പ്രാര്‍ത്ഥനയിലൂടെ വേണം തെളിമയുള്ള ആത്മാവിനെ വളര്‍ത്താന്‍: മോഹന്‍ലാല്‍

Mohanlalദേവാലയങ്ങള്‍ മതങ്ങളെ മാത്രമല്ല, നല്ല മനസുള്ള മനുഷ്യരെയും വളര്‍ത്തണമെന്ന് ചലചിത്രതാരം മോഹന്‍ലാല്‍. പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു മോഹന്‍ലാല്‍. നല്ല മനസ്സുള്ളവരുടെ സത്സംഗമമാണ് പുതുപ്പള്ളി പള്ളിയില്‍ കാണാനാകുന്നത്. പെരുന്നാളും പൂരവുമെല്ലാം നാടിന്റെ അലങ്കാരമാണ്. മതങ്ങള്‍ ദേവാലയങ്ങളുടെ ഉള്ളില്‍ മാത്രമാണ്. ആഘോഷങ്ങള്‍ എല്ലാവരുടെയുമാണ്. ആള്‍ക്കൂട്ടവും ആഘോഷവും എപ്പോഴും ഊര്‍ജ്ജം പകരുന്നതാണെങ്കിലും ജോലിയുടെ തിരക്കില്‍ പലപ്പോഴും സാധിക്കാറില്ല. പ്രാര്‍ത്ഥനയിലൂടെ വേണം തെളിമയുള്ള ആത്മാവിനെ വളര്‍ത്തിയെടുക്കാനെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഫാ. മാത്യു വര്‍ഗീസ് വലിയപീടികയില്‍ അധ്യക്ഷത വഹിച്ചു.
സമുദായ മൈത്രിയുടെയും സമുദായ സൌഹാര്‍ദത്തിന്റെയും ഉത്തമ ഉദാഹരണമാണ് പുതുപ്പള്ളി പള്ളിയെന്ന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പുതുപ്പള്ളി നല്‍കുന്ന ജോര്‍ജ്ജിയന്‍ അവാര്‍ഡ് ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലനു മുഖ്യമന്ത്രി വിതരണം ചെയ്തു. പുതുപ്പള്ളി പള്ളിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അര്‍ഹമായ സഹായങ്ങള്‍ പള്ളിക്കു ചെയ്തു നല്‍കുമെന്നും അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് ഗോകുലം ഗോപാലന്‍ പറഞ്ഞു.
ചിത്രരചനാ മത്സര വിജയികള്‍ക്ക് മോഹന്‍ലാല്‍ സമ്മാനം വിതരണം ചെയ്തു. മോഹന്‍ലാലിനു മംഗളപത്ര സമര്‍പ്പണം സഹവികാരി ഫാ. ഇട്ടി തോമസ് കാട്ടാമ്പാക്കല്‍ നിര്‍വഹിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കലക്ടര്‍ യു.വി. ജോസ്, സഹവികാരി ഫാ. മര്‍ക്കോസ് ജോണ്‍, ജില്ലാ പഞ്ചായത്തംഗം ഫില്‍സണ്‍ മാത്യൂസ്, ട്രസ്റി മാത്യു കൊക്കൂറ എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment