത്രിവാദ്യമാണ് ഡബിള്‍ ബേസ്. ഇതിനെ സ്ട്രിങ്് ബേസ്, അപ്പ് റൈറ്റ് ബേസ്, ബേസ് ഫിഡില്‍, ബേസ് വയലിന്‍, കോണ്ട്ര ബേസ് എന്നുള്ള പേരുകളിലും അറിയപ്പെടുന്നു. ഈ ഉപകരണത്തിന് സാധാരണ 6 അടി ഉയരം ഉണ്ടാകും. ബോ ഉപയോഗിച്ചോ വിരലുകള്‍ ഉപയോഗിച്ചോ ആണ് ഈ ഉപകരണം വായിക്കുന്നത്.
ഫ്ലൂട്ട് 2 എണ്ണം
ലോകത്ത് ഏറ്റവും പഴക്കം ചെന്ന സംഗീത ഉപകരണങ്ങളിലൊന്നാണ് ഫ്ലൂട്ട്. ഫ്ലൂട്ടിന്റെ വെസ്‌റ്റേണ്‍ രൂപമാണ് സിംഫണിയില്‍ ഉപയോഗിക്കുന്നത്.
ഒബോ 2 എണ്ണം
തടികൊണ്ടു നിര്‍മ്മിക്കുന്ന ഒരു തരം സുഷിരവാദ്യമാണ് ഓബോ. 65 സെ.മീറ്റര്‍ നീളമുണ്ടാകും ഒബോയ്ക്ക്. പാശ്ചാത്യ സംഗീതത്തിലെ അവിഭാജ്യ ഘടകമാണ് ഒബോ.
ക്ലാരനെറ്റ് 2 എണ്ണം
ഓബോയെപ്പൊലെ തന്നെ തടികൊണ്ട് നിര്‍മ്മിക്കുന്ന മറ്റൊരു തരം സുഷിരവാദ്യമാണ് ക്ലാര്‍നെറ്റ്. പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതത്തിന്റെ അവിഭാജ്യ ഘടകമാണ് ക്ലാരനെറ്റും.
ആള്‍ട്ടോ സാക്‌സോഫോണ്‍ 2 എണ്ണം
സാക്‌സോഫോണ്‍ കുടുംബത്തിലെ ഒരു ഉപകരണമാണ് ആള്‍ട്ടോ സാക്‌സോഫോണ്‍.1880 ല്‍ ബെല്‍ജിയന്‍ സംഗീതഉപകരണ ഡിസൈനര്‍ കണ്ടുപിടിച്ച ആള്‍ട്ടോ സാക്‌സോഫോണ്‍ ഇന്ന് പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതത്തിലെ ഒഴിവാക്കാനാവാത്ത ഘടകമാണ്.
ടെനര്‍സാക്‌സ് 2 എണ്ണം
സാക്‌സോഫോണ്‍ ഫാമിലിയിലെ മറ്റൊരു ഉപകരണമാണ് ടെനര്‍സാക്‌സ്. ആല്‍ട്ടോ സാക്‌സോഫോണിനേക്കാള്‍ വലിപ്പമുള്ള ഉപകരണമാണ് ടെനര്‍സാക്‌സഫോണ്‍. ആല്‍ട്ടോസാക്‌സോഫോണിനെപ്പോലെ തന്നെ സര്‍വ്വസാധാരണമായ സാക്‌സോഫോണാണ് ടെനര്‍. ബെല്‍ജിയന്‍കാരനായ അഡോള്‍ഫ് സാക്‌സാണ് ടെനര്‍ ആദ്യമായി നിര്‍മ്മിച്ചത്.
കോര്‍നെറ്റ് 3 എണ്ണം
ട്രംഫറ്റുമായി വളരെ അധികം സാമ്യമുള്ള ഉപകരണമാണ് കൊര്‍നെറ്റ്. സൈനിക ബാന്‍ഡുകളിലെ സ്ഥിരം സാന്നിധ്യമായ കോര്‍നെറ്റ് ആദ്യമായി നിര്‍മ്മിക്കുന്നത് 17ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലാണ്. ചുണ്ടിന്റെ ചലനത്തിലൂടെയും സുഷിരങ്ങളുടെ/ വാല്‍വുകളുടെ നിയന്ത്രണത്തിലൂടെയുമാണ് കോര്‍നെറ്റില്‍ നാദവ്യതിയാനം സൃഷ്ടിക്കുന്നത്.
ഹോണ്‍ 2 എണ്ണം
ഏകദേശം 20 അടി നീളമുള്ള സംഗീതോപകരണമാണ് ഫ്രഞ്ച് ഹോണ്‍. എന്നാല്‍ കോയിലുപോലെ ചുരുട്ടി വെച്ചിരിക്കുന്നതിനാല്‍ നീളം അറിയുകയില്ല. രണ്ട് ഹോണുകളാണ് സിംഫണിയില്‍ ഉപയോഗിക്കുന്നത്.
ട്രോംബോണ്‍2 എണ്ണം
ബ്രാസ് വിഭാഗത്തില്‍പ്പെട്ട ഒരു വാദ്യോപകരണം. വലിയ ട്രംപറ്റ് എന്നതിനുള്ള ഇറ്റാലിയന്‍ പേരാണ് ട്രോംബോണ്‍. പുള്‍പുഷ് എന്നര്‍ഥം വരുന്ന ‘സാക്ബട്ട്’ എന്ന പേരാണ് പുരാതനകാലത്ത് ഇംഗ്ലീഷുകാര്‍ ഇതിനു നല്‍കിയിരുന്നത്. ട്രോംബോണ്‍ വായിക്കുന്ന രീതിയാണ് ഈ പേരിലൂടെ പ്രതിഫലിക്കുന്നത്. മൂന്നുഭാഗങ്ങളായുളള ട്രോംബോണിന്റെ കുഴലിന് മൂന്നുമീറ്ററോളം ദൈര്‍ഘ്യമുണ്ട്.
യൂഫോണിയ 1
നല്ല ശബ്ദം, മധുര ശബ്ദം എന്നീ അര്‍ഥങ്ങളുള്ള ഗ്രീക്ക് വാക്കായ യൂഫോണ്‍സില്‍ നിന്നാണ് യൂഫോണിയ എന്ന നാമം ഉത്ഭവിച്ചിരിക്കുന്നത്. പാശ്ചാത്യ ഓര്‍ക്കസ്ട്രയുടെ അഭിവാജ്യ ഘടകം തന്നെയാണ് യൂഫോണിയയും.
ടിംപാനി 1
കൃത്യമായ സ്വരങ്ങളില്‍ ട്യൂണ്‍ ചെയ്യുവാന്‍ സാധിക്കുന്ന വലുപ്പമേറിയ ഡ്രമ്മുകളാണ് ടിംപാനി. ചെമ്പുകൊണ്ട് നിര്‍മിച്ച ടിംപാനിക്ക് പാചകം ചെയ്യുന്ന കെറ്റിലിന്റെ രൂപമുള്ളതിനാല്‍ കെറ്റില്‍ ഡ്രംസ് എന്ന പേരിലും അറിയപ്പെടുന്നു. ജര്‍മനിയില്‍ ഇവ പൗകന്‍ എന്ന പേരിലും ഫ്രാന്‍സില്‍ ടിംബാലസ് എന്ന പേരിലും ഉപയോഗത്തിലുണ്ട്. ചെമ്പുകൊണ്ടു നിര്‍മിച്ച ബോഡിയുടെ വായ്ഭാഗം കാളത്തോല്‍കൊണ്ട് മൂടിയിരിക്കും. സ്‌ക്രൂ ഉപയോഗിച്ച് ഈ തോലിന്റെ മുറുക്കം കൂട്ടിയും കുറച്ചും സ്വരത്തിന് വ്യതിയാനം വരുത്താന്‍ കഴിയും.
ഗ്രാന്‍ഡ് പിയാനോ 1
പാശ്ചാത്യസംഗീതത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു സംഗീതോപകരണമാണ് ഗ്രാന്‍ഡ് പിയാനോ.
ഫോക്‌സ് ബാസ്‌സൂണ്‍ 1
ഓര്‍ക്കസ്ട്ര, കണ്‍സേര്‍ട്ട് ബാന്‍ഡ്, ചേംമ്പര്‍ മ്യൂസിക്ക് തുടങ്ങിയവയുടെയെല്ലാം പ്രധാന ഘടകമാണ് ഫോക്‌സ് ബാസ്‌സൂണ്‍. 19ാം നൂറ്റാണ്ടുകള്‍ മുതലാണ് ബാസ്‌സൂണ്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങുന്നത്.
കേരളം കണ്ടിട്ടില്ലാത്ത രീതിയിലുള്ള സംഗീതം
കേരളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള സംഗീതം ഒരുക്കുകയാണ് സൊമ്‌റോ15. ഹില്‍ഹര്‍ മോണിക് ഓര്‍ക്കസ്ട്രയും കോറന്‍ സിംഫണിയും സമ്മേളിക്കുന്ന സംഗീത വിസ്മയം കോട്ടയം ഓര്‍ത്തഡോക്‌സ് സെമിനാരിയുടെ 200ാം വാര്‍ഷികത്തോടും ഓര്‍ത്തഡോക്‌സ് സെമിനാരിയുടെ സംഗീത വിഭാഗമായ ശ്രുതി മ്യൂസിക്ക് അക്കാദമിയുടെ രജത ജൂബിലിയോടും അനുബന്ധിച്ചാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ഫില്‍ഹര്‍മോണിക് സിംഫണിയായ സൊമ്‌റോ15, കോട്ടയം സുമോറോ ക്വയറിന്റെ മേല്‍നോട്ടത്തില്‍ കോടിമത വിന്റര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് മാര്‍ച്ച് എട്ടിന് വൈകിട്ട് ആറിനാണ് നടക്കുക.
ശ്രുതി അക്കാദമി ഡയറക്ടര്‍ ഫാ. ഡോ. എം.പി. ജോര്‍ജ്ജാണ് സിംഫണിയുടെ സംവിധായകന്‍. പാശ്ചാത്യ സംഗീതവും മധ്യപൗരസ്ത്യ സംഗീതവും ഇന്ത്യന്‍ ശാസ്ത്രീയ സംഗീത രാഗങ്ങളും സമ്വയിപ്പിച്ച് ഒരുവര്‍ഷം കൊണ്ടാണ് ഫാ.ഡോ. എം.പി. ജോര്‍ജ്ജ് സിംഫണി രൂപപ്പെടുത്തിയത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ്, കെ.എസ് ചിത്ര എന്നിവരെ ആദരിക്കുകയും പീയാനോ മാസ്‌റര്‍ അശ്വിന് പുരസ്‌കാരം നല്‍കുയും ചെയ്യും.
140 ല്‍ അധികം കലാകാരന്മാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സൊമ്‌റോ15ല്‍ സംഘടിപ്പിക്കുന്നത്. ഒരു മണിക്കൂര്‍ നീളുന്ന ഫില്‍ഹര്‍മോണിക്ക് ഓര്‍ക്കസ്ട്രയില്‍ ഇന്ത്യയുടെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള 80 കലാകാരന്‍മാരും കോറല്‍ സിംഫണിയില്‍ സുമോറോ ക്വയറിലെ 63 കലാകാരന്മാരും അണിനിരക്കും. വാദ്യോപകരണങ്ങള്‍ മാത്രം ഉപയോഗിച്ച് സംഗീതം ആവിഷ്‌കരിക്കുന്ന രീതിയാണ് ഫില്‍ഹര്‍മോര്‍ണിക് ഓര്‍ക്കസ്ട്ര. വാദ്യോപകരണങ്ങളുടെ സഹായത്തോടെ ഗായകര്‍ സംഗീതം ആലപിക്കുന്നതാണ് കോറല്‍ സിംഫണി.
ക്രിസ്തുവിന്റെ ജനനം മുതല്‍ മരണവും ഉത്ഥാനവും അടക്കമുള്ള ജീവിത കഥകളാണ് സിംഫണിയായി ഒരുക്കിയിരിക്കുന്നത്. ദേശാടനക്കിളി ജറുസലേമിലേക്ക് സഞ്ചരിക്കുന്ന രീതിയിലാണ് കഥ ചിട്ടപ്പെടുത്തിയത്. ജറുസലേമില്‍ എത്തുന്ന കിളി ദൈവപുത്രന്റെ ജനനം മുതല്‍ ഉത്ഥാനം വരെയുള്ള ജീവിതം കാണുകയും ആ ചരിത്രകഥ പറയുകയും ചെയ്യുന്നു.
പാശ്ചാത്യരും അറിയട്ടെ ഇന്ത്യന്‍ സംഗീതത്തെ…
സംഗീത വിസ്‌മയം തീര്‍ക്കാന്‍ ഒരുങ്ങുന്ന സൊമ്‌റോ15 അരങ്ങേറാന്‍ കോട്ടയം നഗരം തയ്യാറെടുക്കുമ്പോള്‍ ഫില്‍ഹര്‍മോര്‍ണിക് ഓര്‍ക്കസ്ട്രയില്‍ മാത്രം ഒതുക്കാതെ എന്തുകൊണ്ടാണ്‌ ഇന്ത്യന്‍ സംഗീതത്തെയും ഇതിന്റെ ഭാഗമാക്കിയിരിക്കുന്നത് എന്നതിന്‌ ശ്രുതി അക്കാദമി ഡയറക്ടര്‍ ഫാ.ഡോ. എം.പി. ജോര്‍ജിന്‌ വ്യക്തമായ കാഴ്‌ചപ്പാടുണ്ട്. എന്നും പാശ്ചാത്യരില്‍ നിന്നും ഭാരതീയര്‍ സംഗീതമുള്‍ക്കൊണ്ടു എന്ന് മാത്രമാണ്‌ കേട്ടിട്ടുള്ളത്. എന്നാല്‍ നമ്മുടെ പുരാണങ്ങളിലും മറ്റും പ്രതിപാദിച്ചിരിക്കുന്ന പല സംഭവങ്ങളും പാശ്ചാത്യരില്‍ നിന്നും സംഗീതത്തിന്റെ കാര്യത്തില്‍ ഭാരതീയര്‍ മുന്നിലായിരുന്നുവെന്ന് ഉദാഹരിക്കുന്നു.
ഇന്ത്യന്‍ രാഗങ്ങളെകൂടി സുമ്റോ സംഗീത വിരുന്നിന്റെ ഭാഗമാക്കിയതിന്റെ ഉദ്ദേശവും അതുതന്നെയായിരുന്നു. ഫില്‍ഹര്‍മോര്‍ണിക് സംഗീതത്തിന്റെ ഭാഗമാകാന്‍ ഞങ്ങളുടെ ഇന്ത്യന്‍ രാഗങ്ങള്‍ക്കും കഴിയുമെന്ന് പാശ്ചാത്യരും മനസിലാകട്ടെ. ഈ സംരംഭം അതിനൊരു തുടക്കമാകട്ടെയെന്ന ലക്ഷ്യവും സൊമ്‌റോയ്ക്കുണ്ട്. ബിഥോവന്‍ സംഗീതം പോലെ തന്നെ പവിത്രമാണ്‌ ഇന്ത്യന്‍ സംഗീതവുമെന്ന് പാശ്ചാത്യര്‍ മനസ്സിലാക്കണം. അങ്ങനെ മനസ്സിലാക്കി കൊടുക്കാന്‍ അവരുടെ സംഗീത ശാഖകള്‍ക്കൊപ്പം ഇന്ത്യന്‍ സംഗീതവുമായി ബന്ധപ്പെടുത്തേണ്ടതുണ്ട്. ഇതിനൊരു തുടക്കം മാത്രമാണ്‌ സൊമ്‌റോയെന്നും ഫാ.ഡോ. എം.പി. ജോര്‍ജ് പറയുന്നു.
തനിക്കിഷ്‌ടപ്പെട്ട ഇന്ത്യന്‍ രാഗങ്ങളെ കോര്‍ത്തിണക്കിയാണ്‌ സൊമ്‌റോ 15 സംഗീത വിരുന്ന് എം.പി. ജോര്‍ജ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സംഗീതം യൂണിവേഴ്‌സലാണ്‌. അത് ഒരു മതത്തിന്റെയോ വിഭാഗത്തിന്റെയോ അല്ല. അതിനാല്‍ തന്നെ ഇന്ത്യന്‍ സംഗീതവും പാശ്ചാത്യ സംഗീതവും ചേര്‍ന്നുള്ള പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Comments

comments

Share This Post