വിശ്വാസദീപ്തിയില്‍ കോണ്‍ഫറന്‍സ് രണ്ടാം ദിനം


പോക്കണോസ് (പെന്‍സില്‍വേനിയ): മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രണ്ടാം ദിവസം വിശ്വാസദീപ്തിയില്‍ കുളിര്‍ന്നു നിന്നു. കലഹാരി റിസോര്‍ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ പ്രഭാതപ്രാര്‍ത്ഥനയോടെയായിരുന്നു വ്യാഴാഴ്ച പരിപാടികള്‍ക്ക് തുടക്കമിട്ടത്. റവ. ഡോ. രാജു വറുഗീസ് ധ്യാനപ്രസംഗം നടത്തി. മുതിര്‍ന്നവര്‍ക്ക് മുഖ്യപ്രാംസംഗികനായ റവ. ഡോ. എം. ഒ. ജോണ്‍ വേദ പുസ്തകത്തിലെ 1 തെസ്സലോനിക്യര്‍ അഞ്ചാം അധ്യായം 11-ാം വാചകത്തെ ആസ്പദമാക്കിയുള്ള പരസ്പരം പ്രോത്സാഹിപ്പിക്കുക, പരസ്പരം ശക്തിപ്പെടുത്തുക എന്ന വിഷയത്തെ മുന്‍നിര്‍ത്തി പ്രസംഗിച്ചു.
പ്രയാസങ്ങളും പ്രശ്‌നങ്ങളും തിരിച്ചറിയുമ്പോള്‍ പരസ്പരം പ്രബോധിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ക്രിസ്തീയ ധര്‍മ്മമാണെന്ന് റവ. ഡോ. എം. ഒ. ജോണ്‍ ഉദ്‌ബോധിപ്പിച്ചു. ക്രൈസ്തവ സഭയുടെ ആരംഭകാലത്ത് ഗ്രീസിലെ പട്ടണമായിരുന്ന തെസ്സലോനിക്യയിലെ സഭയിലുണ്ടായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ പരിശുദ്ധനായ പൗലോസ് ശ്ലീഹാ എഴുതിയ ലേഖനത്തിലെ ഉള്ളടക്കമാണ് പ്രതിപാദ്യവിഷയം. പുതിയതായി രൂപം കൊണ്ട സഭയെന്ന നിലയില്‍ തെസ്സലോനിക്യാ സഭയ്ക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍, അതിനെ കൈകാര്യം ചെയ്യുന്നതിനും സഭ മക്കളുടെ വിശ്വാസം കാത്തു സൂക്ഷിക്കുന്നതിനും പൗലോസിന്റെ ലേഖനങ്ങള്‍ ഏറെ പ്രയോജനപ്പെട്ടു. സഭയ്ക്കുള്ളിലും ബാഹ്യമായും പീഢകളും പ്രശ്‌നങ്ങളും ഏറെയായി. ഈ സാഹചര്യത്തിലാണ് പൗലോസ് ശ്ലീഹ അവരോട് പറയുന്നത്. പരസ്പരം പ്രോത്സാഹിപ്പിക്കുന്നതിനും ആത്മവര്‍ദ്ധന വരുത്തുന്നതിനും ശക്തീകരിക്കുന്നതിനും അങ്ങനെ വിശ്വാസവും സമാധാനവും സഭയില്‍ നിലനിര്‍ത്തുന്നതിന് കഴിയുമെന്നുമാണ് അദ്ദേഹം ഉപദേശിക്കുന്നത്. സഭയുടെ ചരിത്രം പരിശോധിച്ചാല്‍ ഇത്തരം സാഹചര്യങ്ങള്‍ സഭയില്‍ തുടര്‍ന്നും ഉണ്ടായിട്ടുണ്ടെന്നും അത് ഇന്നും നിലനില്‍ക്കുന്നുവെന്നും അതിനു പരസ്പരം ശാക്തീകരണത്തിന്റെ ആവശ്യകത അനിവാര്യമാണെന്നും ജോണ്‍ അച്ചന്‍ ഉദ്‌ബോധിപ്പിച്ചു.
ഇന്നു ക്രൈസ്തവ സഭ നേരിടുന്ന മറ്റൊരു പ്രശ്‌നം പരിശുദ്ധാത്മാവിനെ കൂട്ടുപിടിച്ചുള്ള അത്ഭുത പ്രവര്‍ത്തനവും രോഗശാന്തി ശുശ്രൂഷയും, അതു ചിലരുടെ ധനാഗമ മാര്‍ഗ്ഗവുമായി മാറ്റുന്നു എന്നുള്ളതാണ്. ഇത്തരം വേദ വിപരീത പ്രവര്‍ത്തനങ്ങള്‍ രണ്ടാം നൂറ്റാണ്ടില്‍ മൊണ്ടാനിസം എന്ന പേരില്‍ ആരംഭിച്ചതായി ചരിത്രം സൂക്ഷിക്കുന്നു. ശിഥില ചിന്തയും വിശ്വാസ വിപരീതവും വളര്‍ന്നു വരുമ്പോള്‍ പരസ്പര സഹകരണവും പരസ്പര ശാക്തീകരണവും അത്യാന്താപേക്ഷിതമാണെന്ന് അച്ചന്‍ പ്രസ്താവിച്ചു. മുതിര്‍ന്നവര്‍ക്കായി ഡോ. ഡോണ റിസ്‌ക്കും, എംജിഒസിഎസ്സ്എമ്മിനായി ഡീക്കന്‍ അലക്‌സാണ്ടര്‍ ഹാച്ചറും ചിന്താവിഷയത്തിലൂന്നി സംസാരിച്ചു. സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കായി ഡീക്കന്‍ ഗീവറുഗീസ് (ബോബി) വറുഗീസ് ക്ലാസ്സെടുത്തു. യുവജനങ്ങളെ അഭിസംബോധന ചെയ്തു ഡോ. ഡോണ റിസ്‌ക്ക് തന്റെ ജീവിതത്തിലെ പല സംഭവങ്ങള്‍ കോര്‍ത്തിണക്കി വളരെ ലളിതമായി ഉദ്‌ബോധിപ്പിച്ചു. നമ്മുടെ സഹോദരങ്ങളെ അറിയുവാനും സാംസ്‌ക്കാരിക പ്രതിബന്ധങ്ങള്‍ക്കു അതീതമായി ഉയര്‍ന്ന് അന്യോന്യം പ്രബോധിപ്പിക്കാനും തമ്മില്‍ ആത്മീയ വര്‍ദ്ധന വരുത്താനും പ്രകാശത്തിന്റെ മക്കളായ നമ്മില്‍ ദൈവകൃപ വളരട്ടെ എന്ന് 1 തെസ്സലോക്യ 5:11 നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. മാമോദീസയുടെ മുദ്രയിലൂടെ നമ്മിലേക്ക് ലഭിച്ചിരിക്കുന്ന വെളിച്ചം, അതു നമ്മുടെ അവകാശമാണ്. നമുക്ക് ലഭിച്ചിരിക്കുന്ന ആ അവകാശത്തെ, പ്രകാശത്തിന്റെ മക്കള്‍ എന്ന അവകാശത്തെ, മറ്റുള്ളവരുമായി പങ്കു വയ്‌ക്കേണ്ടതാണ്. നമ്മുടെയുള്ളില്‍ വെളിച്ചം ഇല്ലെങ്കില്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനോ, അവരെ വളര്‍ത്താനോ നമുക്കു കഴിയില്ല. അതിനാല്‍ ദൈവകൃപയാല്‍ ലഭിച്ചിരിക്കുന്ന ആ വരം, മറ്റുള്ളവര്‍ക്കു പകരാനും മനുഷ്യസമൂഹത്തിന്റെ നന്മയ്ക്കായി അന്ധകാരത്തെ അകറ്റുവാനുമായി പ്രയോജനപ്പെടുത്താന്‍ നമുക്കു കഴിയണം.
തുടര്‍ന്ന് ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ചകള്‍ നടന്നു. ഉച്ചതിരിഞ്ഞ് സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് നടന്നു. സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസിന് ഭദ്രാസനത്തിലെ വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് നിരവധി വിശ്വാസികള്‍ പങ്കെടുത്തു. രണ്ടു മണിക്ക് തുടങ്ങിയ മത്സരങ്ങള്‍ക്ക് ഫാ. സണ്ണി ജോസഫ്, അരുണ്‍ ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കാര്‍ഡ് പിക്കിങ്, വോക്കിങ്, റണ്ണിങ്, മ്യൂസിക്കല്‍ ചെയര്‍, ടഗ് ഓഫ് വാര്‍, വോളിബോള്‍, പാസ്സിങ് ബോള്‍ തുടങ്ങിയ വിവിധ ഇനങ്ങളില്‍ നടന്ന ആവേശകരമായ മത്സരങ്ങള്‍ക്ക് കാണികള്‍ വമ്പിച്ച പിന്തുണയാണ് നല്‍കിയത്.
സജി താമരവേലില്‍, രേഖാ നൈനാന്‍, സാറാ ജോര്‍ജ് മാത്യു, മേരി ജോണ്‍, പോള്‍ കറുകപ്പള്ളില്‍, ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ജിയ നൈനാന്‍, ജെസിക്ക ജേക്കബ്, കെവിന്‍ ജേക്കബ്, ജേക്കബ് നൈനാന്‍, ജോര്‍ജ് മാത്യു, സുജാ തോമസ്, മറിയാമ്മ നൈനാന്‍, ഹന്നാ, രേഖ ജോര്‍ജ്, ആന്‍ഡ്രൂ ഏബ്രഹാം, ശാന്തമ്മ ഫിലിപ്പ്, മാത്യു ജോണ്‍ തുടങ്ങിയവര്‍ വിവിധ മത്സരങ്ങളില്‍ വിജയികളായി. കലഹാരി വാട്ടര്‍ പാര്‍ക്കിലും കായിക ഇനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. റവ.ഡോ. വറുഗീസ്.എം.ഡാനിയല്‍ ക്രിസ്ത്യന്‍ യോഗ ക്ലാസ്സെടുത്തു. കോണ്‍ഫറസില്‍ വളരെയധികം പ്രയോജനപ്പെട്ട ഒരു പ്രോഗ്രാം ആയിരുന്നു കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ റവ. ഡോ. വറുഗീസ് എം. ഡാനിയേല്‍ പഠിപ്പിച്ച ക്രിസ്ത്യന്‍ യോഗ. ‘ഞാന്‍ ലോകത്തിന്റെ വെളിച്ചമാകുന്നു’ എന്നു പറഞ്ഞ യേശുവിന്റെ വചനം മനസ്സില്‍ ധ്യാനിച്ച് ശ്വാസം എടുക്കുമ്പോള്‍ നമ്മുടെ ഉള്ളിലേക്ക് ദൈവത്തിന്റെ പ്രകാശം കടന്നു വരുകയും ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ നമ്മിലുള്ള എല്ലാ അശുദ്ധിയും പുറത്തേക്ക് പോവുകയും ചെയ്യുന്നു എന്നു വിശ്വസിച്ച് ഈ യോഗ ചെയ്യുന്നതിലൂടെ ഹൃദയം വിശുദ്ധിയില്‍ സൂക്ഷിക്കാമെന്നതാണ് അച്ചന്റെ തത്ത്വം. യോഗയിലൂടെ മനസ്സിനെ ഏകാഗ്രമാക്കി എങ്ങനെ ശരീരം ഫിറ്റ് ആയി കാത്തു സൂക്ഷിക്കുകയും ദൈവത്തെ സ്തുതിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യാം എന്ന് അച്ചന്‍ പഠിപ്പിച്ചു തന്നു.
കുരുടന്റെ പ്രാര്‍ത്ഥനയായ യേശുവേ ദാവീദ് പുത്രാ എന്നോട് കരുണ തോന്നേണമേ എന്ന പ്രാര്‍ത്ഥന, അതു പോലെ കുറിയേലായിസ്സോന്‍ എന്നീ പ്രാര്‍ത്ഥനകള്‍ ഉരുവിട്ടു കൊണ്ട് സാവധാനം ശ്വാസം എടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുക എന്ന അടിസ്ഥാന തത്വത്തിലൂന്നി പലതരം വ്യായാമങ്ങള്‍ അച്ചന്‍ കാണിച്ചു തരികയും എല്ലാവരെയും കൊണ്ടു ചെയ്യിപ്പിക്കുകയും ചെയ്തു. ഹിന്ദുയോഗയിലെ സൂര്യ നമസ്‌ക്കാരത്തെ അച്ചന്‍ യേശു നമസ്‌ക്കാരമാക്കി മാറ്റി പഠിപ്പിച്ചു.
ഏകദേശം 15-20 പേരെ 30 മിനിറ്റു കൊണ്ട് അച്ചന്‍ ക്രിസ്ത്യന്‍ യോഗയുടെ ആരാധകരാക്കി മാറ്റി. ദിവസേനയുള്ള യോഗ പരിശീലനം ആസ്തമ, പുറം വേദന മുതലായ അസുഖങ്ങള്‍ക്ക് വളരെ ഗുണകരാണെന്നു അച്ചന്‍ പറഞ്ഞു. എല്ലാ ദിവസവും യോഗ ചെയ്യാനുള്ള നിശ്ചയത്തോടെയാണ് എല്ലാവരും ക്ലാസ്സു വിട്ടു പോയത്. വൈകുന്നേരം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലൂസ് ദ്വിതീയന്‍ കാതോലിക്ക ബാവയ്ക്ക് ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കി. സന്ധ്യാനമസ്‌ക്കാരത്തിനു ശേഷം സുവനിയര്‍ പ്രകാശനം ചെയ്തു.
പരിശുദ്ധ കാതോലിക്ക ബാവയോടൊപ്പം വൈദിക ട്രസ്റ്റി റവ.ഡോ. എം.ഒ. ജോണും ആത്മായ ട്രസ്റ്റി ജോര്‍ജ് പോളും, കോണ്‍ഫറന്‍സ് ഭാരവാഹികളും സുവനിയര്‍ കമ്മിറ്റിയംഗങ്ങളും വേദിയില്‍ സന്നിഹിതരായിരുന്നു. സുവനിയര്‍ പ്രസിദ്ധീകരണത്തിലൂടെ ഒരു ലക്ഷത്തി ഇരുപത്തിയാറായിരം ഡോളര്‍ സമാഹരിച്ച കമ്മിറ്റിയംഗങ്ങള്‍ക്ക് പ്രശംസഫലകം നല്‍കി ആദരിച്ചു. തുടര്‍ന്ന്, റവ.ഡോ. ജോര്‍ജ് കോശി ധ്യാനപ്രസംഗം നടത്തി. ഭദ്രാസന ഇടവകകള്‍ അവതരിപ്പിച്ച കലാപരിപാടികളോടെ കോണ്‍ഫറന്‍സ് രണ്ടാം ദിവസത്തെ പരിപാടികള്‍ സമാപിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *