ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനു ഭക്തി നിർഭര തുടക്കം

FYCDay1-58എലൻവിൽ: ഭക്തിയിലും പാരമ്പര്യ വിശ്വാസത്തിലും അടിയുറച്ച സഭാ സ്നേഹത്തിന്റെ സന്ദേശം വിളിച്ചോതി മലങ്കര ഓർത്തഡോക്സ് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് പ്രൗഢ ഗംഭീരമായ തുടക്കം. അപ് സ്റ്റേറ്റ് ന്യൂയോർക്കിലുളള എലൻവിൽ ഓണേഴ്സ് ഹേവൻ റിസോർട്ടിലാണ് കോൺഫറൻസ് നടക്കുന്നത്. വർണശബളമായ ഘോഷയാത്രയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. സന്ധ്യാപ്രാർഥനയ്ക്കുശേഷം ആരംഭിച്ച ഉദ്ഘാടന സമ്മേളനം ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ നിക്കോളോവോസ് ഉദ്ഘാടനം ചെയ്തു. ജൂലൈ 18 ന് ത്രിദിന കോൺഫറൻസ് സമാപിക്കും.
പഞ്ചനക്ഷത്ര സൗകര്യങ്ങളിൽ മുഴുകുമ്പോഴും വേരുകൾ നാമൊരിക്കലും മറക്കരുതെന്ന് ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു കോൺഫറൻസ് കോർഡിനേറ്റർ ഫാ. വിജയ് തോമസ് സദസിനെ സ്വാഗതം ചെയ്തത്. പിന്നിലേക്ക് നോക്കിയാവണം മുന്നോട്ടു പോകേണ്ടത്.
വിശ്വാസത്തിന്റെ ഈ ശക്തി ചൈതന്യം സഭ ഇന്ന് ആവോളം അനുഭവിക്കുന്നതും ഇതു കൊണ്ടാണ്. നമ്മുടെ യുവ തലമുറയ്ക്ക്, കടന്നു പോയ തലമുറ സഭയ്ക്കുവേണ്ടി അനുഭവിച്ച ത്യാഗങ്ങളുടെയും പ്രതിസന്ധികളുടെയുമൊന്നും കഥയറിയില്ല. ഫാമിലി കോൺഫറൻസ് തുടങ്ങിയിട്ട് 35 വർഷം കടന്നു പോയിരിക്കുന്നു. ഇത് തുടങ്ങി വച്ച മഹനീയരെ നമുക്ക് നന്ദി പൂർവ്വം ഈ അവസരത്തിൽ സ്മരിക്കാം. അവരുടെ ത്യാഗ നിർഭരമായ നേട്ടങ്ങളെയും അടിയുറച്ച വിശ്വാസങ്ങളെയും ഓർമ്മിച്ചു കൊണ്ടു വിജയ് അച്ചൻ എല്ലാവരെയും സ്വാഗതം ചെയ്തു.
ഭദ്രാസനമെത്രാപ്പോലീത്ത സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത, ഫാ. വിജയ് തോമസ്, കീനോട്ട് സ്പീക്കർ വെരി. റവ. ഫിലിപ്പ് തോമസ് കോർ എപ്പിസ്കോപ്പ, ജനറൽ സെക്രട്ടറി ഡോ. ജോളി തോമസ്, ട്രഷറർ തോമസ് ജോർജ് എന്നിവർ ചേർന്നു നിലവിളക്കു കൊളുത്തി. വിശ്വാസികൾ വെളിവ് നിറഞ്ഞോരീശോ എന്ന ഗാനം ഏറ്റുചൊല്ലി.
വിശ്വാസത്തിലൂന്നിയ ആത്മീയ വേദിയിൽ നിൽക്കുമ്പോൾ അനുഭവിക്കാനാവുന്നത് പ്രാർഥനാ ഭരിതമായ സന്തോഷമാണെന്നു ജനറൽ സെക്രട്ടറി ഡോ. ജോളി തോമസ് പറഞ്ഞു. മഹാരഥന്മാരുടെ കാൽപ്പാദങ്ങൾ പതിഞ്ഞ വേദിയാണിത്. യുവതലമുറ ഇതിൽ നിന്നും ആത്മീയമായ പാഠങ്ങൾ ഉൾക്കൊളേളണ്ടിയിരിക്കുന്നു. വിശ്വാസത്തിൽ അടിയുറച്ചു നിന്ന് സമകാലിക പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ടു പോകാൻ കോൺഫറൻസിൽ പങ്കെടുക്കുന്നതിലൂടെ കഴിയട്ടെ എന്നും ഡോ. ജോളി തോമസ് ആശംസിച്ചു.
തുടർന്ന് സംസാരിച്ച സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത തന്റെ മുൻഗാമികളായ ഡോ. തോമസ് മാർ മക്കാറിയോസ്, മാത്യൂസ് മാർ ബർണബാസ് എന്നീ മെത്രാപ്പോലീത്താമാരെ അനുസ്മരിച്ചു കൊണ്ടാണ് പ്രസംഗിച്ചു തുടങ്ങിയത്. തലമുറകളെ ആഘോഷമാക്കുമ്പോൾ പിൻഗാമികളെ നമുക്കൊരിക്കലും മറക്കാനാവില്ല. തികഞ്ഞ ലാളിത്യമാർന്ന തുടക്കമാണ് ഇന്നത്തെ നിലയിലേക്ക് ഈ കോൺഫറൻസിനെ വളർത്തിയത്. കുടിയേറ്റത്തിന്റെ കാലം മുതൽക്ക് ഇവിടെ പടുത്തുയർത്തിയ സഭാ വിശ്വാസത്തെ ഇന്നും അതേ കരുത്തിൽ നിലനിർത്താൻ കഴിയുന്നത് വിശ്വാസത്തിലൂന്നിയ കർമ്മനിരതമായ പ്രവർത്തനമായിരുന്നു. വിശ്വാസത്തിൽ അഭിവൃദ്ധിപ്പെടുന്ന തലമുറ എന്ന ചിന്താവിഷയത്തെ നാം കൂടുതൽ കരുത്തോടെ ഓർമ്മിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി ഓർത്താണ് ഇന്നത്തെ തലമുറയുടെ വേവലാതി. ഈ മനോഭാവം തിരുത്തേണ്ടിയിരിക്കുന്നു. അവരെക്കുറിച്ചുളള ഉത്കണ്ഠയിൽ അർത്ഥമില്ല. ആരുമതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതുമില്ലെന്നു തിരുമേനി പറഞ്ഞു. വിശ്വാസത്തിലൂന്നിയുളള പ്രവർത്തനമാണ് നമ്മുടേത്. ആത്മീയമായ ഈ കെട്ടുറപ്പ് തലമുറകൾ കൈമാറി നമുക്ക് ലഭിച്ചതാണ്. നമ്മൾ നമ്മോടു തന്നെ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. എന്തിന് ഈ രാജ്യത്തേക്ക് വന്നു ? 99 ശതമാനം പേരും അവസരങ്ങൾ തേടിയെത്തി എന്നു പറയും.
അങ്ങനെ വന്നെങ്കിലും ദൈവത്തിന്റെ പദ്ധതിയനുസരിച്ചാണ് നിങ്ങൾ ഇവിടേക്ക് വന്നതെന്നു ഞാൻ പറയും. ഈ വിശ്വാസം നാമെന്നും നിലനിർത്തണം. ആത്മീയമായ കൂട്ടായ്മയും കെട്ടുറപ്പും നമ്മുടെ വിശ്വാസത്തിന് കൂടുതൽ കരുത്തും നൽകും. ദൈവത്തിൽ എല്ലാം ഭദ്രമാണെന്ന് നാം വിശ്വസിക്കുന്നു. പുതിയ തലമുറയും വിശ്വാസത്തിൽ അടിയുറച്ചു ജീവിക്കുന്നവരാണ്. അതു നിലനിർത്തുകയും അവരുടെ വിശ്വാസത്തെ കൂടുതൽ ബലപ്പെടുത്തുകയുമാണ് കോൺഫറൻസിന്റെ ലക്ഷ്യമെന്നും മാർ നിക്കോളോവാസ് പറഞ്ഞു.
അമേരിക്കയിലെ മലങ്കര സഭയുടെ ചരിത്ര നിമിഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിലെ സന്തോഷം പങ്കു വച്ചു കൊണ്ടാണ് വെരി. റവ. ഫിലിപ്പ് തോമസ് കോർ എപ്പിസ്കോപ്പാ ഹൃസ്വമായ പ്രസംഗം നടത്തിയത്. പ്രതീക്ഷാ നിർഭരമായ പുതിയ തലമുറയിൽ നിന്നു സഭ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ടെന്നു പറഞ്ഞ അച്ചൻ മലേഷ്യയിലെ സഭയുടെ വളർച്ചയെപ്പറ്റി പ്രതിപാദിച്ചു. പിറന്നാൾ ആഘോഷിക്കുന്ന ഭദ്രാസന സെക്രട്ടറി ഫാ. എം. കെ. കുറിയാക്കോസിനെയും വേദിയിൽ അനുമോദിച്ചു.
തുടർന്ന് കോൺഫറൻസിനോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീർ മെത്രാപ്പോലീത്ത സഖറിയാ മാർ നിക്കോളോവോസ് പ്രകാശനം ചെയ്തു. ഫിനാൻസ് ചെയർ ഫിലിപ്പോസ് ഫിലിപ്പ്, ചീഫ് എഡിറ്റർ ലിൻസി ഫിലിപ്പ് എന്നിവർ സംസാരിച്ചു. ഓൺസൈറ്റ് റെസ്പോൺസിബിലിറ്റിയുടെ ചുമതലയുളള ജെസി തോമസ് കോൺഫറൻസ് റൂൾസ് ആൻഡ് റെഗുലേഷൻസിനെ പറ്റി സംസാരിച്ചു. കോർഡിനേറ്റർ ഫാ. വിജയ് തോമസ് കോൺഫറൻസിൽ സമയ കൃത്യത പാലിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ഓർമിപ്പിച്ചു. ട്രഷറർ തോമസ് ജോർജ് കൃതജ്​ഞത പ്രകാശിപ്പിച്ചു.
സ്റ്റീഫൻ ദേവസി, അഞ്ജു ജോസഫ്, ഡ്രമ്മർ ജിമ്മി ജോർജ് എന്നിവർ നയിച്ച ഡിവോഷണൽ ഗാനമേള സദസിനെ സന്തോഷഭരിതമാക്കി. നേരത്തെ കോൺഫറൻസിനോടനുബന്ധിച്ചു നടന്ന വർണ്ണാഭമായ ഘോഷയാത്ര വൈകുന്നേരം ആറ് മണിക്ക് തുടങ്ങി. ഭക്തിഗാനങ്ങളുടെയും സഭാ വിശ്വാസ പ്രഖ്യാപനങ്ങളുടെയും ശിങ്കാരി മേളത്തിന്റെയും അകമ്പടിയോടെ കുട്ടികളും യുവജനങ്ങളും സ്ത്രീപുരുഷന്മാരും ഒരുമിച്ചു ചേർന്നു നടത്തിയ ഘോഷയാത്ര അവിസ്മരണീയമായി.
അസ്തമയ സൂര്യന്റെ 85 ഡിഗ്രി ചൂട് നിറഞ്ഞ അന്തരീക്ഷത്തിൽ വൈകുന്നേരത്തെ ചെറു കാറ്റിന്റെ അകമ്പടിയോടെ എലൻവില്ലിലെ ശാന്ത സുന്ദരമായ പ്രകൃതിയുടെ പശ്ചാത്തലത്തിലാണ് ഘോഷയാത്ര ആരംഭിച്ചത്. 18 പേർ ചേർന്ന് നടത്തിയ ശിങ്കാരിമേളമായിരുന്നു ഒരു ഹൈലൈറ്റ്. എൽമോണ്ട് സെന്റ് ഗ്രിഗോറിയോസ് ചർച്ചിന്റെ നേതൃത്വത്തിലായിരുന്നു മേളം. ലോബിയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര നിറപ്പകിട്ടാർന്ന വിധത്തിൽ മനോഹരമാക്കാൻ ഓരോരുത്തരും ശ്രദ്ധിച്ചിരുന്നു. കറുത്ത പാന്റും വെളുത്ത ഷർട്ടും ഓരോ ഏരിയയ്ക്കും നിശ്ചയിച്ചിരുന്ന കളറോടു കൂടിയ ടൈയുമാണ് പുരുഷന്മാർ ധരിച്ചിരുന്നത്. സ്ത്രീകൾ അതിനുയോജിച്ച സാരിയും ബ്ലൗസും അണിഞ്ഞെത്തി. ബ്രോങ്ക്സ്, വെസ്റ്റ് ചെസ്റ്റർ അപ് സ്റ്റേറ്റ് ന്യൂയോർക്ക്, ബോസ്റ്റൺ എന്നിവിടങ്ങളിൽ നിന്നുളളവർ നീല നിറവും, ക്യൂൻസ് ലോങ് ഐലൻഡ് എന്നിവിടങ്ങളിൽ നിന്നുളളവർ മെറൂണും, റോക്ക് ലാൻഡ്, സ്റ്റാറ്റൻ ഐലൻഡ് എന്നിവിടങ്ങളിൽ നിന്നുളളവർ പച്ച കളർ വസ്ത്രങ്ങളുമണിഞ്ഞാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. ന്യൂ ജഴ്സി, ഫിലഡൽഫിയ, ബാൾട്ടിമൂർ, വാഷിങ്ടൺ ഡിസി, വിർജീനിയ, നോർത്ത് കരോലിന എന്നിവിടങ്ങളിൽ നിന്നുളളവർ മഞ്ഞ നിറത്തിൽ ശ്രദ്ധേയരായി.
വൈകുന്നേരത്തെ ക്യാംപ് ഫയർ കോൺഫറൻസിലെ പങ്കാളികളെല്ലാവരും അസ്വദിച്ചു.

Comments

comments

Share This Post

Post Comment