കാതോലിക്കാ ബാവ മെൽബൺ സന്ദർശിക്കുന്നു

മെൽബൺ: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവ മെൽബണിലെ സെന്റ് മേരീസ് കത്തീഡ്രൽ പളളിയുടെ ക്ലേറ്റനിൽ പുതിയതായി പണി കഴിപ്പിച്ച സെന്റ് ഗ്രീഗോറിയോസ് ചാപ്പലിന്റെ കൂദാശാ കർമ്മങ്ങൾക്കായി മെൽബൺ സന്ദർശിക്കുന്നു.
കേരളത്തിൽ നിന്ന് പുറപ്പെട്ട് ന്യൂസിലാൻഡ് വഴിയാണ് പരിശുദ്ധ കാതോലിക്ക ബാവ ഓസ്ട്രേലിയായിൽ എത്തുന്നത്. നവംബർ 19 ന് മെൽബൺ ഇന്റർ നാഷണൽ എയർപോർട്ടിൽ എത്തുന്ന പരിശുദ്ധ കാതോലിക്ക ബാവക്ക് വൈദികരും വിശ്വാസികളും ചേർന്നു വരവേൽപ് നൽകും. അന്നു വൈകിട്ട് 6 ന് പാർക്ക് ഹയിറ്റ് ഹോട്ടലിൽ രാഷ്ട്രീയ സാമൂഹിക സഭാ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന സ്വീകരണത്തോടെ കാതോലിക്ക ബാവയുടെ മെൽബണിലെ പരിപാടികൾ ആരംഭിക്കും. പരിശുദ്ധ കാതോലിക്ക ബാവയുടെ ആദ്യ ഓസ്ട്രേലിയൻ സന്ദർശനം ആണെന്ന പ്രത്യേകതയും ഈ സന്ദർശനത്തിനുണ്ട്.
നവംബർ 20 ന് വൈകിട്ട് തുടങ്ങുന്ന ചാപ്പൽ കൂദാശ കർമങ്ങൾ പിറ്റേദിവസം മൂന്നിന്മേൽ കുർബാനയോടെ സമാപിക്കും. 12ന് ഇതര സാമൂഹിക രാഷ്ട്രീയ മത നേതാക്കളെ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലും കാതോലിക്ക ബാവ മുഖ്യാതിഥിയായിരിക്കും. നവംബർ 22 ഞായറാഴ്ച മെൽബൺ സെന്റ് മേരീസ് കത്തീഡ്രൽ പളളിയിൽ കാതോലിക്ക ബാവ വിശുദ്ധ കുർബാന അർപ്പിക്കും.
ഓസ്ട്രേലിയൻ സന്ദർശനത്തിന്റെ ഭാഗമായി പരിശുദ്ധ കാതോലിക്ക ബാവ സിഡ്നി, കാൻബറ, ബ്രിസ്ബയിൻ എന്നീവിടങ്ങളിലുളള ഇടവക പളളികൾ സന്ദർശിക്കുകയും വിവിധ രാഷ്ട്രീയ സാമൂഹിക സഭാ നേതാക്കളുമായി കൂടി കാഴ്ച നടത്തുകയും ചെയ്യും.
മലങ്കര ഓർത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ്, കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനീയോസ് തുടങ്ങിയ മെത്രാപ്പോലീത്തമാർ പരിശുദ്ധ കാതോലിക്കാ ബാവയോടൊപ്പം പരിപാടികളിൽ പങ്കെടുക്കും.
വികാരി റവ. ഫാ. ഷിനു കെ. തോമസ്, അസിസ്റ്റന്റ് വികാരി റവ. ഫാ. ഫ്രെഡിനാൻഡ് പത്രോസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പരിപാടികളുടെ ക്രമീകരണങ്ങൾ നടത്തി കൊണ്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *