തരീസ്സാപ്പള്ളി പട്ടയം മതസൗഹാര്‍ദ്ദത്തിന്‍റെ ആദ്യമാതൃക: ഡോ. എം. ജി. എസ് നാരായണന്‍

കോട്ടയം: ലോകത്തെ മതസൗഹാര്‍ദ്ദത്തിന്‍റെ ആദ്യമാതൃകയാണ് തരീസ്സാപ്പള്ളി പട്ടയത്തിലൂടെ കേരളത്തിന് ലഭ്യമായതെന്ന് പ്രശസ്ത ചരിത്രകാരന്‍ ഡോ. എം. ജി. എസ് നാരായണന്‍ പ്രസ്താവിച്ചു.
അന്തര്‍ദ്ദേശീയ ചരിത്ര കോണ്‍ഫ്രറന്‍സിനോടനുബന്ധിച്ച് പഴയ സെമിനാരിയില്‍ നടന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വേണാട് രാജ്വ്, ജൂദ-ക്രിസ്ത്യന്‍-മുസ്ലീം സംഘടനകളെയാണ് പള്ളിയുടെയും അങ്ങാടിയുടെയും സംരക്ഷണം ഏല്‍പ്പിച്ചത്. ഇത് കേരളത്തിന്‍റെ മതസൗഹാര്‍ദ്ദ ചരിത്രത്തിന്‍റെ പ്രാമാണിക രേഖയാണ്. അതിനാല്‍ ജാതിഭേദമന്യെ ചരിത്രപരമായ രേഖകളും ദേവാലയങ്ങളും ശാസ്ത്രീയമായി സംരക്ഷിക്കുന്നത് മതസൗഹാര്‍ദ്ദ ചരിത്ര രചനകള്‍ക്ക് പ്രചോദനമാകും.
കേരളത്തില്‍ ഇംഗ്ലീഷ് ഭാഷ വികസിച്ചില്ലായിരുന്നെങ്കില്‍ ഇന്നും വിവിധ നാട്ടുരാജ്യങ്ങളായി നിലനില്‍ക്കുമായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്‍റെ പ്രചാരമാണ് നാട്ടുരാജ്യങ്ങളെ ഏകീകരിക്കുവാന്‍ മുഖ്യപങ്കുവഹിച്ചത്. ഇംഗ്ലീഷ് പരിചയത്തിന്‍റെ ഫലമായാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നതെന്നും എം. ജി. എസ് പറഞ്ഞു.
പ്രിന്‍സിപ്പാള്‍ ഫാ ഡോ. ഒ. തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഓഫീറാ ഗാംലിയേല്‍ (ജര്‍മ്മനി) മുഖ്യപ്രഭാഷണം നടത്തി. ഡോ. യൂഹാനോന്‍ മാര്‍ ദെമിത്രയോസ്, ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, പ്രൊഫ. ഇ. ശ്രീജിത്ത്, സഭാ മാനേജിംഗ് കമ്മറ്റി അംഗം എ. കെ. ജോസഫ് , പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ്, അജിത് കെ. ശ്രീധര്‍, കമാന്‍ഡര്‍ കെ. ഒ. ഏലിയാസ്, ഡോ. കുര്യന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *