അപൂര്‍വ്വ ഗുരുശിഷ്യ ബന്ധത്തിന്റെ സ്മരണകളുണര്‍ത്തി പാമ്പാടി ദയറായില്‍ ഗുരുവനന്ദം

Guruvandhanamപാമ്പാടി: അധ്യാപക ദിനത്തില്‍ അപൂര്‍വമായ ഗുരുശിഷ്യ ബന്ധത്തിന്റെ സ്മരണകളുമായി പാമ്പാടി ദയറായില്‍ ഗുരുവനന്ദം നടത്തും. സെപ്റ്റംബര്‍ 5ന് 10.30ന് നടത്തുന്ന ഗുരുവനന്ദത്തില്‍ പാമ്പാടി തിരുമേനിയുടെ ദര്‍ശനങ്ങളെ ജീവിതത്തില്‍ പകര്‍ത്തിയ ഗുരുശ്രേഷ്ഠരായ ഫാ.ഡോ. ടി.ജെ.ജോഷ്വാ, വന്ദ്യ കെ.ഐ. ഫിലിപ്പ് റമ്പാന്‍, ഫാ.ഡോ. കെ.എം. ജോര്‍ജ്ജ്, സിസ്റര്‍ ഡോ. മേരി ലിറ്റി, വി.ടി. ചാക്കോ, ഡോ. ജോര്‍ജ്ജ് ജേക്കബ് എന്നിവരെ ആദരിക്കും.
അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ പി.എസ്.സി. ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുമെന്ന് ദയറാ മാനേജര്‍ ഫാ. മാത്യു കെ.ജോണ്‍, കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. തോമസ് വര്‍ഗീസ്, പ്രോഗ്രാം കണ്‍വീനര്‍ ഫാ. കുര്യാക്കോസ് മാണി എന്നിവര്‍ അറിയിച്ചു.
പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമ കനക ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന ഗുരുവനന്ദത്തിന് ഊഷ്മളമായ ഒരു ഗുരുശിഷ്യ ബന്ധത്തിന്റെ പാരമ്പര്യമുണ്ട്. പാമ്പാടി തിരുമേനിയും ഗുരുവായ മഠത്തിലാശാനും തമ്മിലുള്ള ബന്ധമാണ് പുതുതലമുറയിലെ കണ്ണികളെയും വിളക്കിച്ചേര്‍ത്ത് മുന്നേറുന്നത്. തിരുമേനി റമ്പാച്ചന്‍ ആയിരുന്ന കാലത്ത് മാതൃദേവാലയമായ പാമ്പാടി പള്ളിയിലാണ് താമസിച്ചിരുന്നത്. സഭയിലുണ്ടായിരുന്ന കക്ഷിവഴക്ക് റമ്പാച്ചനെ ദുഃഖിപ്പിച്ചു. പൂര്‍ണ്ണ സന്യാസിയായ തനിക്ക് സ്വസ്ഥമായി ദൈവസംസര്‍ഗം അനുഭവിച്ചു കഴിയാനുള്ള ഇടം അന്യേഷിച്ചു റമ്പാച്ചന്‍ എത്തിയത് ഗുരുവായ മഠത്തിലാശാന്റെ അരികിലാണ്.
ചരിത്ര നിയോഗത്തിന് ഇവിടെ നിന്നാണ് തുടക്കം കുറിക്കുന്നത്. ശിഷ്യനു തപസനുഷ്ഠിച്ച് പ്രാര്‍ത്ഥിക്കാന്‍ സ്വന്തം സ്ഥലമായ പൊത്തന്‍പുറം കുന്നു നിര്‍ദ്ദേശിച്ചത് മഠത്തിലാശാനാണ്. നാമമാത്രമായ വിലയ്ക്ക് 1913ല്‍ പൊത്തന്‍പുറം കുന്നിലുണ്ടായിരുന്ന 12 ഏക്കര്‍ വനപ്രദേശം മഠത്തിലാശാന്‍ പാമ്പാടി തിരുമേനിക്കു നല്‍കി.
ഗുരുവും ശിഷ്യനും തമ്മിലുള്ള കൂടിക്കാഴ്ച വളരെ ഹൃദ്യമായിരുന്നു. ശിഷ്യന്‍ മെത്രാപ്പേലീത്താ ആയശേഷവും ഗുരു കാണാത്തുെമായിരുന്നു. മെത്രാനായതുകൊണ്ട് ഗുരു ശിഷ്യന് മുമ്പിലും ഗുരുവായതിനാല്‍ ശിഷ്യന്‍ ഗുരുവിന്റെ മുമ്പിലും ഇരിക്കില്ല. പരസ്പരം ആദരവ് ചൊരിഞ്ഞായിരുന്നു ഇരുവരും സംസാരിച്ചിരുന്നത്.
മഠത്തിലാശാനോട് മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ഗാഢമായ ബന്ധം തിരുമേനി പുലര്‍ത്തി. മഠത്തിലാശാന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളോടും പാമ്പാടി തിരുമേനിക്ക് വ്യക്തിബന്ധമുണ്ടായിരുന്നു. ഉയര്‍ന്ന പഠനത്തിനായി പോകുമ്പോള്‍ കുടുംബാംഗങ്ങള്‍ തിരുമേനിയുടെ അരികിലെത്തി അനുഗ്രഹം തേടിയിരുന്നു. തിരുമേനി മരണാസന്നനായി കിടക്കുമ്പോള്‍ മഠത്തിലാശാന്റെ കുടുംബാംഗങ്ങള്‍ സന്ദര്‍ശിക്കാനെത്തി. മഠത്തിലാശാന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് പാമ്പാടി തിരുമേനി വിതുമ്പി. അപൂര്‍വ്വമായ ഈ ബന്ധത്തിന്റെ സ്മരണകള്‍ പുതുക്കിയാണ് തിരുമേനിയുടെ ചരമ കനക ജൂബിലിയോടനുബന്ധിച്ച് ഗുരുവനന്ദം പരിപാടി സംഘടിപ്പിക്കുന്നത്.

Comments

comments

Share This Post

Post Comment