അഡലൈഡ് ഓർത്തഡോക്സ് ദേവാലയം ദശവർഷ ജൂബിലി നിറവിൽ 


ഓസ്ട്രേലിയ: അഡലൈഡ് സെൻറ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയം രൂപീകൃതമായിട്ട് പത്തു വർഷം പൂർത്തിയാകുന്നു. ഇടവകയുടെ ദശവർഷ ജൂബിലിക്ക് തുടക്കം കുറിച്ചു കൊണ്ട് സെപ്റ്റംബർ 27 ബുധനാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം നടന്ന പൊതുസമ്മേളനം ഇടവക മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമനസ്സ് കൊണ്ട് ഉദ്ഘാടനം ചെയ്തു. ജൂബിലി ആഘോഷം ദൈവത്തോടും സഭയോടും സമൂഹത്തോടുമുള്ള ഇടവക ജനങ്ങളുടെ സമർപ്പണവും നന്ദിപ്രകടനവും ആയി രൂപപെടുത്തണമെന്ന് അഭിവന്ദ്യ തിരുമേനി പറഞ്ഞു. ജൂബിലി സമ്മാനമായി എല്ലാ ഭവനങ്ങൾക്കും ഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ ചിത്രം അഭിവന്ദ്യ തിരുമേനി നൽകി. ജൂബിലിയോട് അനുബന്ധിച്ച് ഇടവക ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ അഭിവന്ദ്യ തിരുമേനി പ്രകാശനം ചെയ്തു. ഇതിന് വേണ്ടി അധ്വാനിച്ച ഇടവകാംഗം ശ്രീ.ആശിഷ് പുന്നൂസിനെ തിരുമേനി അഭിനന്ദിച്ചു. ഇടവക വികാരി ഫാ.അനിഷ് കെ. സാം, കൈക്കാരൻ ശ്രീ.ബിജു കുര്യാക്കോസ്, ജൂബിലി കൺവീനർ ശ്രീ.സജി വർഗീസ് ചിറ്റിലപ്പിള്ളി എന്നിവർ പ്രസംഗിച്ചു. സൺഡേസ്‌ക്കൂൾ കുട്ടികളുടെ സംഗീത ആലാപനം സമ്മേളത്തിന് മിഴിവേകി.
ഇടവകയുടെ മുൻ വികാരിമാരായ ഫാ.പ്രദീപ് പൊന്നച്ചൻ, ഫാ.സജു ഉണ്ണൂണ്ണി എന്നിവർക്ക് ഈ സമ്മേളനത്തിൽ വച്ച് ഹൃദ്യമായ യാത്രയയപ്പ് നൽകി. ആദ്യകാലം മുതൽ ഇതുവരെയും ഇടവകയിൽ ശുശ്രൂഷക്കായി വൈദീകരെ നൽകി സഹായിച്ച മെൽബൺ ഇടവകയോടുള്ള ആദരവ് സമ്മേളനത്തിൽ രേഖപ്പെടുത്തി. ഇടവകയുടെ സ്നേഹോപഹാരങ്ങൾ അഭിവന്ദ്യ തിരുമനസു കൊണ്ട് വൈദീകർക്ക് നൽകി. സ്നേഹവിരുന്നോടു കൂടി പരിപാടികൾ സമാപിച്ചു.

Comments

comments

Share This Post

Post Comment