കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് പള്ളി ഭീകരാക്രമണം : നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം അനുശോചിച്ചു


ഓശാനഞായര്‍ ശുശ്രൂഷകള്‍ക്കിടയില്‍ ഐ.എസ്. ഭീകരര്‍ ക്രൂരമായി കൊലചെയ്ത ഈജിപ്തിലെ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സഹോദരങ്ങളുടെ സ്മരണകള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം. ഭദ്രാസനത്തെയും വിശ്വാസി സമൂഹത്തെയും പ്രതിനിധീകരിച്ച് ആദരാഞ്ജലികളും പ്രാര്‍ത്ഥനകളും നേര്‍ന്ന് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളാവോസ് പ്രസ്താവന പുറപ്പെടുവിച്ചു. ജറുസലേമിലേക്കുള്ള യേശുക്രിസ്തുവിന്റെ രാജകീയ പ്രവേശത്തിലുള്ള സന്തോഷകരമായ നിമിഷങ്ങള്‍ നമ്മുടെ സഹോദരീസഭയായ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്ക് സംഭവിച്ച ദുരന്തം മൂലം വേദന നിറഞ്ഞതായി എന്ന് പ്രസ്താവനയില്‍ അഭി. തിരുമേനി പറഞ്ഞു. രക്ഷകനായ ക്രിസ്തുവിന്റെ ഉത്ഥാനം ആഘോഷിക്കുവാന്‍ ക്രിസ്തീയ സമൂഹം തയ്യാറെടുക്കുന്ന വേളയില്‍ നിരപരാധികളുടെ രക്തം ചിന്തപ്പെട്ടതിലെ വേദനയും ദുഃഖവും മെത്രാപ്പോലീത്ത പങ്കുവെച്ചു. സഹോദരീസഭാമക്കളുടെ വേദനയിലും ദുഃഖത്തിലും പങ്കുചേരുന്നതോടൊപ്പം ഉത്ഥിതനായ ക്രിസ്തുവിലേക്ക് നോക്കി സമാധാനവും സന്തോഷവും സ്വീകരിക്കുവാന്‍ മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. ക്രിസ്തുവില്‍ നമ്മുടെ സഹോദരനായ ന്യൂയോര്‍ക്ക്, ന്യൂ ഇംഗ്ലണ്ട് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ഭദ്രാസന മെത്രാപ്പൊലിത്ത ബിഷപ്പ് ഡേവിഡ് പറയുന്നതുപോലെ തിന്‍മയുടെ ശക്തികള്‍ സഭയെ പീഡിപ്പിച്ചാലും മരണത്തിന്റെ ശക്തികള്‍ക്ക് സഭയുടെ മേല്‍ ആധിപത്യം പുലര്‍ത്താനാവില്ലന്ന പ്രത്യാശ നമ്മെ നയിക്കട്ടെ എന്ന് മെത്രാപ്പൊലീത്ത ഓര്‍മിപ്പിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *