നാല് പതിറ്റാണ്ടിന്റെ നിറവിൽ മസ്കറ്റ് മാർ ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനം


മസ്കറ്റ്: മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ യുവജനപ്രസ്ഥാനം നാൽപ്പതാണ്ടുകൾ പിന്നിടുന്നു. ആരാധന, പഠനം, സേവനം എന്നീ ആപ്തവാക്യം മുഖമുദ്രയാക്കി 1977 സെപ്തംബർ 30 ന് ആരംഭിച്ച യുവജനപ്രസ്ഥാനം ദൈവീക ആരാധനയിലും ആത്മീയ മാർഗ്ഗത്തിലും യുവാക്കളെ വഴിനടത്തുന്നതിനും സേവനോന്മുഖമായ പാതയിൽ സഞ്ചരിക്കുന്നതിനും ഇടവകയുടെ പ്രവർത്തനങ്ങൾക്ക് ശക്തമായ കൈത്താങ്ങ് നൽകുകയും ഇന്ന് നൂറിലധികം സജീവ അംഗങ്ങളുള്ള ഇടവകയിലെ ഏറ്റവും സജീവമായ ആത്മീയ പ്രസ്ഥാനങ്ങളിലൊന്നാണ്. വാർഷികാഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ലോഗോയുടെ പ്രകാശനം സെപ്തംബർ എട്ടിന് റൂവി സെന്റ്. തോമസ് ചർച്ചിൽ വിശുദ്ധ കുർബ്ബാനാനന്തരം നടന്ന ചടങ്ങളിൽ ഇടവക വികാരി ഫാ. ജേക്കബ് മാത്യു നിർവ്വഹിച്ചു. ഫാ. മോഹൻ ജോസഫ്, ഫാ. ജോജി കെ. ജോയ്, ഇടവകയുടെ ഭരണ സാരഥികൾ, നാല്പതാം വാർഷികാഘോഷങ്ങളുടെ ജനറൽ കൺവീനർ ശ്രീ. ബെൻസൺ സ്‌കറിയ, യൂണിറ്റ് സെക്രട്ടറി ശ്രീ. അജു തോമസ്, യൂണിറ്റ് ട്രെഷർ ശ്രീ. റ്റിജോ തോമസ്, ജോ. സെക്രട്ടറി ശ്രീ. നിബു വർഗ്ഗിസ് എന്നിവർ സന്നിഹിതരായിരുന്നു. വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം സെപ്തംബർ 29-ന് സഭയുടെ കൊൽക്കത്ത ഭദ്രാസനാധിപൻ അഭി. ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്താ നിർവ്വഹിക്കും. തുടർന്ന് നടക്കുന്ന കുടുംബ സംഗമത്തിൽ അഭി. ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തും. നാല്പതാമത് വാർഷികാഘോഷങ്ങളോടനുബന്ധിച്ച് വിവിധ കർമ്മ പരിപാടികളും പദ്ധതികളുമാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *