” മലങ്കര നസ്രാണികള്‍ രണ്ടു നൂറ്റാണ്ട്ടായി ഉപയോഗിക്കുന്ന ശയന നമസ്ക്കാരം സാം തോമസ് താരാട്ടാക്കി അവതരിപ്പിച്ചപ്പോള്‍, അതിന്റെചരിത്രവും” – ഡോ. എം. കുര്യന്‍ തോമസ്


കേരളത്തിലെ മൊത്തം ക്രൈസ്തവര്‍ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ പ്രാവശ്യം ഉരുവിട്ട ക്രിസ്തീയ കീര്‍ത്തനമാണ് മലങ്കരസഭയുടെ ശയന നമസ്കാരത്തിലെ ഞങ്ങള്‍ക്കുള്ള കര്‍ത്താവേ എന്നാരംഭിക്കുന്ന മെമ്രാ. മലങ്കര നസ്രാണികളുടെ കാര്യത്തില്‍ ഇതു പൂര്‍ണ്ണമായും ശരിയാണ്.
മാര്‍ അപ്രേമിന്‍റെ ‘നിറ’ത്തിലുള്ള ഈ മെമ്ര സുറിയാനിയില്‍ നിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ട് 190 വര്‍ഷം തികഞ്ഞു. കൊല്ലവര്‍ഷം 995-ല്‍ (1820 എ. ഡി.) കോട്ടയം പഴയസെമിനാരിയില്‍ വെച്ച് കോനാട്ട് അബ്രഹാം മല്പാന്‍ ഒന്നാമനാണ് ഇന്നുപയോഗിക്കുന്ന അതേ മെമ്രാ പരിഭാഷപ്പെടുത്തിയത്. ആ പരിഭാഷയില്‍ കേവലം രണ്ടു വാക്കുകള്‍ക്കു മാത്രമാണ് ഒന്നേമുക്കാല്‍ നൂറ്റാണ്ടുകൊണ്ട് പരിഷ്കാരം വന്നത്.
അബ്രഹാം മല്പാന്‍ ഒന്നാമന്‍ പരിഭാഷപ്പെടുത്തി ക്രോഡീകരിച്ചതും ഇപ്പോള്‍ പാമ്പാക്കുട കോനാട്ട് ലൈബ്രറിയില്‍ സൂക്ഷിക്കുന്നതുമായ ഒരു പ്രാര്‍ത്ഥനാക്രമത്തിലാണ് ആദ്യമായി ഈ മെമ്രാ പ്രത്യക്ഷപ്പെടുന്നത്. ഈ പുസ്തകത്തില്‍ (കോനാട്ട് ലൈബ്രറി നമ്പര്‍ 15) സുറിയാനി ഗുര്‍ശൂനിയിലുള്ള പകര്‍പ്പെഴുത്തു വിവരണത്തില്‍ (colophon) “കൊല്ലം 995-മാണ്ട് കോട്ടയത്തു സെമിനാരിയില്‍ വെച്ച് കോനാട്ട് യാക്കോബു കശീശായുടെ പുത്രന്‍ മല്പാന്‍ ഗീവറുഗീസ് കശീശായുടെ അനന്തരവന്‍ അബ്രഹാം കശീശാ എഴുതിയ പുസ്തകമാകുന്നു” എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. സ്തുതി ചൊവ്വാകപ്പെട്ട യാക്കോബായക്കാരെന്നു വിളിക്കപ്പെടുന്ന സുറിയാനിക്കാറര ക്രിസ്ത്യാനികള്‍ ആന്തിയിലും മയ്യലിലും നമസ്കരിക്കേണ്ടും ക്രമം എന്നാണ് ഒന്നാം പേജിലെ പുസ്തക വിവരണം.
പില്‍ക്കാലത്ത് മലങ്കര മല്പാന്‍ കോനാട്ട് മാത്തന്‍ കത്തനാര്‍ ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ച പാമ്പാക്കുട നമസ്കാരം എന്ന പേരില്‍ പ്രസിദ്ധമായ പ്രാര്‍ത്ഥനക്രമത്തിന്‍റെ മൂലരൂപം എന്നു പറയാവുന്ന ഒന്നാണ് ഈ കൃതി. ഇതിലെ ഉള്ളടക്കത്തിന്‍റെ പട്ടികയില്‍ നിന്നും അത് വ്യക്തമാകും.
(1) കുരിശു വരപ്പാന്‍ (കൗമാ). സന്ധ്യാ നമസ്ക്കാരം ഇന്നുപയോഗിക്കുന്ന അതേ രീതിയില്‍ പട്ടാങ്ങപ്പെട്ട…… (സത്യമുള്ള ദൈവംതമ്പുരാനെ….) വരെ.(2) കന്യകമറിയാമിനോടുള്ള അപേക്ഷ. (3) ശയന നമസ്ക്കാരം (കൗമ, കരുണയുള്ള ദൈവമേ….., ഞങ്ങള്‍ക്കുള്ള കര്‍ത്താവേ… ഇന്നുപയോഗിക്കുന്ന രീതിയില്‍). (4) മാര്‍ അപ്രേമിന്‍റെ അപേക്ഷകള്‍. (5) പാതിരായുടെ നമസ്ക്കാരം (സങ്കീര്‍ത്തന പരിഭാഷകള്‍ അടക്കം). (6) പ്രഭാത നമസ്ക്കാരം. (7) പത്ത് കല്പനകള്‍. (8) കൂദാശകള്‍. (9) ശുദ്ധമാനപള്ളിയുടെ (സഭയുടെ) കല്പനകള്‍. (10) മനോഗുണ പ്രവര്‍ത്തികള്‍.
(11) ചാവുദോഷങ്ങള്‍ (മരണകരമായ പാപങ്ങള്‍). (12) സന്ധ്യയുടെ മെമ്രാ (മാര്‍ യാക്കോബ്). (13) മാര്‍ പീലക്സീനോസിന്‍റെ അപേക്ഷ. (14) അനുതാപത്തിന്‍റെ ഏഴ് സങ്കീര്‍ത്തനങ്ങള്‍. (15) കുര്‍ബാനക്രമം. (16) സ്പര്‍ഹായോ. (17) നോമ്പു കണക്ക്. എപ്പക്കത്തി, പെരുന്നാള്‍ പട്ടിക
ഇത്രയും പ്രാര്‍ത്ഥനകള്‍ക്കു ശേഷം ശ്രദ്ധേയമായ ഒരു ഭാഗം കൂടി ഈ ഗ്രന്ഥത്തിലുണ്ട്. അതിന്‍റെ തലവാചകം ഇംഗ്ലീഷന്മാരുടെ നമസ്കാരത്തില്‍ നമുക്കു കൊള്ളാവുന്നവ എന്നാണ്. 1818-ല്‍ പരിഭാഷ ആരംഭിച്ച ആംഗ്ലിക്കന്‍ സഭയുടെ ബുക്ക് ഓഫ് കോമണ്‍ പ്രയേഴ്സിലെ ഓര്‍ത്തഡോക്സ് വിശ്വാസത്തിനു വിരുദ്ധമല്ലാത്ത ഏതാനും പ്രാര്‍ത്ഥനകളുടെ മലയാള പരിഭാഷയാണ് ഈ ഭാഗത്തിന്‍റെ ഉള്ളടക്കം.
ഈ കൃതിയിലെ സങ്കീര്‍ത്തന പരിഭാഷകളുടെ ഭാഷാരീതിയും ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. ഉദാഹരണത്തിന് 51-മാം സങ്കീര്‍ത്തനത്തിന്‍റെ അന്ത്യഭാഗം ……എന്‍റെ വായ നിന്‍റെ സ്തുതികള്‍ പാടും. പൂജകളില്‍ നീ തിരുമനസ്സായില്ല. അതിന്മണ്ണം ഹോമപൂജകളില്‍ നീ നിരപ്പാകപ്പെടുകയുമില്ല. തമ്പുരാന്‍റെ പൂജകള്‍ ക്ഷീണിക്കപ്പെട്ട അരൂപിയാകുന്നു. ആവലികപ്പെട്ട മനസ തംപുരാന്‍ നിരസിക്കുന്നില്ല. നിന്‍റെ ഇഷ്ടത്താലെ സെഹിയോനെ നന്നാക്കി ഓര്‍ശ്ലേമിന്‍റെ കോട്ടകള്‍ നീ പണികാ …..
ഈ പരിഭാഷ സുറിയാനിയില്‍ നിന്നുള്ളതാണെന്ന് പ്രകടമാണ്. ബെഞ്ചമിന്‍ ബെയ്ലിയുടെ മലയാള പരിഭാഷയെ അവലംബിച്ചിട്ടില്ല എന്നത് ഇതില്‍നിന്നും വ്യക്തമാണ്.
ഈ ഗ്രന്ഥത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുര്‍ബാനക്രമമാണ്. വി. കുര്‍ബാനയില്‍ ജനവും ശുശ്രൂഷകരും പറയേണ്ട പ്രതിവാക്യങ്ങള്‍ എല്ലാം (തുബ്ദേനുകള്‍ അടക്കം) മലയാളത്തില്‍ പരിഭാഷപ്പെടുത്തി ഇതില്‍ ചേര്‍ത്തിരിക്കുന്നു. ശുശ്രൂഷകന്‍ ബാറക്മോര്‍ പറയേണ്ടതിന് എന്‍റെ അച്ചാ നീ വാഴ്ത്തേണമേ എന്നുള്ള മലയാള പരിഭാഷയാണ് ചേര്‍ത്തിരിക്കുന്നത്.
ചരിത്രപരമായി അത്യധികം പ്രാധാന്യമുള്ള ഒരു കൃതിയാണ് ഇത്. മലങ്കരസഭയില്‍ മലയാള ഭാഷയില്‍ എഴുതപ്പെട്ട ആദ്യ പ്രാര്‍ത്ഥനാ പുസ്തകം, ആദ്യ കുര്‍ബാനക്രമം എന്നീ സ്ഥാനങ്ങള്‍ ഈ കൃതിക്കുണ്ട്. ഇന്ന് മാര്‍ത്തോമ്മാക്കാര്‍ അവകാശപ്പെടുന്നതുപോലെ 1835 ചിങ്ങം 15-ന് മലയാളത്തിലാണ് പാലക്കുന്നത്ത് അബ്രഹാം മല്പാന്‍ കുപ്രസിദ്ധമായ അരകുര്‍ബാന ചൊല്ലിയതെങ്കില്‍ അതിന് കുറഞ്ഞത് 10 വര്‍ഷമെങ്കിലും മുമ്പ് കോനാട്ട് മല്പാന്‍റെ ഈ കൃതി ഉപയോഗത്തിലായി. അതിനാല്‍ മലങ്കരസഭയിലെ ആദ്യ ആരാധനക്രമ പരിഭാഷകന്‍ എന്ന സ്ഥാനം കോനാട്ട് ഏബ്രഹാം മല്പാന്‍ ഒന്നാമന് മാത്രം അവകാശപ്പെട്ടതാണ്.
യഥാര്‍ത്ഥത്തില്‍ ഈ സ്ഥാനം നല്‍കേണ്ടത് കായംകുളം പീലിപ്പോസ് റമ്പാനാണ്. കാരണം 1811-ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹം പരിഭാഷപ്പെടുത്തിയ സുവിശേഷങ്ങള്‍ പാശ്ചാത്യ സുറിയാനി ആരാധനക്രമത്തിന്‍റെ ഭാഗമായ വായനപ്പടി ഏവന്‍ഗേലിയോനാണ്.
രണ്ടാമതായി, തന്നിഷ്ടംപോലെ വെട്ടിച്ചുരുക്കിയതോ ഭേദപ്പെടുത്തിയതോ ആയ ഒരു കൃതിയല്ല കോനാട്ട് മല്പാന്‍റേത്. പാശ്ചാത്യ സുറിയാനിക്രമത്തിന്‍റെ പദാനുപദ തര്‍ജ്ജമയാണ്. അതിനാല്‍ ഇതിനെ ഔദ്യോഗികം എന്നുതന്നെ വിശേഷിപ്പിക്കാം. എന്നാല്‍ ബുക്ക് ഓഫ് കോമണ്‍ പ്രയേഴ്സിലെ അനുയോജ്യ പ്രാര്‍ത്ഥനകള്‍ ചേര്‍ത്തു എന്നത് ഇദ്ദേഹം അവ പഠിച്ചിരുന്നു എന്നും നല്ലത് എന്നു ബോധ്യപ്പെട്ടത് അംഗീകരിക്കുവാനുള്ള വിശാല മനസ്ഥിതി ഉള്ള ആളായിരുന്നു എന്നും വ്യക്തമാക്കുന്നു.
1859-ല്‍ പുലിക്കോട്ടില്‍ ജോസഫ് കത്തനാര്‍ (പിന്നീട് മാര്‍ ദീവന്നാസ്യോസ് പഞ്ചമന്‍ മലങ്കര മെത്രാപ്പോലീത്താ) കോഴിക്കോട് കാളഹസ്തപ്പാ മുതലിയാരുടെ വിദ്യാവിലാസം അച്ചുകൂടത്തില്‍ നിന്നു കല്ലച്ചില്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ച പ്രാര്‍ത്ഥനാ പുസ്തകത്തെ ഈ പരിഭാഷ ശക്തമായി സ്വാധീനിച്ചിട്ടുണ്ട് എന്ന് സംശയിക്കത്തക്ക സമാനതകള്‍ ഇവ തമ്മില്‍ കാണുന്നുണ്ട്.
ഏതായാലും മലങ്കരസഭയില്‍ ആരാധനക്രമം (കുര്‍ബ്ബാനക്രമം അടക്കം) ആദ്യം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിന്‍റെ ബഹുമതി പൂര്‍ണ്ണമായും കോനാട്ട് അബ്രഹാം മല്പാന്‍ ഒന്നാമനുള്ളതാണ്. മറ്റാര്‍ക്കും ഇതിന്‍റെ ഖ്യാതി അവകാശപ്പെടാനാവില്ല. കടുത്ത യാഥാസ്ഥിതികനെന്നു മുദ്രകുത്തി മിഷണറിമാര്‍ സെമിനാരിയില്‍ നിന്നു പുറംതള്ളിയ കോനാട്ട് അബ്രഹാം മല്പാന് വിശ്വാസത്തിലൊഴികെ യാഥാസ്ഥിതികത്വം ഇല്ലായിരുന്നു എന്നും ഈ പരിഭാഷ വ്യക്തമാക്കുന്നു.
(മലങ്കര സഭാ മാസിക – സെപ്റ്റംബര്‍ 2010)

Comments

comments

Leave a Reply

Your email address will not be published. Required fields are marked *