ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്റര്‍ ഉദ്ഘാടനം ചെയ്തു


ന്യൂയോര്‍ക്ക്: ആഗോള മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി ക്രിസ്ത്യാനികളുടെ എക്കാലത്തെയും അഭിമാനസ്തംഭം ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്റര്‍ ജൂലൈ 15-ന് ഉദ്ഘാടനം ചെയ്തു. അമേരിക്കയില്‍ 340 ഏക്കറില്‍ പരന്നു കിടക്കുന്ന പ്രകൃതിരമണീയവും ആധുനിക സൗകര്യങ്ങളോടും കൂടിയ അതിവിശാലമായ റിട്രീറ്റ് സെന്റര്‍ പെന്‍സില്‍വേനിയ സംസ്ഥാനത്തെ പോക്കണോസ് മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. സ്‌ക്രാന്റണ്‍ റോമന്‍ കത്തോലിക്ക രൂപതയുടെ കീഴിലായിരുന്ന സെന്റ് പയസ് പത്താമന്‍ ഫാത്തിമ റിന്യൂവല്‍ സെന്ററാണ് 2.95 മില്യണ്‍ ഡോളറിന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം വാങ്ങിയത്. ഭദ്രാസന അധ്യക്ഷന്‍ അഭി. സക്കറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ നിശ്ചയദാര്‍ഢ്യവും കൗണ്‍സില്‍ അംഗങ്ങളുടെ കഠിനാധ്വാനവും ഭദ്രാസന അംഗങ്ങളുടെ പിന്തുണയുമാണ് റിട്രീറ്റ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയത്.
കലഹാരി കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഒട്ടുമിക്ക വിശ്വാസികളും കൂദാശ കര്‍മ്മത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. തദ്ദേശികളും ഈ ചരിത്ര മൂഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ എത്തിയിരുന്നു. പുതിയതായി സ്ഥാനമേറ്റ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫാ. സുജിത്ത് തോമസ് (സെക്രട്ടറി), ഫാ. ബാബു കെ. മാത്യു, ഫാ. മാത്യു തോമസ്, ഡോ. ഫിലിപ്പ് ജോര്‍ജ്, സജി എം. പോത്തന്‍, സാജന്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയോടൊപ്പം തോളോടു തോള്‍ ചേര്‍ന്നു ഈ റിട്രീറ്റ് സെന്റര്‍ വാങ്ങുന്നതിനു വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കിയ സ്ഥാനമൊഴിഞ്ഞ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫാ. എം. കെ. കുര്യാക്കോസ് (ഭദ്രാസന സെക്രട്ടറി), ഫാ. ഷിബു ഡാനിയേല്‍, ഫാ. ലീസണ്‍ ഡാനിയേല്‍, ഫിലിപ്പോസ് ഫിലിപ്പ്, ഷാജി കെ. വറുഗീസ്, അജിത് വട്ടശ്ശേരില്‍, ഡോ. സാഖ് സക്കറിയ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കലഹാരി കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ ഇവരെ പ്രത്യേകം ആദരിക്കുകയും പരി. കാതോലിക്ക ബാവ പ്രശംസ ഫലകം നല്‍കുകയും ചെയ്തു.
ചടങ്ങിനെത്തിയ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയെ ഭക്ത്യാദരപൂര്‍വ്വം മുത്തുക്കുടകളും നടപ്പന്തലുമൊക്കെയായി ചുവന്ന പരവതാനിയിലൂടെയാണ് ആനയിച്ചത്. പ്രധാനവാതിലില്‍ സ്ഥാപിച്ചിരുന്ന ചുവന്ന നാട പരി. കാതോലിക്ക ബാവ മുറിച്ചു അകത്തു കയറി. തുടര്‍ന്നായിരുന്നു കൂദാശ നടന്നത്. പരി. കാതോലിക്ക ബാവ റിട്രീറ്റ് സെന്റര്‍ കൂദാശ കര്‍മ്മത്തിന് കാര്‍മികത്വം വഹിച്ചു. ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത സ്വാഗത പ്രസംഗം നടത്തി. പരി. കാതോലിക്ക ബാവ ഉദ്ഘാടന പ്രസംഗം നടത്തി. ഈ റിട്രീറ്റ് സെന്റര്‍ മലങ്കര സഭയുടെ അഭിമാനമാണെന്നു പരി. ബാവ തുടക്കത്തില്‍ തന്നെ പറഞ്ഞു. ഈ മഹദ് പ്രവര്‍ത്തനത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം പരി. ബാവ അനുമോദിച്ചു. ഈ ഭദ്രാസനത്തിന്റെ ഉത്തരോത്തരമായ വളര്‍ച്ചയില്‍ ഭദ്രാസന ജനങ്ങളോടൊപ്പം താനും ആഹ്ലാദിക്കുന്നതായും ദൈവകൃപ എല്ലാവര്‍ക്കും മേല്‍ ചൊരിയട്ടെയെന്നും പരി. ബാവ പറഞ്ഞു. സ്‌ക്രാന്റണ്‍ രൂപത ബിഷപ്പ് ജോസഫ് സി. ബാംപെരയുടെ അനുമോദന പ്രസംഗത്തില്‍, തങ്ങളുടെ കൈവശമിരുന്ന ഈ സെമിനാരി അതിനു യോജ്യമായ കരങ്ങളില്‍ എത്തിപ്പെട്ടതില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. സഹോദരന്മാര്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുന്നത് എത്ര ശുഭവും മനോഹരവുമാണെന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ച ബിഷപ്പ് ബാംപെര ഈ റിട്രീറ്റ് സെന്ററിലൂടെ അനേകായിരങ്ങളെ ദൈവത്തിങ്കലേക്ക് അടുപ്പിക്കാന്‍ പ്രേരകമാകട്ടെ എന്നും ആശംസിച്ചു. സെന്റ് ടിക്കോണ്‍സ് സെമിനാരി ഡീന്‍ റവ. സ്റ്റീവന്‍ എ. വോയ്‌റ്റോവിച്ചും അനുഗ്രഹപ്രഭാഷണം നടത്തി. ഭദ്രാസന സെക്രട്ടറി ഫാ. സുജിത്ത് തോമസ് നന്ദി പ്രകാശനം നടത്തി.
അഭി. ഡോ. ജോഷ്വാ മാര്‍ നിക്കോദീമസ് മെത്രാപ്പോലീത്ത, സെന്റ് വ്‌ളാഡിമിര്‍ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി പ്രസിഡന്റ് റവ. ഡോ. ചാഡ് ഹാറ്റ്ഫീല്‍ഡ്, വൈദിക ട്രസ്റ്റി റവ.ഡോ. എം.ഒ. ജോണ്‍, അത്മായ ട്രസ്റ്റി ജോര്‍ജ് പോള്‍, സെന്റ് ടിക്കോണ്‍സ് തിയോളജിക്കല്‍ സെമിനാരി പ്രൊഫസര്‍ ഡോ. ക്രിസ്റ്റഫര്‍ വെന്യാമിന്‍, കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി പ്രൊഫസര്‍ റവ.ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, വെസ്റ്റ് അബിങ്ടണ്‍ ടൗണ്‍ഷിപ്പ് ടൗണ്‍ സൂപ്പര്‍വൈസര്‍ കെന്നത്ത് ക്‌ളിന്‍കെല്‍, ഡാല്‍ട്ടന്‍ ടൗണ്‍ഷിപ്പ് കൗണ്‍സില്‍ പ്രസിഡന്റ് ഗുസ് വ്‌ളാസ്സിസ്സ്, കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വില്യം മോണ്ട്‌ഗോമറി, കൗണ്‍സില്‍മാന്‍ കൈല്‍ ബ്രൗണ്‍, കൗണ്‍സില്‍ വുമണ്‍ ലൊറെയ്ന്‍ ഡാനിയേല്‍സ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ബില്‍ഡിങ്ങിനു പുറത്ത് ഭീമാകരമായ ടെന്റ് ഉയര്‍ത്തി അതിനുള്ളില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി സ്ഥാപിച്ചിരുന്നു.
ചാപ്പല്‍, ലൈബ്രറി, കോണ്‍ഫറന്‍സ് മുറികള്‍, ക്ലാസ്മുറികള്‍, ഓഫീസുകള്‍ എന്നിവയെല്ലാം റിട്രീറ്റ് സെന്ററിലുണ്ട്. ഇരുനൂറോളം അതിഥികളെ താമസിപ്പിക്കാന്‍ കഴിയുന്ന വിധത്തിലുള്ള രണ്ട് ഡോര്‍മെറ്ററികള്‍, ജിംനേഷ്യം, 800 പേര്‍ക്ക് ഇരിപ്പിടമൊരുക്കുന്ന വിശാലമായ ഓഡിറ്റോറിയം എന്നിവയെല്ലാം തന്നെ ഇവിടെയുണ്ട്. ഭദ്രാസനത്തിനു മാത്രമല്ല സഭയ്ക്കാകമാനം തന്നെ അഭിമാനിക്കാവുന്ന നേട്ടമാണ് ഇതെന്ന് അഭി. സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത ലേഖകനോടു പറഞ്ഞു. ഈ റിട്രീറ്റ് സെന്റര്‍ എന്തിനു വേണ്ടിയാണെന്നു പലരും ചോദിച്ചിരുന്നു. ഇന്നിവിടെ എത്തിയ ആയിരക്കണക്കിന് വിശ്വാസജനതയ്ക്കുള്ള മറുപടി ഇവിടം ചുറ്റിനടന്നു കണ്ടപ്പോള്‍ തന്നെ കിട്ടിക്കാണുമെന്നാണ് എന്റെ വിശ്വാസം. നമ്മുടെ കുട്ടികള്‍ ഇവിടെ ജനിച്ചു വളരുന്നവരാണ്. നമ്മുടെ ഓര്‍ത്തഡോക്‌സ് വിശ്വാസ ആചാരങ്ങളും നോമ്പ് ആചരണങ്ങളുമൊക്കെ അവര്‍ക്കു പകര്‍ന്നു കൊടുക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. പരസ്പരം ബന്ധപ്പെടുന്നതിനും വിശ്വാസത്തില്‍ അധിഷ്ഠിതമായ കൂട്ടായ്മയ്ക്കും ഈ റിട്രീറ്റ് സെന്റര്‍ കാരണമാകുന്നു. ആത്യന്തികമായ ലക്ഷ്യമെന്നു പറയുന്നത്, ദൈവവും മനുഷ്യനും തമ്മിലുള്ള അകലം കുറയ്ക്കുക എന്ന വലിയ ഉത്തരവാദിത്വമാണ്.
19 മില്യണ്‍ മതിപ്പു വിലയുള്ള റിട്രീറ്റ് സെന്ററും പരിസരവും 2.9 മില്യണ്‍ ഡോളറിനാണ് സഭ സ്വന്തമാക്കിയത്. ക്രൈസ്തവധര്‍മ്മം ഉയര്‍ത്തപ്പിടിക്കുന്ന ഏതെങ്കിലുമൊരു സംഘടനയ്ക്കു മാത്രമേ ഈ സ്ഥലം കൈമാറുവെന്ന് ഉടമസ്ഥര്‍ക്കുണ്ടായിരുന്ന നിര്‍ബന്ധബുദ്ധിയാണ് റിട്രീറ്റ് സെന്റര്‍ സഭയ്ക്ക് ലഭിക്കാന്‍ ഇടയാക്കിയത്. ആത്മീയ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും രൂപപ്പെടുത്തി കൊണ്ടായിരിക്കും റിട്രീറ്റ് സെന്റര്‍ യുവ തലമുറയുടെ വിശ്വാസതിലകമായി മാറുക.
courtesy :  ജോര്‍ജ് തുമ്പയില്‍

Comments

comments

Share This Post

Post Comment