കാതോലിക്കാ ബാവായെ സ്വീകരിക്കാന്‍ സിഡ്നി ഒരുങ്ങുന്നു

സിഡ്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സിഡ്നി സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇടവക വികാരി ഫാ. തോമസ് വര്‍ഗീസ് അറിയിച്ചു.
10 ദിവസത്തെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനായി എത്തുന്ന പരിശുദ്ധ കാതോലിക്കാ ബാവാ നവംബര്‍ 14 മുതല്‍ 16 വരെ സിഡ്നിയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പരിശുദ്ധ കാതോലിക്കാ ബാവായുടെ ഒന്നാം ശ്ലൈഹിക സന്ദര്‍ശനം അവിസ്മരണീയമായി തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് സിഡ്നിയിലെ നസ്രാണി സമൂഹം.
14ന് രാവിലെ ന്യൂസ് ലാന്‍ഡില്‍ നിന്ന് സിഡ്നി എയര്‍പോര്‍ട്ടില്‍ എത്തുന്ന പരിശുദ്ധ കാതോലിക്കാ ബാവായെ ചെന്നൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിയെസ്കോറോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ വൈദീകരും, മാനേജിങ് കമ്മിറ്റി അംഗങ്ങളും, വിശ്വാസികളും ചേര്‍ന്ന് വരവേല്‍പ്പ് നല്‍കും. വൈകിട്ട് വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തില്‍ എഡന്‍സര്‍ പാര്‍ക്കിലുള്ള പാര്‍ക്ക് സൈഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കും.
സിഡ്നിയിലെ സമുന്നതരായ നേതാക്കളും ഇതര ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും സാമുദായിക നേതാക്കളും സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കും. പരിശുദ്ധ കാതോലിക്കാ ബാവായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീര്‍ പ്രകാശനവും നടത്തപ്പെടും.
സിഡ്നി സെന്‍റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ എത്തുന്ന പരിശുദ്ധ കാതോലിക്കാ ബാവായെ വിശ്വാസി സമൂഹം പള്ളിയിലേക്ക് ആനയിക്കും. തുടര്‍ന്ന് പരിശുദ്ധ കാതോലിക്കാ ബാവാ സന്ധ്യാപ്രാര്‍ത്ഥനയ്ക്കു ശേഷം വിശ്വാസി സമൂഹവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. പിറ്റേ ദിവസം പരിശുദ്ധ കാതോലിക്കാ ബാവാ കത്തീഡ്രല്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും പുതുതായി പണികഴിപ്പിച്ച സണ്‍ഡേസ്കൂള്‍ കെട്ടിടത്തിന്‍റെ കൂദാശ നിര്‍വഹിക്കുന്നതുമാണ്. സിഡ്നിയിലും പരിസരത്തുമുള്ള ദേവാലയങ്ങളിലെയും കോണ്‍ഗ്രിഗേഷനുകളിലെയും വിശ്വാസികള്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കും. വൈകിട്ട് എപ്പിംഗ് സെന്‍റ് മേരീസ് ചര്‍ച്ചില്‍ സന്ധ്യാനമസ്കാരത്തിനു നേതൃത്വം നല്‍കും.
തിങ്കളാഴ്ച രാവിലെ പരിശുദ്ധ കാതോലിക്കാ ബാവാ കാന്‍ബറയിലേക്ക് തിരിക്കും. സിഡ്നിയിലെ സന്ദര്‍ശന വേളയില്‍ ഇതര ക്രൈസ്ത്വ സഭാ മേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും.
സിഡ്നിയിലെ പ്രഥമ ശ്ലൈഹിക സന്ദര്‍ശനം വന്‍വിജയമാക്കുന്നതിനായി ഇടവക വികാരി ഫാ. തോമസ് വര്‍ഗീസിന്‍റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *