റാന്നി മാര്‍ ഗ്രീഗോറിയോസ് ചാപ്പല്‍ കൂദാശയും റാന്നി-നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനവും നടന്നു


റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ റാന്നി മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്‍ററിലെ മാര്‍ ഗ്രീഗോറിയോസ് ചാപ്പല്‍ കൂദാശ ചെയ്തു. ഫെബ്രുവരി 18-ന് ശനിയാഴ്ച രാവിലെ 6.30-ന് പ്രഭാത നമസ്കാരത്തെ തുടര്‍ന്ന് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത കൂദാശയുടെ രണ്ടാം ഭാഗവും വി.കുര്‍ബ്ബാനയും അര്‍പ്പിച്ചു. തുടര്‍ന്ന് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടിയ റാന്നി-നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനം തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സഭാ വൈദിക ട്രസ്റ്റി റവ.ഫാ.ഡോ.ജോണ്‍സ് എബ്രഹാം കോനാട്ട് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ വച്ച് വന്ദ്യ അപ്രേം റമ്പാന്‍ ഭവന നിര്‍മ്മാണ സഹായ വിതരണവും ബഹു.അഷറഫ് മൗലവി വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണവും വന്ദ്യ പ്രൊഫ.ജോസഫ് കോര്‍ എപ്പിസ്കോപ്പ ചികിത്സാ സഹായ വിതരണവും നിര്‍വ്വഹിച്ചു. തുടര്‍ന്ന് കണ്‍വന്‍ഷന്‍ മുന്‍കാല പ്രവര്‍ത്തകരെ ആദരിച്ചു. ഭദ്രാസന സെക്രട്ടറി റവ.ഫാ.ഷൈജു കുര്യന്‍, ഭദ്രാസന കൗണ്‍സില്‍ അംഗം ശ്രീ.ജേക്കബ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്‍റെയും നവജ്യോതിയുടെയും സംയുക്ത സമ്മേളനം നടന്നു. റവ.ഫാ.ഗീവര്‍ഗീസ് പൊന്നോല ക്ലാസ്സ് നയിച്ചു. ഭദ്രാസന സെക്രട്ടറി റവ.ഫാ.ഷൈജു കുര്യന്‍, റവ.ഫാ.വില്‍സണ്‍ മാത്യൂസ് തെക്കിനേത്ത്, റവ.ഫാ.ഒ.എം.ശമുവേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫെബ്രുവരി 19-ന് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത വി.കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് നടക്കുന്ന പരീക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശ ക്ലാസ്സിന് റവ.ഫാ.പ്രൊഫ.ജേക്കബ് റോയി ക്ലാസ്സ് നയിക്കും. തുടര്‍ന്ന് 3 മണിക്ക് ഭദ്രാസന എം.ജി.ഓ.സി.എസ്.എം-ന്‍റെയും യുവജനപ്രസ്ഥാനത്തിന്‍റെയും സംയുക്ത സമ്മേളനം നടക്കും. വൈകിട്ട് 7 മണിക്ക് റവ.ഫാ.പ്രൊഫ.ജേക്കബ് റോയി വചനപ്രഘോഷണം നടത്തും. അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് തിരുമനസ്സുകൊണ്ട് സമാപന സന്ദേശം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *