സഹനത്തിന്റെയും വിനയത്തിന്റെയും എട്ടു നോമ്പ്: സുനിൽ കെ.ബേബി മാത്തൂർ 

വിശുദ്ധ കന്യകമറിയാമിന്റെ ഓർമ്മയെ പുതുക്കികൊണ്ട് ഒരു എട്ടുനോമ്പ്  കൂടി വന്നണയുകയായി. സഭയുടെ ഔദ്യോഗിക നോമ്പുകളിൽ ഉൾപ്പെടുന്നില്ലെങ്കിലും ഏറ്റവും കൂടുതൽ വിശ്വാസികൾ ആചരിക്കുന്ന നോമ്പാണ്‌ എട്ടുനോമ്പ്, പ്രത്യേകിച്ചും സ്ത്രീകൾ. നമ്മുടെ സഭയെ സംബന്ധിച്ച്  പരിശുദ്ധ മാതാവിന് അർഹമായ പ്രാധാന്യം നൽകുന്നുണ്ട്. പ്രൊട്ടസ്റ്റന്റ് സഭകൾ മാതാവിനെ  ഒരു സാധാരണ സ്ത്രീയായി മാത്രം കാണുന്നു,  എന്നു മാത്രമല്ല ആ ധന്യജീവിതത്തെ അപമാനിക്കുകയും ചെയ്യുന്നു. എന്നാൽ യഥാർത്ഥത്തിൽ ഒരു സാധാരണ സ്ത്രീ എന്നതിൽ ഉപരി സഹനത്തിന്റെയും എളിമയുടെയും ക്ഷമയുടെയും പ്രതീകമായ മഹത് വ്യക്തിത്വമാണ്. ജീവിതത്തിൽ അനുഭവിച്ച കഷ്ടതകളും യാതനകളും ഒരാൾക്കും സഹിക്കാവുന്നതല്ല. ജനനം മുതൽ ദൈവത്തിനായി വിളിച്ചു വേർതിരിക്കപ്പെട്ടു. ആത്മീയ ജീവിതം എത്ര മഹത്തരമാണെന്ന് തന്റെ ജീവിതത്തിലൂടെ കാണിച്ചു തന്നു. ദൈവിക വേലക്കായി വേർതിരിക്കപ്പെട്ട ജീവിതത്തിൽ ലൗകികമായി സമാധാനം അനുഭവിച്ചിട്ടില്ല എന്ന്‌ തോന്നുമെങ്കിലും ആത്മീയ ജീവിതം എത്ര ശ്രേഷ്ഠമായിരുന്നു. ലോകം പാപത്തിന്റെ അടിമത്വത്തിൽ വിരാജിച്ചപ്പോൾ, അവരെ പാപത്തിൽ നിന്ന് വീണ്ടെടുത്ത് രക്ഷിക്കുവാൻ ദൈവപുത്രനായ യേശുക്രിസ്തുവിന്‌ ജനിക്കുവാനുള്ള പാത്രമായി പാവപ്പെട്ട കന്യകയെ തെരഞ്ഞെടുത്തു. പുത്രനാം ദൈവത്തെ വഹിക്കുവാനുള്ള ഭാഗ്യം ലഭിച്ചു എന്നുള്ളത് തന്നെ എത്ര ഭാഗ്യമുള്ളതാണ്. അനേകർ ആഗ്രഹിച്ച ഭാഗ്യം ദൈവം അവൾക്കു ദാനമായി കൊടുത്തു. അതുകൊണ്ട് ഭാഗ്യവതി എന്ന നാമകരണത്തിനു അർഹയായി. സ്വയമായി ദൈവത്തിന്‌ സമർപ്പിച്ചു കൊടുത്തപ്പോൾ ദൈവം അത്ഭുതം പ്രവർത്തിക്കുന്ന അനുഭവത്തിലേക്ക്  എത്തിചേർന്നു. ഗബ്രിയേൽ മാലാഖ, മറിയാമിനെ ദൂത് അറിയിക്കുമ്പോൾ നടത്തുന്ന സംബോധന “കൃപ നിറഞ്ഞവളെ നിനക്ക് സമാധാനം” എന്നാണ്. ദൂത് ശ്രവിച്ച ശേഷം നൽകിയ മറുപടി “ ഞാൻ കർത്തതാവിന്റെ ദാസി , നിന്റെ വാക്കു പോലെ എനിക്ക് ഭവിക്കട്ടെ ” എന്നാണ്. തന്റെ ദൗത്യം ലോകപ്രകാരം ക്ലേശങ്ങൾ നിറഞ്ഞതാണ് എന്നറിഞ്ഞിട്ടും ദൈവ ഇഷ്ടത്തിന് അനുസരിച്ചു പൂർണ്ണമായി സമർപ്പിക്കുന്ന ജീവിത മാതൃക നമുക്ക് അനുകരണീയമാണ്. ഇങ്ങനെയുള്ള സാഹചര്യം നമുക്കുണ്ടായാൽ എത്രത്തോളം നാം സ്വീകരിക്കും എന്ന്‌ ചിന്തിക്കേണ്ട അവസരമാണ് ഈ എട്ടുനോമ്പിന്റെ സമയം. ചെറിയ  ക്ലേശങ്ങൾ പോലും സ്വീകരിക്കുവാൻ വിമുഖത കാട്ടുന്ന ഈ സമൂഹത്തിൽ മാതാവിന്റെ പ്രാധാന്യം അനുദിനം വർധിച്ചു വരുന്നു. ആ അമ്മയുടെ ജീവിതത്തിലൂടെ ഒന്നുയാത്ര ചെയ്താൽ എത്രത്തോളം സഹനം അവളിലുണ്ടായിരുന്നു എന്ന്‌ നമുക്ക് മനസിലാക്കാം. ജീവിതത്തിൽ കഷ്ടപ്പാടുകൾ ഉണ്ടാകുമ്പോൾ അതിൽ നിന്നും ഓടിഒളിക്കാതെ ദൈവത്തിൽ അടിയുറച്ചു കൊണ്ട് തരണം ചെയ്യുവാൻ സാധിക്കണം. കാനാവിലെ കല്യാണത്തിന് വീഞ്ഞ് തീർന്നപ്പോൾ അത് തന്റെ പുത്രനോട് പറയുകയും അതിനു പരിഹാരം ഉണ്ടാക്കുകയും ചെയ്തു. “സ്ത്രീയെ എനിക്കും നിനക്കും തമ്മിൽ  എന്തു” എന്ന്‌ പറഞ്ഞുവെങ്കിലും തന്റെ പുത്രൻ അതിനു പരിഹാരം കാണുമെന്ന് ആ അമ്മയ്ക്ക് ഉറപ്പുണ്ടായിരുന്നു. അത് കൊണ്ടാണ് അവൻ എന്തെങ്കിലും കല്പിച്ചാൽ അത് ചെയ്യുക എന്ന്‌ ആ വീട്ടിലെ സേവകരോട് പറഞ്ഞത്. മാതാവിന്റെ മധ്യസ്ഥത ആണ് നാം അവിടെ കാണുന്നത്. കാൽവരിയിൽ തന്റെ പുത്രന്റെ മരണത്തിനു ദൃക്‌സാക്ഷിയായി ആ അമ്മ ഉണ്ടായിരുന്നു. എത്രത്തോളം മാനസിക സംഘർഷം ഉണ്ടായിരുന്നു. അവസാനം ലോകത്തിൽ നിന്ന് ദൈവം അവളെ ഉടലോടെ എടുത്തു. അവിടെ തീരുന്നില്ല; തന്നോട് അപേക്ഷിക്കുന്നവർക്ക് വേണ്ടി നിരന്തരമായി മധ്യസ്ഥത അർപ്പിച്ചു കൊണ്ട് ദൈവസന്നിധിയിൽ നിലകൊള്ളുന്നു. വിശുദ്ധ മാതാവിന്റെ നാമത്തിൽ അനുദിനം അത്ഭുത പ്രവർത്തികൾ നടന്നു കൊണ്ടേ ഇരിക്കുന്നു.
എട്ടുനോമ്പ് ജീവിതവിശുദ്ധിയോടെ  ക്രൈസ്തവർ മാത്രമല്ല നാനാജാതി മതസ്ഥരും ആചരിക്കുന്നു. അവർക്ക് കോട്ടയും അനുഗ്രഹവുമായി മാതാവ് ഇന്നും ജീവിക്കുന്നു. നമ്മുടെ കഴിഞ്ഞകാല ജീവിതത്തിലേക്ക്  ഒന്നു തിരിഞ്ഞു  നോക്കി ശോധന നടത്തേണ്ട സമയമാണ് ഈ നോമ്പുകാലം. പോരായ്മകൾ മനസിലാക്കി തിരുത്തി മുന്നോട്ടു പോകുവാൻ സാധിക്കണം. ജീവിതവിശുദ്ധിയോടും അനുതാപ ഹൃദയത്തോടും ഈ നോമ്പിലൂടെ നമുക്ക് കടന്നുപോകാം. കന്യക മറിയാമിന്റെ എളിമയും വിനയവും നമ്മുടെ ജീവിതത്തിൽ പ്രവർത്തികമാക്കാം. നമുക്ക് ജീവിതത്തിൽ പരീക്ഷകൾ ഉണ്ടായാലും അതിനുള്ള പരിഹാരം ദൈവം തരും. വിശുദ്ധ മാതാവിന്റെ ഓർമ്മയെ പുതുക്കുന്ന ഈ എട്ടുനോമ്പിലൂടെ  നമ്മുടെ ജീവിതത്തിൽ  ആത്മീയ ഉണർവ്വും പുതുക്കവും ഉണ്ടാകട്ടെ. അമ്മയുടെ മധ്യസ്ഥത  നമുക്ക് കോട്ടയും അഭയസ്ഥാനവും ആയി മാറട്ടെ. ഏത് സമയത്തും നമ്മുടെ അപേക്ഷയെ സ്വീകരിച്ചു നമുക്കായി മധ്യസ്ഥത അർപ്പിക്കുവാൻ സദാസന്നദ്ധയായി നിലകൊള്ളുന്ന മാതാവിന്റെ മുൻപിൽ നമ്മുടെ ഭാരങ്ങളെയും പ്രയാസങ്ങളെയും സമർപ്പിക്കാം. കന്യകമറിയാം അമ്മയിലൂടെ നമുക്ക് അനുഗ്രഹങ്ങളെ  പ്രാപിക്കാം. അതിനു ദൈവം അനുഗ്രഹിക്കട്ടെ. ഏവർക്കും അനുഗ്രഹപ്രദമായ എട്ടുനോമ്പ് ആശംസകൾ ……..

Comments

comments

Share This Post

Post Comment