അനുതാപത്തിന്റെയും പരിശുദ്ധാത്മ നിറവിന്റെയും അമ്പതു നോമ്പ് – സുനില്‍ കെ.ബേബി മാത്തൂര്‍

ആത്മാവിന്റെയും ശരീരത്തിന്റെയും നൈര്‍മല്യത്തോടെ കര്‍ത്താവിന്റെ സന്നിധിയിലേക്ക് ഉയര്‍ത്തപ്പെടുന്ന സമയമാണ് നോമ്പുകാലം. പാപത്തെയും ഇന്ദ്രിയങ്ങളെയും ജയിക്കുന്നവര്‍ക്കെ ദൈവമക്കളും ജീവിതശുദ്ധിയുള്ളവരായിരിക്കുവാനും സാധിക്കു. പാപം മനസ്സിലാക്കി അതില്‍ ആത്മാര്‍ത്ഥമായി പശ്താത്തപിക്കുകയും ചെയ്താല്‍ മാത്രമെ ക്രിസ്തീയ ജീവിതം ധന്യമാക്കുകയുള്ളു. ആ പാപങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യരുത്. നോമ്പു കാലം എന്നു പറയുന്നത് നമ്മുടെ ജീവിതത്തെ ശോധനചെയ്ത് തെറ്റുകളെ മനസ്സിലാക്കി തിരുത്തി ജീവിതത്തിന് ഒരു അടുക്കവും ചിട്ടയും വരുത്തി ക്രമീകരിക്കേണ്ട കാലക്രമമാണ്. ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനായി മനസിനെയും ശരീരത്തെയും ഒരുക്കേണ്ടതുണ്ട്. ചെയ്തുപോയ തെറ്റുകള്‍ക്ക് ക്ഷമ ചോദിച്ച് സര്‍വ്വശക്തനായ ദൈവത്തോട് പ്രാപിക്കുവാന്‍ യേശു തന്നെ പഠിപ്പിച്ചു. പശ്ചാത്തപിച്ച് ദൈവത്തിലേക്ക് മനം തിരിയുവാനുള്ള അവസരമാണിത്. മാനസാന്തരത്തിന്റെയും അനുതാപത്തിന്റെയും അനുഭവം. പരിശുദ്ധാത്മാവിനാല്‍ ശക്തി പ്രാപിക്കുവാന്‍ നാല്‍പ്പത് രാവും നാല്‍പ്പത് പകലും നമ്മുടെ രക്ഷകന്‍ മരുഭൂമിയില്‍ ഉപവസിച്ച മഹനീയ മാതൃക പിന്തുടരുകയാണ് നാം ചെയ്യുന്നത്. ഇസ്രായേല്‍ ജനത നാല്‍പ്പതു വര്‍ഷം മരുഭൂമിയില്‍ ചെലവഴിച്ചതിന്റെയും യേശു നാല്‍പ്പതു ദിവസം ഉപവസിച്ചതിന്റെയും നിനവെ ജനത ചാരംപൂശി നാല്‍പ്പതു ദിവസം അനുതപിച്ചതിന്റെയും ഓര്‍മ്മയെ നാം ഈ നോമ്പിലൂടെ അനുസ്മരിക്കുന്നു. ഉപവാസം എന്നാല്‍ “കൂടെ വസിക്കുക” എന്നതാണ് അര്‍ത്ഥം. പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ഒപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നോമ്പു കാലത്ത് പ്രത്യേക പ്രാധാന്യമുണ്ട്.

