ഫാമിലി കോണ്‍ഫറന്‍സ്: മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി


ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനം ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഭദ്രാസന അധ്യക്ഷന്‍ അഭി. സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കോണ്‍ഫറന്‍സിനെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് വിവരസാങ്കേതികതയുടെ പുതിയരൂപം വിശ്വാസികള്‍ക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ആപ്പിന്റെ പ്രയോജനം ലഭിക്കും. ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ പ്ലേ സ്റ്റോറിലും ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലും ലഭ്യമാണ്. കോണ്‍ഫറന്‍സിന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ കമ്മിറ്റികളെ പരസ്പരം ഏകോപിപ്പിച്ചു കൊണ്ടു മുന്നോട്ടു കൊണ്ടു പോകുന്നതിനാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ മുന്‍തൂക്കം നല്‍കുന്നത്. ഈ വിവരങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്ക് വയ്ക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. മൊബൈല്‍ ആപ്പ് പുറത്തിറക്കുന്ന ചടങ്ങില്‍ റവ. ഫാ. ഷിബു ഡാനിയല്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ട്രഷറര്‍ ജീമോന്‍ വറുഗീസ്, സുവനിയര്‍ ബിസിനസ്സ് മാനേജര്‍ ഡോ ഫിലിപ്പ് ജോര്‍ജ്, സുവനിയര്‍ എഡിറ്റര്‍ എബി കുര്യാക്കോസ്, അജിത് മാത്തന്‍, ജീസ്‌മോന്‍ ജേക്കബ് എന്നിവര്‍ പങ്കെടുത്തു. വിവരസാങ്കേതിക വിദ്യയുടെ ഇക്കാലത്ത്, ഈ പുതിയ സംരംഭം സ്വാഗതാര്‍ഹമാണെന്നും ഇതെല്ലാവര്‍ക്കും പ്രയോജനപ്പെടട്ടെ എന്നും അഭി. സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. അതു പ്രാവര്‍ത്തികമാക്കിയവരെ അഭിനന്ദിക്കുകയും ചെയ്തു. കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, കോണ്‍ഫന്‍സിനോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന ബിസിനസ്സ് സുവനിയര്‍, കോണ്‍ഫറന്‍സ് ന്യൂസ് ലെറ്റായ കോണ്‍ഫറന്‍സ് ക്രോണിക്കിള്‍, കോര്‍ഡിനേറ്റര്‍, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവരുമായി നേരിട്ടു ബന്ധപ്പെടാനുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം തന്നെ ആപ്പില്‍ ഒരുക്കുന്നുണ്ട്. മലയാളം ബൈബിള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ആത്മീയഗാനങ്ങള്‍ കേള്‍ക്കാനുള്ള ഓപ്ഷനും ഇതില്‍ ഒരുക്കിയിട്ടുണ്ട്. ആപ്പിള്‍ സ്റ്റോറിലും ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറിലും ആപ്പ് ലഭ്യമാക്കും. ബോസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ ജീസ്‌മോന്‍ ജേക്കബിന്റെ പിന്തുണ കൊണ്ടാണ് വളരെ കുറഞ്ഞ സമയം കൊണ്ടും കുറഞ്ഞ പണച്ചെലവിലും ഇത്തരം മനോഹരമായ ഒരു ആപ്ലിക്കേഷന്‍ തയ്യാറാക്കാന്‍ കഴിഞ്ഞതെന്ന് നിതിന്‍ എബ്രഹാം (ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക) പറഞ്ഞു. കോണ്‍ഫറന്‍സ് ഐടി കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നത് നിതിന്‍ എബ്രഹാമാണ്.
മൊബൈല്‍ ആപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്-
നിതിന്‍ എബ്രഹാം (845) – 596-0122. nittinabraham@gmail.com

Comments

comments

Leave a Reply

Your email address will not be published. Required fields are marked *