ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ സ്വീകരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ : ഉയര്‍പ്പിലേക്കുള്ള യാത്ര – Dn.ജെബിൻ. ജെ. ജോസഫ്

ശരീരവും മനസും ശുദ്ധീകരിച്ച് കാല്‍വറിപ്പാതയിലൂടെ ഉയര്‍പ്പിലേക്കുള്ള യാത്രയാണ് വലിയ നോമ്പ്. യേശുക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷയിലെ സംഭവങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ നമ്മുടെ മനസുകളില്‍ മാനസാന്തരത്തിന്റെ അനുഭവങ്ങള്‍ ആയിരിക്കണം. നാല്‍പതു ദിവസം ഉപവസിച്ച് സാത്താനെ ജയിച്ച് പരസ്യ ശുശ്രൂഷകളില്‍ കൂടി ജനങ്ങളോടൊപ്പം ജീവിച്ച് കാല്‍വറിയിലേക്ക് ക്രൂശെടുത്ത് നടന്ന് നമുക്കായി യാഗമായി തീര്‍ന്ന ദൈവപുത്രന്റെ ബലിയിലും ഉയര്‍ത്തെഴുന്നേല്‍പ്പിലും പങ്കാളികള്‍ ആകാന്‍ വലിയ നോമ്പില്‍ കൂടി നമുക്ക് കഴിയണം. ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ സ്വീകരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്നുള്ള ചിന്തകൂടി ഈ നോമ്പുകാലയളവില്‍ നമുക്ക് ഉണ്ടാവണം.

നാല്‍പ്പതു ദിവസം ഉപവസിച്ചതിനു ശേഷം സാത്താന്റെ പരീക്ഷണങ്ങളെ വിജയിച്ച യേശൂ കാനാവിലെ കല്യാണനാളിലെ വിരുന്നു ശാലയില്‍ അമ്മയുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കുന്നു. തന്റെ മകനില്‍ ആ അമ്മയ്ക്ക് വലിയ വിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ടാണ് അമ്മ ‘അവര്‍ക്കു വീഞ്ഞു ഇല്ല’ എന്ന് സ്വന്തം മകനോട് പറയുന്നത്. ”സ്ത്രീയേ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു”.എന്ന് മകന്‍ അമ്മയോട് പറഞ്ഞു എങ്കിലും അമ്മ ആ വീട്ടിലെ കല്യാണ ശുശ്രൂഷക്കാരോട് പറയുന്നു , ‘അവന്‍ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാല്‍ അതു ചെയ്‌വിന്‍’. അമ്മയ്ക്ക് മകനെ പൂര്‍ണ്ണവിശ്വാസമായിരുന്നു. ആ കല്യാണ വീട്ടുകാരെ മകന്‍ സഹായിക്കുമെന്ന് അമ്മയ്ക്ക് ഉറപ്പും ആയിരുന്നു.

അമ്മയും മകനും തമ്മിലുള്ള അഗാധമായ ബന്ധം യേശുവിന്റെ ജീവിതത്തില്‍ എപ്പോഴും കാണാം. മരണ സമയത്ത് യേശു തന്റെ അമ്മയെ താന്‍ ഏറ്റവും സ്‌നേഹിച്ച ശീഷ്യനെ ഏല്‍പ്പിച്ച് കൊണ്ടു പറയുന്നു ‘സ്ത്രീയേ, ഇതാ നിന്റെ മകന്‍’, ശിഷ്യനോട് പറയുന്നു ‘ഇതാ നിന്റെ അമ്മ’. നമ്മള്‍ നമ്മുടെ മാതാപിതാക്കളെ എങ്ങനെ സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്നു എന്നുള്ളത് ഈ അവസരത്തില്‍ ചിന്തിക്കുന്നത് നല്ലതായിരിക്കൂം. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുള്ള ബിസ്നസ് എന്നു പറയുന്നത് ‘ഓള്‍ഡേജ് ഹോമുകള്‍’ ആണ്. പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ഉള്ള ആ ഓള്‍ഡേജ് ഹോമുകളില്‍ മാതാപിതാക്കളെ തള്ളുമ്പോള്‍ അവരുടെ വേദനകള്‍ എന്തായിരിക്കുമെന്ന് നമ്മള്‍ ചിന്തിക്കാറില്ല.

