പരിശുദ്ധ കാതോലിക്ക ബാവയുടെ ഫിലഡല്‍ഫിയ സന്ദര്‍ശനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

HH Catholicose of the East2ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ ഫിലഡല്‍ഫിയ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂലൈ 3, വെള്ളിയാഴ്ചയാണ് കാതോലിക്ക ബാവയുടെ സന്ദര്‍ശനം. 1009 അണ്‍റൂ അവന്യുവിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഇതിനു വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയ മാര്‍ നിക്കോളോവോസ്, നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യുഹാനോന്‍ മാര്‍ ക്രിസോസ്റ്റാമോസ്, മലങ്കര അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് എന്നിവരുള്‍പ്പെടെ മറ്റു പ്രമുഖ വിശിഷ്ട വ്യക്തികളും പരിശുദ്ധ ബാവയെ അനുഗമിക്കുന്നുണ്ട്.
സെന്റ് തോമസ് ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് തിരുമേനിയുടെ ഫിലഡല്‍ഫിയ സന്ദര്‍ശനം. ഒപ്പം കാതോലിക്ക ദിന വിഹിത സമാഹരണം ഏറ്റുവാങ്ങുന്ന ചടങ്ങിലും അദ്ദേഹം സംബന്ധിക്കും. പോലീസ് അകമ്പടിയോടെ ഫിലഡല്‍ഫിയയിലെ റാഡിസണ്‍ ഹോട്ടലില്‍ നിന്നാണ് അദ്ദേഹത്തെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് ആനയിക്കുക. വികാരി ഫാ. എം.കെ കുര്യാക്കോസ്, അസിസ്റ്റന്റ് വികാരി ഫാ. ഗീവര്‍ഗീസ് ജോണ്‍ എന്നിവര്‍ ചേര്‍ന്ന് പരമ്പരാഗത രീതിയില്‍ കത്തിച്ച മെഴുകു തിരികളുമായാണ് പരിശുദ്ധ ബാവയെ സ്വീകരിക്കുന്നത്. ചടങ്ങില്‍ സമീപ ഇടവകകളില്‍ നിന്നടക്കം ആയിരക്കണക്കിനു വിശ്വാസികള്‍ സംബന്ധിക്കും. വൈകിട്ട് ഏഴു മണിക്കുള്ള പ്രാര്‍ത്ഥനയ്ക്ക് പരി. കാതോലിക്കാ ബാവ നേതൃത്വം നല്‍കും. പെരുന്നാളിനോടനുബന്ധിച്ചുള്ള റാസയ്ക്ക് ചെണ്ടമേളം, വെടിക്കെട്ട് എന്നിവയുമുണ്ടായിരിക്കും.
ശനിയാഴ്ച രാവിലെ 8.30ന് പ്രഭാത പ്രാര്‍ത്ഥന തുടങ്ങും. പരി. കാതോലിക്ക ബാവയുടെ പ്രധാന കാര്‍മ്മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാന 9.30ന് തുടങ്ങും. സക്കറിയ മാര്‍ നിക്കോളോവോസ്, ഡോ. യുഹാനോന്‍ മാര്‍ ക്രിസോസ്റ്റാമോസ് എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. മാര്‍ത്തോമ്മാ ശ്ളീഹായുടെ ത്യാഗനിര്‍ഭരമായ പ്രേഷിത പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങളും മധ്യസ്ഥ പ്രാര്‍ത്ഥനകളും തുടര്‍ന്നുണ്ടാകും. ആയിരക്കണക്കിന് നിര്‍ധനരായ രോഗികള്‍ക്ക് ശാന്തിഭവനമായി മാറുന്ന പരുമല സെന്റ് ഗ്രിഗോറിയോസ് കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പരി. കാതോലിക്ക ബാവ വിശ്വാസികളോട് സംസാരിക്കും.
ഉച്ചയ്ക്ക് ശേഷം 2.30ന് ആരംഭിക്കുന്ന പൊതുയോഗത്തിലും പരി. കാതോലിക്ക ബാവയുടെ സാന്നിധ്യമുണ്ടാകും. യോഗത്തില്‍ ഫിലഡല്‍ഫിയ, വെര്‍ജീനിയ എന്നീ ഇടവകകളില്‍ നിന്നുള്ള വിശ്വാസികളും, വിശിഷ്ട അതിഥികളും പങ്കെടുക്കുന്നുണ്ട്. തുടര്‍ന്ന് വിവിധ ഇടവകകളുടെ നേതൃത്വത്തില്‍ സമാഹരിച്ച കാതോലിക്ക ദിന വിഹിതം പരിശുദ്ധ ബാവ ഏറ്റുവാങ്ങും. നാലു മണിക്ക് പെന്‍സില്‍വിനിയ മലങ്കര ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംഗീത വിരുന്നുമുണ്ടാകും. പ്രശസ്ത പിന്നണി ഗായകരായ ജെ.എം. രാജു, ലതാ രാജു എന്നിവരാണ് ഡിവോഷണല്‍ ഗാനമേള നയിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Rev. Fr. M. K. Kuriakose, Vicar (201.681.1078)
Rev. Fr. Gheevarghese John, Assistant Vicar (914.720.0136)
Mr. David Philip, Treasurer (518.608.6037)
Mr. Mathew Samuel, Secretary (215.667.4200)
Mr. Philip John, Program Coordinator (215.620.6208)

Comments

comments

Share This Post

Post Comment