പാലിയേറ്റീവ് കെയര്‍ ഓഫീസ് സമുച്ചയത്തിനായി തന്‍റെ വസ്തുവില്‍ നിന്ന് 10 സെന്‍റ് സ്ഥലം സൗജന്യമായി നല്‍കി ഫാ. പി. എ. ഫിലിപ്പ്

30
റാന്നി : ക്രിസ്മസിന് നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് എന്തു സമ്മാനമാണ് നല്‍കേണ്ടത് എന്നത് ഈ നാളുകളില്‍ നമ്മില്‍ അധികം പേരെയും ഭരിക്കുന്ന ചോദ്യമാണിത്. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികന്‍ ഫാ. പി. എ. ഫിലിപ്പ് ഈ ചോദ്യത്തിനുളള ഉത്തരം കണ്ടെത്തിയത് വ്യത്യസ്തമായ രീതിയിലാണ്. ജന്മദേശമായ റാന്നി താലൂക്കില്‍ മാരകരോഗങ്ങള്‍ ബാധിച്ചും വാര്‍ദ്ധ്യക സഹജമായ അനാരോഗ്യം മൂലവും അപകടങ്ങള്‍ സംഭവിച്ചും ശയ്യാവലംബികളായി കഴിയുന്ന 700. ല്‍ അധികം കിടപ്പു രോഗികള്‍ ഉണ്ട്. അവര്‍ക്ക് സാന്ത്വനപരിചരണം (Palliative Care) നല്‍കുവാന്‍ രൂപീകൃതമായ ‘സുകര്‍മ്മ ഹെല്‍ത്ത് ഫൗണ്ടേഷന്‍’ മാതൃകാപരമായ സാന്ത്വനശുശ്രൂഷ കഴിഞ്ഞ ചില വര്‍ഷങ്ങളായി ചെയ്തു വന്നിരുന്നെങ്കിലും സ്ഥിരമായ ഓഫീസോ മറ്റു സൗകര്യങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. ക്രിസ്മസ് ആശംസകള്‍ നേരുവാന്‍ അച്ചനെ സന്ദര്‍ശിച്ച പാലിയേറ്റീവ് കെയര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചു. ആരും നോക്കാന്‍ ഇല്ലാത്ത ആശ്രയമറ്റ ഈ രോഗികളെ ഭംഗിയായി പരിചരിക്കത്തക്കവണ്ണം സൗകര്യപ്രദമായ ഒരു പാലിയേറ്റീവ് കെയര്‍ ഓഫീസ് സമുച്ചയം എത്രയും വേഗം നിര്‍മ്മിക്കുന്നതിനായി തന്‍റെ വസ്തുവില്‍ നിന്ന് 10 സെന്‍റ് സ്ഥലം സൗജന്യമായി നല്‍കാമെന്ന് സമ്മതിച്ചു. റാന്നി – പെരുനാട് കാര്‍മല്‍ എന്‍ജിനീയറിംഗ് കോളജിന്‍റേയും ബഥനി കോണ്‍വെന്‍റിന്‍റേയും മദ്ധ്യ ഭാഗത്തായി റോഡരികില്‍ ലക്ഷങ്ങള്‍ വിലയുളള 10 സെന്‍റ് ഭൂമിയാണ് ഈ മഹത് സേവനത്തിനായി അദ്ദേഹം സ്വമനസ്സാലെ നല്‍കിയത്. ഇന്നലെ വൈകിട്ട് 6 മണിയ്ക്ക് റാന്നി – പെരുനാട് വലിയപാലം ജംഗ്ഷനില്‍ നടന്ന സമ്മേളനത്തില്‍ വച്ച് ബഹുമാനപ്പെട്ട അച്ചന്‍ സ്ഥലം സൗജന്യമായി നല്‍കുന്നതിന്‍റെ സമ്മതപത്രം കേരളാ ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി. കെ. കെ.ഷൈലജയ്ക്ക് കൈമാറി. റാന്നി എം. എല്‍. എ. അഡ്വ. രാജു ഏബ്രഹാം ആശംസകള്‍ നേര്‍ന്നു. പാലിയേറ്റീവ് കെയര്‍ കോ – ഓര്‍ഡിനേഷന്‍ കമ്മറ്റി പ്രസിഡന്‍റ് ശ്രീ. പി. എസ്. മോഹനന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. ശ്രീ. കെ. സോമപ്രസാദ് എം. പി. (രാജ്യസഭ) ഈ പാലിയേറ്റീവ് കെയര്‍ സെന്‍ററിനായി ഒരു ആംബുലന്‍സും നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ റാന്നി – പെരുനാട് സ്വദേശിയായ പുളിക്കല്‍ ആലുംമൂട്ടില്‍ ഫാ. പി. എ. ഫിലിപ്പ് ഇപ്പോള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്‍റെ മുഖ്യ കാര്യദര്‍ശിയും, കോട്ടയം മാങ്ങാനം എബനേസ്സര്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ വികാരിയുമാണ്.

Comments

comments

Share This Post

Post Comment