”മണവാളന്‍ കൂടെയുള്ളപ്പോള്‍ തോഴ്മക്കാര്‍ക്കു ദുഃഖിപ്പാന്‍ കഴികയില്ല; മണവാളന്‍ പിരിഞ്ഞുപോകേണ്ടുന്ന നാള്‍ വരും; അന്നു അവര്‍ ഉപവസിക്കും.’ (മത്തായി 9:15 , മര്‍ക്കോസ് 2 :19-20 , ലൂക്കോസ് 5:35) എന്നാണ് യേശു തന്റെ ശിഷന്യന്മാരെക്കുറിച്ച് പറഞ്ഞത്. ‘എന്നാല്‍ ഞാന്‍ നിങ്ങളോടു സത്യം പറയുന്നു; ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും.’ (യോഹന്നാന്‍ 16:7). മണവാളന്‍ തോഴ്മക്കാര്‍ക്കു വേണ്ടിയാണ് അവരെ വിട്ടൂപിരിഞ്ഞു പോയത്. ആ വേര്‍പാട് സന്തോഷകരമാക്കാന്‍ തോഴ്മക്കാര്‍ ഉപവസിക്കേണ്ടിയിരിക്കൂന്നു…. പക്ഷേ ആ ഉപവാസം ഒരിക്കലും പ്രകടനമായിത്തീരരുത്. ‘ഉപവസിക്കുമ്പോള്‍ നിങ്ങള്‍ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതു; അവര്‍ ഉപവസിക്കുന്നതു മനുഷ്യര്‍ക്കു വിളങ്ങേണ്ടതിന്നു മുഖം വിരൂപമാക്കുന്നു; അവര്‍ക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.നീയോ ഉപവസിക്കുമ്പോള്‍ നിന്റെ ഉപവാസം മനുഷ്യര്‍ക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിന്നു വിളങ്ങേണ്ടതിന്നു തലയില്‍ എണ്ണ തേച്ചു മുഖം കഴുകുക. ‘ (മത്തായി 6:16,17). ഞാനും ഉപവസിക്കുന്നു എന്ന് വെറുതെ പറഞ്ഞതു കൊണ്ട് കാര്യമില്ല. ആ ഉപവാസം കൊണ്ട് മറ്റുള്ളവര്‍ക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാവുകയും വേണം.

നീയോ ഭിക്ഷകൊടുക്കുമ്പോള്‍ നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിന്നു വലങ്കൈ ചെയ്യുന്നതു എന്തു എന്നു ഇടങ്കൈ അറിയരുതു. (മത്തായി 6:3). എന്നുള്ള ദൈവത്തിന്റെ ഉപദേശം വിസ്മരിക്കുകയും ചെയ്യരുത്. ഉപവസിക്കൂന്നതുമൂലം ലാഭമാകുന്നത് ദൈവാലയ ഭണ്ഡാരത്തില്‍ ഇടൂന്നതിനെക്കാള്‍ നല്ലത് അര്‍ഹരായവര്‍ക്ക് അത് ആവശ്യമായ സമയത്ത് നല്‍കുക എന്നുള്ളതാണ്. വിശന്നിരിക്കുന്നവനാണ് ആഹാരം വേണ്ടത് അല്ലാതെ ആഹാരം കഴിച്ചതിനു ശേഷം വിശ്രമിക്കുന്നവനല്ല. ആഹാരം മാത്രമല്ല, നമ്മുടെ ഇടയില്‍ സഹായം വേണ്ട അനേകായിരങ്ങള്‍ ഉണ്ട്. ഒരുപക്ഷേ അവര്‍ അഭിമാനം കൊണ്ടോ മറ്റോ സഹായം അഭ്യര്‍ത്ഥിച്ച് നമ്മുടെ മുന്നില്‍ വന്നുകൊള്ളണം എന്നില്ല. അരഹരായവരെ നമ്മള്‍ കണ്ടേത്തുക തന്നെ വേണം. ചിലപ്പോള്‍ ഒരാള്‍ക്കോ രണ്ടുപേര്‍ക്കോ കൂടിയാല്‍ കൂടുന്ന സഹായം അല്ലായിരിക്കും ഒരാള്‍ക്ക് ആവശ്യമായി വരുന്നത്. ആ സമയത്ത് സമാനചിന്താഗതിക്കാരായ ഒരു കൂട്ടം ആളുകള്‍ ഒരുമിച്ച് കൂടി അര്‍ഹരായവരെ സഹായിക്കാവുന്നതേ ഉള്ളൂ.

കാനാവിലെ കല്യാണ വിരുന്നു ശാലയില്‍ നിന്ന് കാല്‍വറി കുന്നിലേക്ക് യേശു തമ്പുരാന്‍ കടന്നു പോയ ജീവിത വഴി എന്ന് പറയുന്നത് വളരെ മനോഹരമായ ഒന്നായിരുന്നില്ല. അധികാരികളുടെ ധാര്‍ഷ്ഠ്യത്തിനു എതിരെ പ്രതികരിച്ചും മതനേതാക്കളുടെ തെറ്റായ ഉപദേശങ്ങളെ വിമര്‍ശിച്ചും അധികാര പ്രയോഗത്തെ വെല്ലുവിളിച്ചും നിയമങ്ങളെ ബഹുമാനിച്ചും ജനങ്ങളെ സഹായിച്ചും സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ ശബ്ദ്ദമായും സമൂഹപരമായ വേര്‍തിരിവില്‍ പിന്നോട്ട് പോയവര്‍ക്കു വേണ്ടി നിലകൊണ്ടൂം ദേവാലയത്തെ കച്ചവട കേന്ദ്രങ്ങളാക്കുന്നവരെ പുറത്താക്കിയും ഒക്കെയായിരുന്നു ആ ജീവിത യാത്ര. ആ ജീവിതയാത്രയുടെ ബലം എന്നു പറയുന്നത് നാല്‍പ്പത് ദിവസം ഉപവസിച്ച് നേടിയെടൂത്തത് കൂടിയായിരുന്നു. മരുഭൂമിയില്‍ പോയി വെറുതെ ഉപവസിക്കുകയായിരുന്നില്ല യേശു തമ്പുരാന്‍. തന്റെ പ്രവര്‍ത്തനത്തിനു ആവശ്യമായ ഊര്‍ജ്ജം സംഭരിക്കുകയായിരുന്നു. ഉപവാസം കൊണ്ടും പ്രാര്‍ത്ഥനകൊണ്ടൂം നേടിയെടുത്ത ശക്തിയായിരുന്നു എല്ലാത്തിനും പിന്നില്‍. ഞങ്ങള്‍ക്ക് അത് എന്തുകൊണ്ട് ചെയ്യാന്‍ പറ്റിയില്ല എന്ന് ശിഷ്യന്മാര്‍ സംശയം ചോദിക്കുമ്പോള്‍ യേശു പറയുന്നത് , ‘എങ്കിലും പ്രാര്‍ത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല'(മത്തായി 17:21) എന്നാണ്.

കാല്‍വറി മലയിലേക്കൂള്ള ദൂരം സഞ്ചരിക്കാനുള്ള ഊര്‍ജ്ജം നമുക്ക് ഈ വലിയ നോമ്പില്‍ നിന്ന് കിട്ടണം. സ്വന്തം ക്രൂശ് എടുത്തുകൊണ്ട് ഇടറിയ കാലടിയോടെ രക്തം ഒഴുകുന്ന ശരീരത്തില്‍ വീഴുന്ന ചാട്ടവാറടികള്‍ സഹിച്ച് സഹനത്തിന്റെ കാല്‍വറിയിലേക്ക് നടന്ന നമ്മുടെ രക്ഷകന്റെ പാതകളെ പിന്തുടരാന്‍ നമുക്ക് കഴിയണം. സഹനം മാത്രമല്ല നമുക്ക് കാല്‍വറിയില്‍ കാണാന്‍ കഴിയുന്നത്. അവിടെ ക്ഷമയും, കരുതലും, പ്രത്യാശയും, പാപപരിഹാരവും ഒക്കെ നമുക്ക് കാണാന്‍ കഴിയും. കാല്‍വറിയിലേക്കുള്ള യാത്ര എന്നു പറയുന്നത് വളരെ വേദന നിറഞ്ഞതാണ്. പക്ഷേ അപ്പോഴും യേശു തമ്പുരാന്‍ പറയുന്നത്,നിങ്ങള്‍ എനിക്കു വേണ്ടിയല്ല നിങ്ങളുടെ മക്കള്‍ക്ക് വേണ്ടി കരയാനാണ്. തന്നെ ദ്രോഹിച്ചവര്‍ക്ക് വേണ്ടി പിതാവിനോട് ക്ഷമ ചോദിക്കൂന്ന ക്രിസ്തുവിനെ നമുക്ക് കാല്വറിയില്‍ കാണാം. ”ഇന്നു നീ എന്നോടുകൂടെ പറുദീസയില്‍ ഇരിക്കും എന്നു ഞാന്‍ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞ് കള്ളന് പ്രത്യാശ നല്‍കുന്നുണ്ട്, അമ്മയെ ശിഷ്യനെ ഏല്‍പ്പിക്കൂന്ന കരുതലും നമുക്ക് കാല്‍വറിയില്‍ കാണാന്‍ കഴിയുന്നുണ്ട്. ഈ ജീവിത അനുഭവങ്ങള്‍ ഒക്കെ നമുക്കും നമ്മുടെ ജീവിതത്തില്‍ കൊണ്ടുവരാന്‍ കഴിയണം. കാല്‍വറിയില്‍ മരണം അല്ല ഉയര്‍പ്പാണ് ഒരു ക്രിസ്ത്യാനിയുടെ പ്രത്യാശയാണ്. ആ പ്രത്യാശയിലേക്കാണ് ഈ നോമ്പ് നമ്മളെ കൊണ്ടു പോകുന്നത്. ദൈവപുത്രനെപ്പോലെ നമുക്ക് ആകാന്‍ സാധിക്കുന്നില്ലങ്കിലും അതിലെ ഒരു അംശം എങ്കിലും നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് വലിയ നോമ്പില്‍ കഴിയണം. വലിയ നോമ്പ് നടക്കുന്ന ഈ കാലയളവില്‍ മാത്രമല്ല തുടര്‍ന്നുള്ള ജീവിതത്തിലും നമുക്ക് അത് തുടരാന്‍ കഴിയണം. ഞാനും ഒരു ക്രിസ്ത്യാനി ആണന്ന് വെറുതെ പറയുക മാത്രമല്ല , ക്രിസ്തുവിന്റെ ജീവിത സന്ദേശം നമ്മുടെ ജീവിതത്തില്‍ പകര്‍ത്താന്‍ കൂടി കഴിയണം. അതിനു ഈ വലിയ നോമ്പ് നമ്മളെ സഹായിക്കട്ടെ.

Comments

comments

Share This Post

Post Comment