അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത; ഒരുനുസ്മരണം: ലത പോള്‍ കറുകപ്പിള്ളില്‍

ശ്രീയേശുദേവന്‍ ഭൂജാതനായ ഡിസംബര്‍ മാസത്തിലെ ഒരു കുളിര്‍ രാവില്‍ നല്ലപോര്‍ പൊരുതി, ഓട്ടം തികച്ച്, വിശ്വാസം കാത്ത് തന്റെ സ്വര്‍ഗ്ഗീയ പിതാവിന്റെ സമീപത്തേക്ക് യാത്രയായ അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനി എല്ലാ അര്‍ത്ഥത്തിലും ഒരു പുണ്യശ്ലോകനായിരുന്നു. സൗമ്യതയാര്‍ന്ന മുഖം, നിറഞ്ഞ മുഖപ്രസാദം, അതിന് മാറ്റ് കൂട്ടുന്ന നറുപുഞ്ചിരി ഇവ അഭിവന്ദ്യതിരുമേനിയുടെ മാത്രം പ്രത്യേകതയായിരുന്നു. സ്‌നേഹം, ത്യാഗം, കരുണ, സഹനം, സത്യസന്ധത തുടങ്ങിയ സത് ഗുണങ്ങളുടെ മൂര്‍ത്തിമത് ഭാവമായിരുന്നു വലിയ തിരുമേനി.
ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് ഊര്‍ജ്ജവും വെളിച്ചവും പകര്‍ന്നുകൊണ്ട് ഒരു നിറദീപമായി തിരുമേനി മുന്നിലുണ്ടായിരുന്നു. ആദിയോടന്തം തിരുമേനിയുടെ സജീവ സാന്നിദ്ധ്യം കോണ്‍ഫറന്‍സിന് ഒരു പ്രത്യേക ആത്മീയപരിവേഷം നല്‍കിയിരുന്നു. അവസാനവര്‍ഷങ്ങളില്‍ ശാരീരികാസ്വാസ്ത്യങ്ങള്‍ ഏറെ ഉണ്ടായിരുന്നെങ്കിലും എല്ലാ കാര്യപരിപാടികളിലും തിരുമേനി സജീവമായി പങ്കെടുത്തിരുന്നു. വന്ദ്യവയോധികനായ വലിയതിരുമേനിയുടെ കരംഗ്രഹിച്ചുകൊണ്ട് പിതൃതുല്യമായ സ്‌നേഹ ബഹുമാനങ്ങളോടെ കൊച്ചുതിരുമേനി സമ്മേളന വേദികളില്‍ വന്നിരുന്നത് കണ്ണിന് കുളിര്‍മ്മയും മനസ്സിന് നിറവും ഏകിയിരുന്നു. അതുപോലെതന്നെ മുതിര്‍ന്നവരുടെ ചര്‍ച്ചകളിലും യുവതീയുവാക്കളുടെയും, കുട്ടികളുടെയും മീറ്റിംഗുകളിലും പങ്കെടുത്തു അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുവാന്‍ തിരുമേനി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രാവിലയുള്ള സെക്ഷന്‍ കഴിയുമ്പോള്‍ പ്രാര്‍ത്ഥനയ്ക്കുശേഷം തിരുമേനി ഭക്ഷണത്തിന് മുമ്പുള്ള പാട്ടിന് തുടക്കമിടും.
അന്നന്നു ഞങ്ങള്‍ക്കുള്ളതെല്ലാം തന്ന് പോറ്റുന്നോന്‍
ഇന്നുമെന്നും കൂടെയുണ്ടെന്നുള്ള വാക്കു തന്നവന്‍
നീയല്ലോ ഞങ്ങള്‍ക്കുക്കുള്ള ദിവ്യസമ്പത്തേശുവേ,
നീയല്ലാതില്ല പാരില്‍ ആഗ്രഹിപ്പാനാരുമേ’
ഈ ഗാനത്തിന്റെ മാധുര്യം ഭക്ഷണത്തിന് മുമ്പേ മനസ്സ് നിറയ്ക്കും.
സമാപന ദിവസം വിശുദ്ധ കുര്‍ബാന മദ്ധ്യേ ക്യാമറാകണ്ണുകള്‍ മിന്നുമ്പോള്‍ സ്‌നേഹത്തോടെ ശാസിയ്ക്കും.
‘വിശുദ്ധബലി അര്‍പ്പിക്കുന്നതിനിടയില്‍ ഫോട്ടോ എടുക്കരുത്. അതിന് വേറെ സമയം തരും.’ വിറയ്ക്കുന്ന കരങ്ങളോടെ കാസായും പിലാസായും കയ്യിലെടുത്ത് കര്‍ത്താവിന്റെ തിരുശരീര രക്തങ്ങള്‍ അഭിവന്ദ്യ തിരുമേനി ആഘോഷിക്കുമ്പോള്‍ പ്രാര്‍ത്ഥനയുടെയും ഭക്തിയുടെയും മറ്റൊരു ലോകത്തില്‍ വിശ്വാസികൾ എത്തിപ്പെടുമായിരുന്നു. സമാപനസമ്മേളനത്തില്‍ കേള്‍വിക്കുറവ് മൂലം മനസ്സിലാകാത്ത കാര്യങ്ങള്‍ കൊച്ചുതിരുമേനി വലിയ തിരുമേനിയുടെ കാതില്‍ ഉറക്കെ ആവര്‍ത്തിക്കുമ്പോള്‍ ആ മുഖത്ത് വിരിയുന്ന നിഷ്‌കളങ്കമായ പുഞ്ചിരി കാണികളിലേക്കും പടരുമായിരുന്നു.
പ്രാര്‍ത്ഥന, ഉപവാസം, വിശുദ്ധി, മിതത്വം, കൃത്യനിഷ്ഠ, കഠിനാദ്ധ്വാനം എന്നിവ ജീവിതവ്രതമാക്കിയ അഭിവന്ദ്യ തിരുമനസ്സിന്റെ ലാളിത്യമാര്‍ന്ന ജീവിതശൈലി പുതിയതലമുറയിലെ യുവാക്കള്‍ക്ക് വൈദീകവൃത്തിയിലേക്ക് തിരിയുവാന്‍ ഏറെ പ്രചോദനം നല്‍കിയിട്ടുണ്ട്. വലിയ തിരുമേനിയുടെ ഉദാത്ത മാതൃക പിന്‍തുടരുന്ന ഒരുപറ്റം വൈദീകരും ശെമ്മാശ്ശന്മാരും ഇപ്പോള്‍ നമുക്കുണ്ട്. അവരുടെ കരങ്ങളിൽ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഭാവി ഭദ്രമാക്കി.
നേടിയതെല്ലാം ഭദ്രാസനത്തിന് നല്‍കി ഒരു നല്ല ആസ്ഥാനവും പണിതുയര്‍ത്തി അഭിവന്ദ്യ സഖറിയാ മാര്‍ നിക്കളാവോസ് തിരുമേനിയെ ഭദ്രാസനത്തിന്റെ ചുമതല ഏല്‍പ്പിച്ച് വലിയ തിരുമേനി തന്റെ ദൗത്യം പൂര്‍ത്തിയാക്കി. തടികൊണ്ടുള്ള അംശവടിയും മരക്കുരിശും ഇരു കൈകളിലുമേമേന്തി രണ്ട് ദശാബ്ദകാലത്തോളം അമേരിക്കന്‍ ഭദ്രാസനത്തില്‍ സ്തുത്യര്‍ഹമായ രീതിയില്‍ ഇടയപരിപാലനം നടത്തി. ന്യൂയോര്‍ക്കിലെയും ഇതര സംസ്ഥാനങ്ങളിലേയും അജഗണങ്ങളുടെ സ്‌നേഹവാത്സല്യങ്ങളുടെ ഊഷ്മളത ആവോളം നുകര്‍ന്ന് കൊണ്ടാണ് അഭിവന്ദ്യ തിരുമേനി അനാരോഗ്യം മൂലം നാട്ടിലേക്ക് തിരികെപ്പോയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വാലി കോട്ടേജ് സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ കൊണ്ടാടിയ അവസരത്തില്‍ വിശുദ്ധബലി അര്‍പ്പിക്കുവാനായി എഴുന്നള്ളിയ അഭിവന്ദ്യതിരുമേനിക്ക് ഞങ്ങളുടെ എളിയഭവനത്തില്‍ ആതിഥ്യമരുളുവാന്‍ കഴിഞ്ഞതും തിരുമേനി നാട്ടിലേക്ക് മടങ്ങിയ 2011 മേയി 25-ാം തീയതി മദ്ധ്യാഹ്നം മുതല്‍ ആ വന്ദ്യപിതാവിന്റെ സാന്നിദ്ധ്യത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം അരമനയില്‍ ചിലവഴിക്കുവാന്‍ കഴിഞ്ഞതും എനിക്കും പോളിനും ലഭിച്ച അപൂര്‍വ്വ ഭാഗ്യമായി ഞങ്ങള്‍ കരുതുന്നു.
അതുപോലെതന്നെ 2012 ജനുവരിയില്‍ കോലഞ്ചേരി ആശുപത്രിയില്‍ തിരുമേനിയെ സന്ദര്‍ശിച്ച് കൈമുത്തുവാനുംം അവസരമുണ്ടായി. തിരുമേനി അവാസനദിനങ്ങള്‍ കഴിച്ചു കൂട്ടിയ പാമ്പാടി ദയറായില്‍ പോകുവാനും തിരുമനസ്സ് ഉപയോഗിച്ചിരുന്ന കട്ടില്‍, മുറി, കസേര തുടങ്ങിയവയെല്ലാം തൊട്ട് വണങ്ങുവാനും ഭാഗ്യമുണ്ടായി.
അഭിവന്ദ്യ തിരുമേനി കാലം ചെയ്ത് കബറടക്കം നടക്കുന്നതിന് മുമ്പ് തന്നെ ആ ഇടയശ്രേഷ്ഠന്റെ മദ്ധ്യസ്ഥതയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതു പോലെയുള്ള അനുഭവങ്ങള്‍ക്ക് എന്റെ കുടുംബം മുഴുവന്‍ സാക്ഷിയായി. ആ പുണ്യശ്ലോകന്റെ കബറടക്ക ശുശ്രൂഷയില്‍ എന്റെ ഭര്‍ത്താവിന് എത്തിപ്പെടുവാന്‍ കഴിഞ്ഞത് മറ്റൊരു ദൈവനിയോഗം. അതുപോലെ തിരുമേനിയുടെ നാല്പതാം ഓര്‍മ്മദിനത്തിലെ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുവാനും കബറിങ്കല്‍ വണങ്ങുവാനും എനിക്കും ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കഴിഞ്ഞതും എന്റെ ജീവിതത്തിലെ അപൂര്‍വ്വ നിമഷങ്ങളായി ഞാന്‍ കാണുന്നു.
അഭിവന്ദ്യ തിരുമേനി കാലം ചെയ്ത് ആണ്ട് തികയുന്നതുവരെ 365 ദിവസവും കബറടങ്ങിയ വളയന്‍ചിറങ്ങര സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് പള്ളിയില്‍ തിരുമേനിയുടെ നാമത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. ആണ്ടിന്‌ ശേഷം എല്ലാ ശനിയാഴ്ചയും തിരുമേനിക്ക് വേണ്ടി വിശുദ്ധ കുര്‍ബാന നടത്തപ്പെടുന്നു. കഴിഞ്ഞ വര്‍ഷം അതിനോടനുബന്ധിച്ച് കുരിശിങ്കല്‍ നിന്ന് പള്ളിയിലേക്ക് പദയാത്ര നടത്തിയിരുന്നു. ജാതിമതഭേദമെന്യെ ധാരാളം വിശ്വാസികള്‍ അതില്‍ പങ്കെടുത്തു. അഭിവന്ദ്യ തിരുമനസ്സിന്റെ നാമഥേയത്തില്‍ പണികഴിപ്പിക്കുന്ന സ്മാരകമന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിവരുന്നു. പള്ളിയോടു ചേര്‍ന്നാണ് മന്ദിരം പണിതുയര്‍ത്തുന്നത്.
വലിയ തിരുമേനിയുടെ ലാളിത്യത്തിന് മകുടോദാഹരണമായി പൂര്‍ണ്ണമായും തടിയില്‍ തീര്‍ത്ത മനോഹരമായ ആ കബറിടത്തിനു മുമ്പില്‍ മുട്ടുമടക്കി പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മിൽ തിരുമേനിയുടെ ചൈതന്യം നിറയുന്നു. ദൈവത്തിന്റെ കൃപ എന്ന് തിരുമേനിയുടെ ആത്മകഥയ്ക്ക് പേരിട്ടിരിക്കുന്നതു പോലെ തന്നെ ആജീവനാന്തം ‘ദൈവകൃപയില്‍ ഞാനാശ്രയിച്ച് അവന്‍ വഴികളെ ഞാനറിഞ്ഞ് അനുഗമിച്ചിടുവാനുമവനുടെ ചുവടുകളെ…. ‘
കര്‍ത്താവിന്റെ പാത പിന്‍തുടര്‍ന്നു ജീവിച്ച ആ വന്ദ്യപിതാവിന്റെ നാമത്തില്‍ വളയന്‍ചിറങ്ങര എന്ന പ്രശാന്തസുന്ദരമായ നാട് (എന്റെ അയല്‍ഗ്രാമം) അറിയപ്പെടുന്നകാലം വിദൂരമല്ല. ആ പുണ്യദിനം മുന്നില്‍കണ്ടുകൊണ്ട് ആ പരിശുദ്ധന്റെ ഓര്‍മ്മക്ക് മുന്നില്‍ ശിരസ്സ് നമിയ്ക്കുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *