പരുമല പെരുന്നാള്‍ 2015: പ്രധാന പന്തല്‍ കാല്‍നാട്ട് ഒക്ടോബര്‍ 4ന്

Parumala Pandal Newsപരുമല: വിശുദ്ധി നിറഞ്ഞ ജീവിത ചര്യയിലൂടെ വിശുദ്ധിയുടെ പടവുകള്‍ ചവിട്ടി കയറിയ മലങ്കര സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ “പരിശുദ്ധ പരുമല കൊച്ചുതിരുമേനി” യുടെ 113-ാം ഓര്‍മ്മപ്പെരുന്നാള്‍ 2015 ഒക്ടോബര്‍ മാസം 26ാം തീയതി മുതല്‍ നവംബര്‍ 2-ാം തീയതി വരെ വിവിധ പരിപാടികളോടുകൂടി ഏറ്റവും ഭക്ത്യാദരപൂര്‍വ്വം ആചരിക്കുകയാണ്. പധാന പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം ഒക്ടോബര്‍ 4ന് രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം നടക്കും.
ഒക്ടോബര്‍ 26ാം തീയതി ഞായറാഴ്ച 2ന് നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ പെരുന്നാള്‍ കൊടിയേറ്റ് നിര്‍വഹിക്കും. 3 മണിക്ക് ചേരുന്ന തീര്‍ത്ഥാടന വാരാഘോഷ പൊതുസമ്മേളനം പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും.
യുവജന പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന 144 മണിക്കൂര്‍ അഖണ്ഡ പ്രാര്‍ത്ഥന ഉദ്ഘാടനം ചെയ്യും. തീര്‍ത്ഥാടന വാരത്തിന്റെ എല്ലാ ദിവസങ്ങളിലും ധ്യാനവും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ആദ്യകാല വസതിയില്‍ വേദപുസ്തക പാരായണവും ഗാനശുശ്രൂഷയും നടത്തുന്നതാണ്.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവായുടെ മുഖ്യകാര്‍മികത്വത്തിലും അഭിവന്ദ്യരായ തിരുമിേമാരുടെ സഹകാര്‍മികത്വത്തിലും പെരുന്നാള്‍ ശുശ്രൂഷകള്‍ നടക്കും. പെരുന്നാളിന്റെ വിവിധ ദിവസങ്ങളിലെ പരിപാടികളില്‍ സാമൂഹിക-സാമൂദായിക നേതാക്കന്മാര്‍ നേതൃത്വം നല്‍കുന്നതാണ്.
കേരളത്തിലെ വിവിധ ഭദ്രാസനങ്ങളില്‍ നിന്നും ഇടവകയില്‍ നിന്നും ബാഹ്യ കേരളത്തില്‍ നിന്നും പദയാത്രികരായി എത്തിച്ചേരുന്ന തീര്‍ത്ഥാടക സംഘങ്ങളെ ഒക്ടോബര്‍ 31ന് രാവിലെ 9.30ന് കബറിങ്കലേക്ക് സ്വീകരണം നല്‍കും. ഈ വര്‍ഷത്തെ പെരുന്നാള്‍ ശുശ്രൂഷകളിലും അതിനോടുചേര്‍ന്നുള്ള മറ്റ് പ്രോഗ്രാമുകളിലും വിശ്വാസികളേവരും പ്രാര്‍ത്ഥനാപൂര്‍വ്വം സംബന്ധിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കുമാറാകണം.

Comments

comments

Share This Post

Post Comment