വിശ്വാസഗോപുരമായ റിട്രീറ്റ് സെന്റര്‍ ഭദ്രാസനത്തിനു സ്വന്തം; അഭിമാനത്തേരില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ


ന്യൂയോര്‍ക്ക്: ആഗോള മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി ക്രിസ്ത്യാനികളുടെ എക്കാലത്തെയും അഭിമാനസ്തംഭം അമേരിക്കന്‍ മണ്ണില്‍ യാഥാര്‍ത്ഥ്യമായി. അമേരിക്കയില്‍ 300 ഏക്കറില്‍ പരന്നു കിടക്കുന്ന പ്രകൃതിരമണീയവും ആധുനിക സൗകര്യങ്ങളോടും കൂടിയ അതിവിശാലമായ റിട്രീറ്റ് സെന്റര്‍ സഭയ്ക്കു സ്വന്തമായി. പെന്‍സില്‍വേനിയ സംസ്ഥാനത്തെ പൊക്കോണാസ് മലനിരകളിലെ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്റര്‍ സ്വന്തമായി രജിസ്റ്റര്‍ ചെയ്ത് ഡീഡ് കരസ്ഥമാക്കിയപ്പോള്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ കോട്ടയത്ത് ഇരുന്നു കൊണ്ട് ആശീര്‍വാദമായി പറഞ്ഞതിങ്ങനെ: ‘ദൈവത്തിനു സ്‌തോത്രം’. ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുമായി അനുമോദന വചസ്സുകള്‍ ഉരുവിട്ടപ്പോഴാണ് പരിശുദ്ധ ബാവ ഇപ്രകാരം അരുളിയത്.
മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ നിശ്ചയദാര്‍ഢ്യവും കൗണ്‍സില്‍ അംഗങ്ങളുടെ നിതാന്ത പരിശ്രമവും ഭദ്രാസന ജനങ്ങളടെ അകമഴിഞ്ഞ പിന്തുണയും കൊണ്ട് സഭ കരസ്ഥമാക്കിയത് പുതിയ തലമുറയുടെ വിശ്വാസദീപ്തിക്കാവശ്യമായ സന്നാഹങ്ങളെല്ലാമുള്ള ഒരു വന്‍ റിട്രീറ്റ് സെന്ററാണ്. ഭാവി തലമുറയുടെ വിശ്വാസജീവിതത്തെ കരുപിടിപ്പിക്കാന്‍ ഇതില്‍ പരം നിക്ഷേപം ഇപ്പോഴത്തെ തലമുറയ്ക്ക് ചെയ്യാനാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സ്‌ക്രാന്റണ്‍ റോമന്‍ കത്തോലിക്ക രൂപതയുടെ കീഴിലായിരുന്ന സെന്റ് പയസ് പത്താമന്‍ ഫാത്തിമ റിന്യൂവല്‍ സെന്ററാണ് 2.95 മില്യണ്‍ ഡോളറിന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം വാങ്ങിയത്.
രാവിലെ 8.30-ന് മാര്‍ നിക്കോളോവോസിന്റെ നേതൃത്വത്തില്‍ മാനേജിങ് കമ്മിറ്റി അംഗങ്ങളും കൗണ്‍സില്‍ അംഗങ്ങളും ഭദ്രാസന അംഗങ്ങളും വിശ്വാസികളും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘം റിട്രീറ്റ് സെന്ററില്‍ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ സ്‌ക്രാന്റണ്‍ രൂപതയുടെ അധികാരികളും ഡീഡ് ക്ലോസ് ചെയ്യുന്ന അറ്റോര്‍ണി ഓഫീസിലെ എക്‌സിക്യൂട്ടീവുകളും റിയല്‍ എസ്റ്റേറ്റ് ജീവനക്കാരും ഉണ്ടായിരുന്നു. ഡോക്യുമെന്റില്‍ പറഞ്ഞിരിക്കുന്നതു പോലെ എല്ലാം തയ്യാറാക്കിയിരുന്നു എന്നു ഉറപ്പ് വരുത്തിയതിനു ശേഷം സംഘം അറ്റോര്‍ണി ഓഫീസ് സ്ഥിതി ചെയ്യുന്ന പ്ലെയ്ന്‍സ് ടൗണ്‍ഷിപ്പില്‍ എത്തി.
അവിടെ നടന്ന ഡോക്യുമെന്റ് രജിസ്‌ട്രേഷന്‍ ഒരു മണിക്കൂറിലേറെ നീണ്ടു. ഈ രംഗങ്ങളെല്ലാം ലോകമെമ്പാടുമുള്ള വിശ്വാസികള്‍ അഭിമാനപുരസരം ഫേസ്ബുക്കിലൂടെ വീക്ഷിച്ചു. 35,000 പേരാണ് ലൈവായി ഫേസ്ബുക്കിലൂടെ ചരിത്രപ്രധാനമായ ഈ ചടങ്ങുകള്‍ക്ക് ദൃക്‌സാക്ഷികളായത്.
കെട്ടിടത്തിന്റെ വില പറഞ്ഞുറപ്പിക്കാന്‍ സഹായിച്ച സഭാ മാനേജിങ് കമ്മിറ്റിയംഗവും ബെന്‍സേലം സെന്റ് ഗ്രിഗോറിയോസ് ഇടവക അംഗവും എന്‍ജിനിയറിങ് സ്ഥാപനമായ യു.എസ് ഇന്റര്‍നാഷണല്‍ സര്‍വ്വീസ് ലിമിറ്റഡിന്റെ ഉടമയുമായ ജോസഫ് എബ്രഹാം ഭദ്രാസനത്തെ പ്രതിനിധാനം ചെയ്തു ഡോക്യുമെന്റേഷന്‍ ചടങ്ങുകള്‍ സുഗമമാക്കി.
ഭദ്രാസന സെക്രട്ടറി ഫാ. എം. കെ. കുര്യാക്കോസ്, ചാന്‍സിലര്‍ ഫാ. തോമസ് പോള്‍, കൗണ്‍സില്‍ അംഗങ്ങളായ ഫാ.ഷിബു ഡാനിയേല്‍, ഫിലിപ്പോസ് ഫിലിപ്പ്, ഷാജി വറുഗീസ്, അജിത്ത് വട്ടശ്ശേരില്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ വറുഗീസ് പോത്താനിക്കാട്, സഭാ മാനേജിങ് കമ്മിറ്റിയംഗം ജോര്‍ജ് തുമ്പയില്‍, മുന്‍ മാനേജിങ് കമ്മിറ്റിയംഗം പോള്‍ കറുകപ്പള്ളില്‍, ഭദ്രാസന അസംബ്ലിയംഗം തോമസ് വറുഗീസ്, ജോസഫ് ഏബ്രഹാം (യോങ്കേഴ്‌സ് സെന്റ് മേരീസ് ഇടവകാംഗം) എന്നിവരും പങ്കെടുക്കുകയും ചരിത്രപരമായ രേഖകളില്‍ സാക്ഷികളായി ഒപ്പിടുകയും ചെയ്തു.
പിന്നീട് തിരികെ റിട്രീറ്റ് സെന്ററിലെത്തിയ സംഘം മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയോടൊപ്പം പ്രാര്‍ത്ഥനയോടെ കെട്ടിടത്തിനുള്ളിലേക്ക് കയറി. എന്‍ജിനീയര്‍ ജോസഫ് എബ്രഹാം ഔപചാരികമായി കൈമാറിയ താക്കോലെടുത്ത് വാതില്‍ തുറന്നാണ് മാര്‍ നിക്കോളോവോസ് ആദ്യ ചുവടു വെച്ചത്. ചാപ്പലില്‍ ധൂപപ്രാര്‍ത്ഥനയ്ക്കും വാഴ്‌വിനും ശേഷം മാര്‍ നിക്കോളോവോസ് ഹൃദയത്തിന്റെ അഗാധതയില്‍ നിന്നും വന്ന വാക്കുകള്‍ കൃതജ്ഞതാപൂര്‍വ്വം സംഘാംഗങ്ങളോടു പങ്കു വച്ചു. ഭദ്രാസനത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആത്മീയപരമായ നേട്ടങ്ങളും അതിനു ചാലകശക്തിയായി ഈ റിട്രീറ്റ് സെന്റര്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഭദ്രാസന കൗണ്‍സിലില്‍ തന്നോടൊപ്പം പ്രവര്‍ത്തിച്ച എല്ലാ അംഗങ്ങളേയും മാര്‍ നിക്കോളോവോസ് ശ്ലാഘിച്ചു. എന്‍ജിനീയര്‍ ജോസഫ് എബ്രഹാമിനോടുള്ള പ്രത്യേകമായ നന്ദിയും മാര്‍ നിക്കോളോവോസ് രേഖപ്പെടുത്തി. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഒരു പ്രത്യേകതയും മുതല്‍ക്കൂട്ടും തങ്ങളുടെ യുവതലമുറയാണെന്ന് മാര്‍ നിക്കോളോവോസ് എടുത്തു പറഞ്ഞു.
അതിനായി ഏറെക്കാലമായി സഭയുടെ വലിയൊരു ആഗ്രഹമായിരുന്നു, സ്വന്തമായി ഒരു റിട്രീറ്റ് സെന്റര്‍ എന്നത്. ഇതിനു വേണ്ടി പലതവണ യോഗങ്ങള്‍ ചേര്‍ന്നു. ഒടുവില്‍, 2013 ജൂണില്‍ മേരിലന്റിലെ ബാള്‍ട്ടിമൂറില്‍ ചേര്‍ന്ന ഭദ്രാസന പൊതുയോഗമാണ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന് ഒരു റിട്രീറ്റ് സെന്റര്‍ വേണമെന്ന ആവശ്യം ഉയര്‍ത്തിയത്. തുടര്‍ന്ന്, അനുയോജ്യമായ സ്ഥലം കണ്ടെത്താനും സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുവാനും ഭദ്രാസന കൗണ്‍സിലിനെ ചുമതലപ്പെടുത്തി. മൂന്നു വര്‍ഷക്കാലം ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ എന്നിവിടങ്ങളില്‍ സ്ഥലങ്ങള്‍ അന്വേഷിച്ചു. ഒടുവില്‍ അനുയോജ്യമായ ഇടമായി കണ്ടെത്തിയത് പെന്‍സില്‍വേനിയയിലെ ഫാത്തിമ റിന്യൂവല്‍ സെന്ററായിരുന്നു. മുന്‍പ് ഇത് പെന്‍സില്‍വേനിയ സ്‌ക്രാന്റണ്‍ റോമന്‍ കത്തോലിക്ക രൂപതയുടെ കീഴിലുണ്ടായിരുന്ന സെന്റ് പയസ് ടെന്‍ത് റോമന്‍ കാതലിക്ക് സെമിനാരിയായിരുന്നു.
2016 മെയില്‍ സഫേണില്‍ ചേര്‍ന്ന ഭദ്രാസന പൊതുയോഗത്തില്‍ ഫാത്തിമ റിന്യൂവല്‍ സെന്റര്‍ വാങ്ങാന്‍ തീരുമാനിച്ചു. സ്‌ക്രാന്റണ്‍ ഡൗണ്‍ടൗണില്‍ നിന്നും മിനിറ്റുകളുടെ ഡ്രൈവ് മാത്രമാണ് പെന്‍സില്‍വേനിയയിലെ ഡാല്‍റ്റണ്‍ ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററിലേക്കുള്ളു. ഔട്ട്‌ഡോര്‍ മെഡിറ്റേഷന് പറ്റിയ അന്തരീക്ഷമാണ് ഇവിടെയുള്ളത്. 300 ഏക്കര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ഇവിടെ മനോഹരമായ ഒരു തടാകവും അതിനോടു ചേര്‍ന്ന് മൊട്ടക്കുന്നുകളും ഒപ്പം മരങ്ങളും ചെറിയ ചെടികളുടെയുമൊക്കെ ഒരു വലിയ കേദാരമുണ്ട്. ആരുടെയും മനസ്സ് ആകര്‍ഷിക്കുന്ന വിധത്തില്‍ പ്രകൃതിരമണീയമായ അന്തരീക്ഷമാണ് ഇവിടുത്തേത്.
ചാപ്പല്‍, ലൈബ്രറി, കോണ്‍ഫറന്‍സ് മുറികള്‍, ക്ലാസ്മുറികള്‍, ഓഫീസുകള്‍ എന്നിവയെല്ലാം റിട്രീറ്റ് സെന്ററിലുണ്ട്. ഇരുനൂറോളം അതിഥികളെ താമസിപ്പിക്കാന്‍ കഴിയുന്ന വിധത്തിലുള്ള രണ്ട് ഡോര്‍മെറ്ററികള്‍, ജിംനേഷ്യം, 800 പേര്‍ക്ക് ഇരിപ്പിടമൊരുക്കുന്ന വിശാലമായ ഓഡിറ്റോറിയം എന്നിവയെല്ലാം തന്നെ ഇവിടെയുണ്ട്. ഭദ്രാസനത്തിനു മാത്രമല്ല സഭയ്ക്കാകമാനം തന്നെ അഭിമാനിക്കാവുന്ന നേട്ടമാണ് ഇതെന്ന് സക്കറിയ മാര്‍ നിക്കളോവോസ് മെത്രാപ്പോലീത്ത പറഞ്ഞു. 2.9 മില്യണ്‍ ഡോളറിനാണ് റിട്രീറ്റ് സെന്റര്‍ സഭ സ്വന്തമാക്കിയത്. ഭദ്രാസനത്തിലുള്ള ഒട്ടുമിക്ക കുടുംബവും 3000 ഡോളര്‍ എന്ന സംഖ്യ നല്‍കി ഈ പദ്ധതിയോടു സഹകരിച്ചിരുന്നു. മൂന്നു വര്‍ഷം കൊണ്ട് മൂവായിരം ഡോളര്‍ നല്‍കിയാല്‍ മതിയാവും. ബാങ്ക് ലോണും മറ്റ് പ്രൈവറ്റ് ലോണുകളുമായി നല്ലൊരു തുക കടമായി തന്നെ നില്‍ക്കുന്നു.
രണ്ടു ശതമാനം പ്രതിവര്‍ഷം പലിശ നല്‍കുന്ന വിധത്തില്‍ നിക്ഷേപങ്ങളും സെന്ററിനു വേണ്ട തുകയായി സ്വീകരിച്ചാണ് ഈ സ്വപ്‌നപദ്ധതി സഭ ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിയത്. കോണ്‍ഫറന്‍സ് റൂമുകള്‍ക്ക് പ്രിയപ്പെട്ടവരുടെ പേരുകള്‍ നല്‍കാവുന്ന വിധത്തില്‍ സ്‌പോണ്‍സര്‍ഷിപ്പും അനുവദിച്ചിട്ടുണ്ട്. ആത്മീയ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും രൂപപ്പെടുത്തി കൊണ്ടായിരിക്കും റിട്രീറ്റ് സെന്റര്‍ യുവ തലമുറയുടെ വിശ്വാസതിലകമായി മാറുക. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ജീവനാഡിയായി പോക്കണോസ് മലനിരകളിലെ റിട്രീറ്റ് സെന്റര്‍ മാറുമ്പോള്‍ അത് ആഗോള മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി ക്രിസ്ത്യാനികളുടെ അഭിമാനഗോപുരമായി മാറുമെന്നതും യാഥാര്‍ത്ഥ്യം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
WWW.TRANSFIGURATIONRETREAT.ORG

Comments

comments

Leave a Reply

Your email address will not be published. Required fields are marked *