നോര്‍ത്ത് ഈസ്റ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു


ന്യൂയോര്‍ക്ക് : നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ കമ്മിറ്റി കൂടി പുരോഗതി വിലയിരുത്തി. ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററിലാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനുവേണ്ടി സംഘടിപ്പിച്ച യോഗത്തില്‍ നൂറോളം വരുന്ന ഒട്ടുമിക്ക കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. റോക്ക്‌ലാന്റ് കൗണ്ടിയിലെ സഫേണ്‍ സെന്റ് മേരീസ് ഇടവകയായിരുന്നു സമ്മേളനത്തിനു ആതിഥ്യം വഹിച്ചത്.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പ്രാര്‍ത്ഥയോടെ ആരംഭിച്ച യോഗത്തില്‍ തിരുമേനി ആമുഖ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് സംസാരിച്ച കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ രജിസ്‌ട്രേഷന്‍ 1100 ആയപ്പോള്‍ അവസാനിപ്പിച്ചിരിക്കുകയാണെന്നും പിന്നീടു രജിസ്‌ട്രേഷന്‍ ചെയ്ത 230 ആളുകള്‍ വെയ്റ്റിംഗ് ലിസ്റ്റിലുണ്ടെന്നും അറിയിച്ചു. ഭദ്രാസനത്തിലെ 53 ദേവാലയങ്ങളില്‍ 51 ല്‍ നിന്നും കോണ്‍ഫറന്‍സില്‍ സംബന്ധിക്കുവാന്‍ ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് എല്ലാ വിധത്തിലും ചരിത്ര വിജയമായിരിക്കുമെന്നും പറഞ്ഞു. അവശേഷിക്കുന്ന ദേവാലയങ്ങളെയും ഉള്‍പ്പെടുത്തി സമ്പൂര്‍ണ്ണ സഹകരണം ഉറപ്പുവരുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഏതെങ്കിലും കാരണത്താല്‍ കോണ്‍ഫറന്‍സില്‍ സംബന്ധിക്കുവാന്‍ സാധിക്കാത്തവര്‍ എത്രയും വേഗം ആ വിവരം അറിയിക്കുകയാണെങ്കില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് കോണ്‍ഫറന്‍സിനുവേണ്ടി തയ്യാറെടുക്കുവാന്‍ അത് കൂടുതല്‍ സഹായകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടവക മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശാനുസരണം വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്കും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാനുള്ള അവസരമൊരുക്കുകയാണെന്നും അവര്‍ക്ക് പണമടയ്ക്കുവാന്‍ മെയ് 20 വരെ സമയമുണ്ടെന്നും അദ്ദേഹം അറിയിച്ചു. സഹോദര ഭദ്രാസനത്തില്‍ നിന്ന് ഒരു കുടുംബം കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ മുമ്പോട്ടുവന്നുവെന്നത് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കുടുംബ, യുവജന സമ്മേളനത്തിന്റെ പ്രസക്തിയെയും ജനസമ്മതിയെയും അടിവരയിട്ടു കാണിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്റ്റി റവ. ഫാ. ഡോ. എം. ഒ. ജോണ്‍ മുതിര്‍ന്നവര്‍ക്കുള്ള ക്ലാസുകള്‍ നയിക്കും. വഌഡിമിര്‍ സെമിനാരിയിലെ പ്രൊഫസര്‍ ഡോ. ഡോണാ റിത്സ്‌ക്ക്, ഡിക്കന്‍ പ്രദീപ് ഹാച്ചര്‍, ഡിക്കന്‍ ഷോണ്‍ തോമസ്, ഡീക്കന്‍ ബോബി വര്‍ഗീസ് എന്നിവരാണ് മറ്റു പ്രാസംഗികര്‍. മുതിര്‍ന്നവര്‍, ഫോക്കസ്, എം. ജി. ഒ. സി. എസ്. എം, സണ്ടേസ്‌കൂള്‍ എന്നിങ്ങനെ നാലു സെഷനുകളായിരിക്കും കോണ്‍ഫറന്‍സിലുണ്ടായിരിക്കുക. വ്യത്യസ്തമായ വിഷയങ്ങളിലൂന്നി 18 സൂപ്പര്‍ സെഷനുകളും ആസൂത്രണം ചെയ്തുവരുന്നു. റവ. വി. എം. ഷിബുവും സംഘവും ഫുള്‍ ഓര്‍ക്കസ്ട്രയുടെ അകമ്പപടിയോടെ നടത്തുന്ന കഥാപ്രസംഗം ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ പ്രത്യേകത ആകര്‍ഷണമായിരിക്കും. കലഹാരി വാട്ടര്‍ തീം പാര്‍ക്കില്‍ വേറെ ചിലവുകളില്ലാതെ സമയം ചിലവഴിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്നൂറു പേജുകളുള്ള സുവനിയര്‍ പ്രസിദ്ധീകരിക്കാനുള്ള ജോലികള്‍ നടന്നു വരുന്നു.
കോണ്‍ഫറന്‍സ് ട്രഷറര്‍ ജീമോന്‍ വര്‍ഗീസ്, സുവനീയര്‍ ബിസിനസ് മാനേജര്‍ ഡോ. ഫിലിപ്പ് ജോര്‍ജ്, സുവനിയര്‍ ചീഫ് എഡിറ്റര്‍ എബി കുറിയാക്കോസ്, റീന സൂസന്‍ മാത്യൂസ്, അജിത് വട്ടശ്ശേരില്‍, വറുഗീസ് പ്ലാമൂട്ടില്‍, ബിനു സാമുവല്‍, മനു ജോര്‍ജ്, സാറാ ഐപ്പ്, സജി. എം. പോത്തന്‍, മാത്യു വറുഗീസ് എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി. പുതിയതായി രൂപീകരിച്ച ടെക്‌നിക്കല്‍ ഐ. ടി കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. കമ്മിറ്റിയുടെ അടുത്ത യോഗം ജൂണ്‍ 11 ഞായറാഴ്ച രണ്ടു മണിക്ക് മിഡ്‌ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ വച്ച് നടക്കുമെന്ന് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment