വിശുദ്ധരുടെ എണ്ണം മതത്തെ മഹത്തരമാക്കും: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

Guru Vandhanamപാമ്പാടി: ഒരു മതം മഹത്തരമാകുന്നത് ആ മതത്തില്‍ എത്ര വിശുദ്ധരുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാണെന്ന് പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍.
പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമ കനക ജൂബിലിയോടനുബന്ധിച്ച് പാമ്പാടി ദയറായില്‍ നടന്ന ഗുരുവന്ദനം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുശിഷ്യ ബന്ധത്തിന്റെ മഹത്വം ഭാരതത്തിന്റെ മഹാ പൈതൃകത്തിന്റെ ഭാഗമാണ്. ആ മഹത്തായ പൈതൃകം ഉള്‍ക്കൊണ്ട് സമര്‍പ്പിച്ച ജീവിതമായിരുന്നു പരിശുദ്ധ പാമ്പാടി തിരുമേനിയുടേത്. ശിഷ്യന്റെ വിശുദ്ധി ഗുരുവും, ഗുരുവിന്റെ മഹത്വം ശിഷ്യനും തിരിച്ചറിഞ്ഞ വളരെ വിചിത്രമായ ഗുരുശിഷ്യ ബന്ധമായിരുന്നു പരിശുദ്ധ പാമ്പാടി തിരുമേനിയും ഗുരുവായ മഠത്തിലാശാനും തമ്മിലുള്ളത്. ആ ബന്ധത്തിന്റെ നിത്യസ്മാരകമാണ് പാമ്പാടി ദയറാ.
വിശുദ്ധിയിലേക്ക് എളുപ്പമാര്‍ഗ്ഗമില്ല എന്നതാണ് പാമ്പാടി തിരുമേനിയുടെ ജീവിതം പഠിപ്പിക്കുന്ന പ്രധാന പാഠങ്ങളിലൊന്ന്. ജീവക്കുന്ന ചുറ്റുപാടില്‍ നിന്ന് അദ്ദേഹം ദൈവനീതി കണ്ടെത്തി. വിശുദ്ധിയിലേക്ക് തിരുമേനി നടന്നുകയറിയ മാര്‍ഗമാണ് മാതൃകയാക്കേണ്ടതെന്നും ഡോ. രാധാകൃഷ്ണന്‍ പറഞ്ഞു.
ഏറ്റവും മഹത്തായ സ്ഥാനമാണ് ഗുരുവിനുള്ളതെന്നും ഗുരുവന്ദനം ദൈവവന്ദനമാണെന്നും അധ്യക്ഷത വഹിച്ച അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ പറഞ്ഞു.
പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ജീവിതം മാതൃകയാക്കിയ ഫാ.ഡോ. ടി.ജെ. ജോഷ്വാ, ഫാ. കെ.ഐ. ഫിലിപ്പ് റമ്പാന്‍, ഫാ.ഡോ. കെ.എം. ജോര്‍ജ്ജ്, സിസ്റര്‍ ഡോ. മേരി ലിറ്റി, വി.ടി. ചാക്കോ, ഡോ.ജോര്‍ജ്ജ് ജേക്കബ് എന്നിവരെ ഗുരുവന്ദനത്തിലൂടെ ആദരിച്ചു.
ചാഫ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് വര്‍ഗീസ് കാവുങ്കല്‍, പ്രൊഫ. മേരി മാത്യു, പ്രൊഫ. ടി.ടി. കുര്യാക്കോസ്, ദയറാ മാനേജര്‍ ഫാ.മാത്യു കെ. ജോണ്‍, അസിസ്റന്റ് മാനേജര്‍ ഫാ. സി.എ. വര്‍ഗീസ്, പ്രൊഫ. തോമസ് കുരുവിള എന്നിവര്‍ പ്രസംഗിച്ചു.
പള്ളിവാതുക്കല്‍ സ്കൂളില്‍ മഠത്തിലാശാന്‍ മെമ്മോറിയല്‍ ലൈബ്രറി തുടങ്ങും
അധ്യാപക ദിനത്തില്‍ ഗുരുശിഷ്യ ബന്ധത്തിന്റെ മഹത്വവുമായി പള്ളിവാതുക്കല്‍ എം.ഡി. എല്‍.പി. സ്കൂളിന് ഒരു സമ്മാം. പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഗുരുവായിരുന്ന മഠത്തിലാശാന്റെ സ്മരണയ്ക്കായി മഠത്തിലാശാന്‍ മെമ്മോറിയല്‍ ലൈബ്രറി സ്കൂളില്‍ ആരംഭിക്കും. ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങള്‍ ദയറായില്‍ നടന്ന ഗുരുവന്ദനം പരിപാടിയില്‍ സ്കൂളിനു കൈമാറി. അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായില്‍ നിന്ന് ഹെഡ്മിസ്ട്രസ് ശോശാമ്മ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. പരിശുദ്ധ പാമ്പാടി തിരുമേനി പ്രാഥമിക വിദ്യാഭ്യാസം നിര്‍വഹിച്ച സ്കൂളാണ് പള്ളിവാതുക്കല്‍ എം.ഡി. എല്‍.പി. സ്കൂള്‍.

Comments

comments

Share This Post

Post Comment