പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസ്യോസ് ഒന്നാമൻ തിരുമേനിയുടെ ചരമദ്വിശതാബ്‌ദി സമാപനം നവംബർ 20ന് കുന്നംകുളത്ത്

in50
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് പത്തൊൻപതാം നൂറ്റാണ്ടിന്‍െറ പ്രാരംഭകാലത്ത് അതിധീരമായ നേതൃത്വം നല്‍കിയ സഭാ മേലദ്ധ്യക്ഷന്‍ ഭാഗ്യസ്മരണാര്‍ഹനായ മലങ്കര മെത്രാപ്പോലീത്താ സഭാജ്യോതിസ്സ് പരിശുദ്ധ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസ്യോസ് ഒന്നാമൻ തിരുമേനിയുടെ ചരമദ്വിശതാബ്‌ദി ചടങ്ങുകളുടെ ആഗോള സമാപനം 2016 നവംബർ 20ന് കുന്നംകുളത്ത് മാർ ദിവന്നാസ്യോസ് നഗറിൽ (മലങ്കര ആശുപത്രി മൈതാനം) വെച്ച് മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ നേതൃത്വത്തിൽ നടക്കും. എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ ആറാം പാത്രിയാർക്കിസും കാതോലിക്കായുമായ പരിശുദ്ധ ആബൂനാ മത്ഥിയാസ് ഒന്നാമൻ മുഖ്യാഥിതിയായിരിക്കും.

2016 നവംബർ 20 ഞായറാഴ്ച്ച രാവിലെ 8 മണിക്ക് ആർത്താറ്റ്‌ സെന്റ്. മേരിസ് ഓർത്തഡോൿസ് കത്തീഡ്രലിൽ പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന. 12 മണിക്ക് എത്യോപ്യൻ പാത്രിയാർക്കിസും പ്രതിനിധി സംഘവും പഴഞ്ഞി കത്തീഡ്രൽ സന്ദർശിക്കും. 3 മണിക്ക് സമ്മേളനനഗരിയിൽ കലാസാംസ്‌കാരിക പരിപാടികൾ ആരംഭിക്കും. 4 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ പരിശുദ്ധ കാതോലിക്കാ ബാവായോടും പരിശുദ്ധ പാത്രിയാർക്കിസ് ബാവായോടും ഒപ്പം ബഹു. കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും, ബഹു. സഹകരണ- ടൂറിസം വകുപ്പ് മന്ത്രി ശ്രീ. എ.സി. മൊയ്‌തീനും അഭി. മെത്രാപ്പോലീത്താമാരും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.

സുറിയാനി ക്രിസ്ത്യാനികളുടെ മേലദ്ധ്യക്ഷന്‍ എന്ന നിലയില്‍ തിരുവെഴുത്തുവിളംബരത്തിലൂടെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ അംഗീകരിച്ച ആദ്യത്തെ മലങ്കര മെത്രാപ്പോലീത്താ, കോട്ടയം പഴയ സെമിനാരി സ്ഥാപകൻ എന്നീ നിലകളിൽ കേരളത്തിന്‍െറ സാമൂഹിക സാംസ്കാരിക ആത്മീയ രംഗങ്ങളില്‍ പരിശുദ്ധ പിതാവിന് സവിശേഷ സ്ഥാനമുണ്ട്.അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായുടെയും സഭാസ്ഥാനികളുടെയും കുന്നംകുളം ഭദ്രാസനത്തിന്റെയും നേതൃത്വത്തിലാണ് സമ്മേനത്തിന്റെ ക്രമീകരണങ്ങള്‍ നിര്‍ഹിക്കപ്പെടുന്നത്.

Comments

comments

Share This Post

Post Comment