നാം ചെയ്യുന്ന പാപങ്ങൾ ആരും കാണുന്നില്ല എന്ന് കരുതരുത്. പാപം, പാപം ചെയ്തവനെതിരെ ദൈവസന്നിധിയിൽ നിലവിളിക്കും. “സോദോമിനും ഗൊമോറയ്ക്കുമെതിരെ ഉള്ള മുറവിളി വളറെ വലുതാണ്. അവരുടെ പാപം ഗുരുതരമാണ്. അതുകൊണ്ടാണ് താൻ ഇറങ്ങിവന്നിരിക്കുന്നതെന്നു ദൈവം അബ്രഹാമിനോട് പറഞ്ഞു (ഉല്പത്തി 18:20). മറ്റുള്ളവർക്ക് വേദനയുണ്ടായെങ്കിൽ മാത്രമേ പാപമാകൂ എന്നല്ല, എഴുതപ്പെട്ട വചനം ലംഘിക്കപ്പെടുന്നതും പാപമാണ്. ദൈവകരുണയ്ക്കായി, പ്രാർത്ഥിച്ചും നോമ്പാചരിച്ചും ഉപവാസമെടുത്തും ചാക്കുടുത്തു ചാരം പൂശി അനുതപിച്ചു പാപത്തിനു പരിഹാരം കാണുന്ന ജനത്തിന്റെമേൽ ദൈവത്തിന്റെ കരുണ പ്രകടമാകുന്നത് തിരുവചനങ്ങളിൽ കാണാൻ സാധിക്കും. പാപം പെരുകിയ നിനവേ പട്ടണം നാൽപതു ദിവസം കഴിയുമ്പോൾ നശിപ്പിക്കപ്പെടുമെന്നു ദൈവം യോനാ പ്രവാചകനിലൂടെ ജനത്തെ അറിയിച്ചപ്പോൾ, തിരിച്ചറിവ് വന്ന രാജാവ് ഉൾപ്പടെ വലിയവരും ചെറിയവരും ചാക്കുടുത്ത് ചാരത്തിലിരുന്നു അനുതപിച്ചു കരഞ്ഞു. “തങ്ങളുടെ ദുഷ്ടതയിൽ നിന്ന് അവർ പിന്തിരിഞ്ഞു എന്ന് കണ്ടു ദൈവം മനസ് മാറ്റി, ദൈവത്തിന്റെ കരുണ പ്രകടമായി (യോനാ 3 :1 -10 ). “യൂദായിലും ജെറുസലേമിലും ദൈവ ദൂഷണങ്ങൾ നടമാടുന്നത് കണ്ട്, ജനനേതാവായ മത്താത്തിയും പുത്രന്മാരും വസ്ത്രം കീറി ചാക്കുടുത്തു പരിഹാരം ചെയ്തപ്പോഴാണ് അനർത്ഥങ്ങൾ നീങ്ങാൻ തുടങ്ങിയത്” (1 മക്കദോന്യർ 2 :6 -14 ) “ജനത്തിന്റെമേൽ പാപഫലമായ തകർച്ച വന്നു നിപതിക്കാനൊരുങ്ങുന്നതു കണ്ടപ്പോൾ എസ്ഥേർ ജനത്തെ കൂട്ടി, ദിവസങ്ങളോളം ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്യാതെ ഉപവാസമെടുത്തു പരിഹാരം ചെയ്തു ജനത്തെ തിന്മയുടെ ആധിപത്യത്തിൽ നിന്ന് രക്ഷിച്ചു (എസ്ഥേർ 4 :1 -3).
പഴയ നിയമത്തിൽ ജനനേതാക്കന്മാരും പ്രവാചകന്മാരും ജനത്തെ ഒരുമിച്ചു കൂട്ടി പാപപരിഹാര ജീവിതം നയിച്ച് ജനത്തെ പാപത്തിൽ നിന്ന് അകറ്റി,ദൈവത്തോട് അടുപ്പിച്ചു. അപ്പോൾ ദൈവകരുണ പ്രകടമായി എന്നാൽ പുതിയ നിയമത്തിൽ ലോകത്തിന്റെ മുഴുവൻ പാപങ്ങൾക്കുമായി ദൈവപുത്രനായ യേശു കുരിശിൽ പരിഹാരം ചെയ്തു. കര്തതാവിന്റെ കുരിശു മരണമാണ് എല്ലാ പാപത്തിന്റെയും പരിഹാരം. “നമ്മുടെ പാപങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചു കൊണ്ട് അവൻ കുരിശിലേക്കു കയറി. അത്, നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്” (1 പത്രോസ് 2 :24 ).
മൽസ്യം, മാംസം, മുട്ട, ക്ഷീരോല്പന്നങ്ങൾ, മദ്യം, പുകയില ഉത്പന്നങ്ങൾ തുടങ്ങിയവയൊക്കെ നോമ്പ് കാലത്ത് വർജ്ജിക്കണമെന്നതാണ് വിശ്വാസം. പഴയ കാലത്ത് അമ്പത് ദിവസവും വിശ്വാസികൾ ഇവയൊക്കെ ഉപേക്ഷിച്ചിരുന്നു. ഭാര്യഭർത്താക്കന്മാർ ദാമ്പത്യധർമ്മം അനുഷ്ഠിക്കുന്നതിൽ നിന്നും പണ്ട് വിട്ടു നിന്നിരുന്നു. പതിനൊന്നു മണിയോടെ അൽപം കഞ്ഞി കുടിക്കുകയും മൂന്ന് മണിക്കും നാലു മണിക്കും ഇടയ്ക്കു പ്രധാന ഭക്ഷണം കഴിക്കുകയും മാത്രമായിരുന്ന മാർത്തോമ്മാ ക്രിസ്ത്യാനികൾ ചെയ്തിരുന്നത്. ഇപ്പോൾ ഇത്ര കർശനമായ നിഷ്ഠകൾ സഭ നിർദേശിക്കുന്നില്ല. ഓരോരുത്തരും അവരവരുടെ സാഹചര്യങ്ങൾക്കനുസരിച്ചു ഉപവാസ രീതി തിരഞ്ഞെടുക്കാം. പക്ഷെ, മൽസ്യം, മാംസം, മദ്യം എന്നിവ കർശനമായി ഉപേക്ഷിക്കണം. പ്രാർത്ഥനയ്ക്കും ദാനധർമ്മത്തിനും മുടക്കം വരുത്താനും പാടില്ല.
ഈ നോമ്പുകാലത്ത് പാപപരിഹാരം ജീവിതം നയിച്ച് പാപത്തിന്റെ നിലവിളി അവസാനിപ്പിച്ച് ആത്മശരീര നൈർമ്മല്യത്തോടെ പരിശുദ്ധാത്മ നിറവിൽ വിശുദ്ധിയിലേക്ക് വളരാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

Comments

comments

Share This Post

Post Comment