സൌമ്യതയുടെ കിരീടവുമായി ഡല്‍ഹിയ്ക്ക് പ്രഥമ കോര്‍-എപ്പിസ്കോപ്പാ

Cor-Episcopaഡല്‍ഹി ഭദ്രാസനത്തില്‍ ആദ്യമായി വാഴിക്കപ്പെട്ട കോര്‍-എപ്പിസ്കോപ്പയാണ് വന്ദ്യ സാം വി. ഗബ്രിയേല്‍ കോര്‍-എപ്പിസ്കോപ്പാ. ഈ പദവിക്ക് തികച്ചും യോഗ്യനായ ആത്മീയ പിതാവ്. ലാളിത്യത്തിന്റെ പര്യായമായി, യുവതലമുറയുടെ മാതൃകയും വിസ്മയവും, ആചാര്യഗണത്തിന് ഒരു ആത്മീയ മാര്‍ഗ്ഗദര്‍ശിയുമായ പുരോഹിത ശ്രേഷ്ഠന്‍. ദൃഢതയുള്ള തീരുമാനവും, കര്‍മ്മ മേഖലയിലെ സമര്‍പ്പണവും, സാഹചര്യങ്ങളോടുള്ള താദാത്മ്യവും, സുവിശേഷം പകരുവാനുള്ള അഭിവാഞ്ചയും, ശിഷുക്കളോടുള്ള അതിരറ്റ സ്നേഹ വാത്സല്യവും, പ്രായാധിക്യത്തിലും കര്‍മ്മനിരതനാകാനുള്ള താല്പര്യവും, സമര്‍പ്പിത ആരാധനയും, സാധുക്കളോടുള്ള അനുകമ്പയും വന്ദ്യ സാം വി. ഗബ്രിയേല്‍ കോര്‍-എപ്പിസ്കോപ്പായെ മറ്റ് വൈദികരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. ഡല്‍ഹി ഭദ്രാസനത്തിന്റെ ആരംഭം മുതല്‍ ഈ ഭദ്രാസനത്തില്‍ സേവനം അനുഷ്ഠിക്കുന്ന ഏക വൈദികനാണ് പ്രഥമ കോര്‍-എപ്പിസ്കോപ്പാ.
പരിശുദ്ധ പരുമല തിരുമേനി തിരഞ്ഞെടുത്ത്, പരുമലയിലെ പഠിത്തവീട്ടില്‍ പഠിപ്പിച്ച മുതിര്‍ന്ന ശെമ്മാശന്മാരില്‍ ഒരാളായ കാട്ടൂരച്ചന്‍ എന്ന നാമത്തില്‍ അറിയപ്പെട്ടിരുന്ന ഫാ. ജോസഫ് ഐപ്പ് കത്തനാരുടെ പുത്രന്‍ പരേതനായ വി.ജെ. ഗബ്രിയേല്‍ കോര്‍-എപ്പിസ്കോപ്പായുടെയും കുഞ്ഞമ്മ ഗബ്രിയേലിന്റെയും അഞ്ചു മക്കളില്‍ നാലാമനായി 1943 നവംബര്‍ 5ന് പത്തനംതിട്ട വയലത്തല വടശ്ശേരിയത്ത് കുടുംബത്തില്‍ ജനിച്ചു. മാതാപിതാക്കളുടെ അഭ്യര്‍ത്ഥനപ്രകാരം കോട്ടയം പഴയ സെമിനാരിയില്‍ പരിശുദ്ധ ഗീവറുഗീസ് ദ്വിതീയന്‍ ബാവാ തിരുമേനി ‘ശമുവേല്‍’ എന്ന നാമകരണം ചെയ്ത് മാമോദീസാ നിര്‍വഹിച്ചു. ഡല്‍ഹിയില്‍ കബറടങ്ങിയിട്ടുള്ള പരേതായ വി.സി. ജോര്‍ജ്ജ് അച്ചന്‍ തലതൊട്ട പിതാവാണ്. കുഞ്ഞുമോള്‍ സഹധര്‍മ്മിണിയും ഗബ്രിയേല്‍, ദീപ, സ്തേഫാനോസ് എന്നിവര്‍ മക്കളുമാണ്.
സ്കൂള്‍ വിദ്യാഭ്യാസത്തെ തുടര്‍ന്ന് കോട്ടയം സി.എം.എസ്. കോളജിലും, പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലും, ബിരുദാനന്തര പഠനം മഹാരാഷ്ട്രയില്‍ പൂനൈ സര്‍വ്വകലാശാലയിലും നിര്‍വഹിച്ചു. 1968-1972 ബാച്ചില്‍ കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് ബി.ഡി. ബിരുദം കരസ്ഥമാക്കി. 1971 ജൂലൈ 3ന് പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവാ കോട്ടയം പഴയ സെമിനാരിയില്‍ വെച്ച് ശെമ്മാശ്ശനാക്കി പട്ടം നല്‍കി. 1972 ഏപ്രില്‍ മാസം മുതല്‍ 1974 മാര്‍ച്ച് മാസം വരെ അന്ന് വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ആയിരുന്ന പോള്‍ വര്‍ഗ്ഗീസ് അച്ചന്റെ (പില്‍ക്കാലത്ത് പൌലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ) താല്പര്യപ്രകാരം സെമിനാരിയില്‍ അഡ്മിിസ്ട്രേറ്റീവ് അസിസ്റന്റായി പ്രവര്‍ത്തിച്ചു. 1974 ഫെബ്രുവരി മാസം 18ന് തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന കാലംചെയ്ത ദാനിയേല്‍ മാര്‍ പീലക്സിനോസ് തിരുമേനി വൈദികപട്ടം നല്‍കി. ബാഹ്യകേരള ഭദ്രാസനത്തില്‍ ശുശ്രൂഷിക്കുവാനായി കല്‍പ്പിച്ചു നിയോഗിച്ചു.
1974 മുതല്‍ ബാഹ്യകേരള ഭദ്രാസനത്തില്‍ പ്രവര്‍ത്തിച്ചുവരവേ പ്രസ്തുത ഭദ്രാസനം 1975ല്‍ മൂന്നായി വിഭജിക്കപ്പെട്ടപ്പോള്‍ മുംബൈ ഭദ്രാസനത്തിലും, 1979 ല്‍ ഡല്‍ഹി ഭദ്രാസനം രൂപീകരിച്ചപ്പോള്‍ അന്ന് വികാരിയായിരുന്ന ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയോടുകൂടെ ഡല്‍ഹി ഭദ്രാസനത്തില്‍ എത്തിച്ചേരുകയും ചെയ്തു. 42 വര്‍ഷമായി വൈദിക ശുശ്രൂഷയില്‍ തുടരുകയും അനുബന്ധമായി 25 വര്‍ഷങ്ങള്‍ വിവിധ സ്കൂളുകളുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. പൂനൈ സെന്റ് തോമസ്, ദുബായ് സെന്റ് തോമസ്, ജനക്പുരി മാര്‍ ഗ്രീഗോറിയോസ്, ഹോസ്ഖാസ് സെന്റ് മേരീസ്, മയൂര്‍വിഹാര്‍ ഫോസ് വണ്‍ സെന്റ് ജോണ്‍സ്, അബുദാബി സെന്റ് ജോര്‍ജ്ജ്, ഉദയപൂര്‍ മാര്‍ ഗ്രീഗോറിയോസ്, ഫരീദാബാദ് സെന്റ് മേരീസ്, സരിതവിഹാര്‍ സെന്റ് തോമസ്, എന്നീ ദേവീലയങ്ങളില്‍ വികാരിയായും ജനക്പൂരി, ഹോസ്ഖാസ്, ഉദയ്പൂര്‍, ഫരീദാബാദ് എന്നിവിടങ്ങളിലെ സ്കൂളുകളില്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ദ്വാരക സെന്റ് ജോര്‍ജ്ജ് ഇടവകയുടെ വികാരിയായി പ്രവര്‍ത്തിച്ചു വരുന്നു.

Comments

comments

Share This Post

Post Comment