ഐക്കോണ്‍ ചാരിറ്റീസ് സമാഹരിച്ച ദുരിതാശ്വാസ നിധി പരി. കാതോലിക്കാ ബാവയ്ക്ക് കൈമാറി

BavareceivingNepalcheckഫിലഡല്‍ഫിയ: നേപ്പാളിനെ ശ്മശാന ഭൂമിയാക്കിയ വന്‍ ഭൂകമ്പത്തില്‍ ജീവനോടെ ശേഷിച്ച് ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളെ സഹായിക്കുന്നതിനായി ഐക്കോണ്‍ (ഇന്ത്യന്‍ ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് നെറ്റ് വര്‍ക്ക്) സമാഹരിച്ച 36000-ത്തിലേറെ യു എസ് ഡോളര്‍, മലങ്കര സഭാ പരമാദ്ധ്യക്ഷന്‍ പരി. ബസേലിയോസ് മാര്‍ത്തോമ്മാ പൌലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് കൈമാറി.
ശ്ളൈഹിക സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തി, ജൂലൈ നാലിന് ഫിലഡല്‍ഫിയ സന്ദര്‍ശിച്ച വെളയിലാണ് തുക കൈമാറിയത്. നേപ്പാളിനെ സഹായിക്കാന്‍ ആഹ്വാനം നല്‍കി പരി. കാതോലിക്കാ ബാവാ വിശ്വാസികള്‍ക്ക് പ്രത്യേക കല്‍പന പുറപ്പെടുവിച്ചതു പ്രകാരമാണ് ഐക്കോണ്‍ ദുരിതാശ്വാസ നിധി സമാഹരണത്തിനിറങ്ങിയത്.
ജൂലൈ നാലിന് വി. കുര്‍ബാനയ്ക്ക്ശേഷം നടന്ന പൊതുസമ്മേളനത്തില്‍ ഐക്കോണ്‍നു വേണ്ടി, നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയ മാര്‍ നിക്കോളോവോസ്, ദുരിതാശ്വാസ തുകയുടെ രണ്ടാംഗഡു പരി.ബാവയ്ക്ക് കൈമാറി. ഇടവകമധ്യസ്ഥനും ഭാരതത്തിന്റെ അപ്പോസ്തോലനുമായ വിശുദ്ധ തോമ്മാശ്ളീഹായുടെ പെരുന്നാള്‍ ജൂലൈ മൂന്ന്, നാല് തീയതികളില്‍ സെന്റ് തോമസ് ഇടവക ആഘോഷിച്ചതിനോടനുബന്ധിച്ചായിരുന്നു പരി.ബാവായുടെ ഇടവക സന്ദര്‍ശനം. റവ.ഡോ ജോണ്‍സ് ഏബ്രഹാം കോനാട്ട്, നോര്‍ത്ത് ഈസ്റ് ഭദ്രാസനത്തില്‍ നിന്നുള്ള വിവിധ വൈദികര്‍, വിശ്വാസികള്‍ തുടങ്ങിയവരും പങ്കെടുത്തു.
വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മയാചരണത്തിന്റെ പ്രാധാന്യവും അമേരിക്കന്‍ സ്വാതന്ത്യ്രദിനത്തിന്റെ പ്രസക്തിയെയുംകുറിച്ചും പരി. ബാവാ അധ്യക്ഷപ്രസംഗത്തില്‍ വിവരിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മക്കള്‍ക്ക്, ഈ രാജ്യത്ത് വളരാനും വേരുപടര്‍ത്താനും ഉദാരമായി അവസരങ്ങള്‍ നല്‍കിയതില്‍ സഭ, യുണൈറ്റഡ് സ്റേറ്റ്സിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് ബാവാ അനുസ്മരിച്ചു. ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലും മറ്റ് രാജ്യങ്ങളിലുമുള്ള സഭാംഗങ്ങള്‍ മാതൃസഭയുടെ വികസന, കാരുണ്യ പ്രവര്‍ത്തികള്‍ക്ക് നല്‍കുന്ന സംഭാവനകളുടെ പ്രാധാന്യം വളരെ വലുതാണന്ന് ബാവാ അനുസ്മരിച്ചു.
അസി. വികാരിയും സമ്മേളന പരിപാടിയുടെ എം സിയുമായിരുന്ന ഫാ. ഗീവര്‍ഗീസ് ജോണ്‍, നേപ്പാള്‍ ഫണ്ട് കൈമാറുന്നതിനെ കുറിച്ച് ആമുഖമായി സംസാരിച്ചു.
ഫാ. ഗീവര്‍ഗീസ് ജോണ്‍ ക്ഷണിച്ചതനുസരിച്ച് ഐക്കോണ്‍ വോളന്റിയേഴ്സിനുവേണ്ടി സംസാരിച്ച ഉമ്മന്‍ കാപ്പില്‍ ഐക്കോണ്‍ന്റെ വിവിധ ചാരിറ്റി പ്രോജക്ടുകളെയും അടുത്ത കാലത്ത് ഐക്കോണ്‍ നടപ്പാക്കിയ വിജയമാക്കിയ അത്ലറ്റ് ബി സന്ധ്യ (പാലക്കാട്), റോജി റോയി (നന്ദില, കൊട്ടാരക്കര) സഹായിധി പ്രോജക്ടുകളെയും കുറിച്ച് സംസാരിച്ചു.
പരി. പിതാവിന്റെ ആഹ്വാനത്തിനനുസരിച്ച് ഇന്ത്യക്ക് പുറത്തുനിന്നുള്ള ഫണ്ട് സമാഹരണത്തെ ഐക്കോണ്‍ ഏകോപിപ്പിച്ചതെങ്ങനെയെന്നും വിശദീകരിക്കപ്പെട്ടു. അമേരിക്കയിലുള്ള കുറച്ച് ഇടവകകളേ പദ്ധതിയില്‍ പങ്കെടുത്തിട്ടുള്ളൂവെന്നും ഉടന്‍ തന്നെ പദ്ധതിക്ക് വേഗം ലഭിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വിദേശ ഇടവകകളില്‍ പലതില്‍ നിന്നും കാര്യമായ സംഭാവനകള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയ മാര്‍ നിക്കോളോവോസ്, സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്ത അലക്സിയോസ് മാര്‍ യൌസേബിയൂസ്, നോര്‍ത്ത് ഈസ്റ് അമേരിക്കന്‍, സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസനങ്ങളിലെ ഇടവകകള്‍, യൂറോപ്യന്‍ ഭദ്രാസനങ്ങള്‍, ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള നിരവധി സംഘടനകള്‍, വ്യക്തികള്‍ തുടങ്ങി ഈ ഫണ്ട് സമാഹരണയജ്ഞത്തില്‍ സഹകരിച്ച എല്ലാവരെയും ഐക്കോണ്‍നുവേണ്ടി ഉമ്മന്‍ കാപ്പില്‍ നന്ദിയോടെ സ്മരിച്ചു. ഐക്കോണ്‍ പ്രോജക്ടുകള്‍ക്ക് സര്‍വപിന്തുണയും സഹായവും നല്‍കുന്ന സെന്റ് തോമസ് ചര്‍ച്ചിന്റെ സഹകരണത്തെയും അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.
ആമുഖപ്രസംഗത്തിനുശേഷം ഐക്കോണ്‍ ചെക്ക് മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തയ്ക്ക് കൈമാറി. മെത്രാപ്പൊലീത്ത ഐക്കോണിനു വേണ്ടി ചെക്ക് പരി. ബാവായ്ക്ക് കൈമാറി. ഐക്കോണ്‍ ചാരിറ്റീസിന്റെ രണ്ടാംഘട്ട സംഭാവനയാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. ദുരന്തബാധിതര്‍ക്ക് ബ്ളാങ്കറ്റുകളും ടര്‍പോളിന്‍ ഷീറ്റുകളും വാങ്ങുന്നതിനുവേണ്ടി ആദ്യഘട്ടം സംഭാവന കൈമാറിയിരുന്നു. ഐക്കോണിന്റെ ദുരിതസഹായനിധി സമാഹരണത്തില്‍ പരി.ബാവാ സന്തോഷം പ്രകടിപ്പിച്ചു. ചാരിറ്റി ആരും നല്‍കുന്ന ഔദാര്യമാകരുതെന്നും സഹായം ആവശ്യമുള്ള സഹോദരങ്ങളെ സഹായിക്കേണ്ടത് ക്രിസ്തീയ ഉത്തരവാദിത്വമാണന്നും പരി.ബാവാ ഓര്‍മിപ്പിച്ചു. ഐക്കോണ്‍ സുതാര്യമായും മികവോടെയും ചാരിറ്റി പ്രോജക്ടുകള്‍ നടത്തുന്നതില്‍ പരി.ബാവാ സന്തോഷം പ്രകടിപ്പിച്ചു.
ഇടവക വികാരി ഫാ. എം കെ കുറിയാക്കോസ് സ്വാഗതവും പാരിഷ് സെക്രട്ടറി മാത്യു സാമുവേല്‍ നന്ദിയും പറഞ്ഞു. യു എസ് നിവാസികള്‍ക്ക് ഐക്കോണ്‍ ചാരിറ്റീസിനുള്ള സംഭാവനയ്ക്ക് പൂര്‍ണമായും നികുതി ഇളവുണ്ട്.
വിവരങ്ങള്‍ക്ക്:
www.iconcharities.org
ഇമെയില്‍: info@iconcharities.org
വാര്‍ത്ത അയച്ചത്: ജോര്‍ജ് തുമ്പയില്‍

Comments

comments

Share This Post

Post Comment