അഭി. ഡോ. സഖറിയാ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ കാലം ചെയ്തു.

കോഴിക്കോട് ∙ മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭാ മലബാർ ഭദ്രാസനാധിപൻ അഭി. ഡോ. സഖറിയ മാർ തെയോഫിലോസ് (65) കാലം. കോഴിക്കോട് എംവിആർ കാൻസർ സെന്ററിലായിരുന്നു അന്ത്യം. ഭൗതികശരീരം കോഴിക്കോട് ചാത്തമംഗലത്തെ മൗണ്ട് ഹെർമോൻ അരമനയിലേക്കു മാറ്റും. കോയമ്പത്തൂരിലെ തടാകം ക്രിസ്തുശിഷ്യ ആശ്രമത്തിലാണ് കബറക്കം.

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ചെങ്ങരൂരിൽ മഞ്ഞാനാംകുഴിയിൽ എം.പി. ചാണ്ടപ്പിള്ളയുടെയും അച്ചാമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെയാളായി 1952 ഓഗസ്‌റ്റ് 17നായിരുന്നു മാർ തെയോഫിലോസിന്റെ ജനനം. എം.സി. ചെറിയാൻ എന്നായിരുന്നു ബാല്യത്തിലെ പേര്. സ്കൂൾ, കോളജ് വിദ്യാഭ്യാസത്തിനു ശേഷം സെമിനാരി വിദ്യാഭ്യാസത്തിനു കോട്ടയം പഴയ സെമിനാരിയിൽ ചേർന്നു. 1977 ൽ ശെമ്മാശ പദവിയിലും 1991 മേയ് 15നു കശീശ പദവിയിലുമെത്തി. 2004 ൽ റമ്പാൻ ആയ അദ്ദേഹം സഖറിയ എന്ന പേര് സ്വീകരിച്ചു.

2005 മാർച്ച് അഞ്ചിന് സഖറിയാസ് മാർ തെയോഫിലോസ് എന്ന നാമത്തിൽ മെത്രാൻ സ്‌ഥാനത്തേക്ക് അഭിഷിക്‌തനായി. ആ വർഷം തന്നെ ഒക്‌ടോബറിൽ മലബാർ ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയുമായി. മാർ തിമോത്തിയോസ് (പിന്നീട് പരിശുദ്ധ ബസേലിയോസ് മാർത്തോമ ദിദിമോസ് പ്രഥമൻ) കാതോലിക്കാ ബാവയായി ഉയർത്തപ്പെട്ടതിനെ തുടർന്ന് മലബാർ ഭദ്രാസനാധിപനായി 2006 ഡിസംബർ രണ്ടിന് മാർ തെയോഫിലോസ് വാഴിക്കപ്പെട്ടു. മാർ തെയോഫിലോസ് അധ്യക്ഷനായി ചുമതലയേറ്റതു മുതൽ ഭദ്രാസനത്തിൽ ജീവകാരുണ്യപദ്ധതികളുടെ പുതുചരിത്രം രചിക്കപ്പെട്ടു.

ന്യൂയോർക്കിലെ സെന്റ് വ്ലാഡിമിർസ്, ജറുസലമിലെ സെന്റ് ജോർജ് കോളജ് എന്നിവിടങ്ങളിൽ ഗവേഷണം നടത്തി ഡോക്‌ടറേറ്റ് നേടിയ അദ്ദേഹം സഭാജീവിത പഠനസഹായി, കൃപാവരങ്ങൾ, രണ്ടു കൊരിന്ത്യർ വ്യാഖ്യാനം, ബുക്ക് ഓഫ് പ്രേയർ ആൻഡ് സേക്രഡ് സോങ്‌സ് എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാണ്.

മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് വിദ്യാർഥി പ്രസ്‌ഥാനം (എം.ജി.ഒ.സി.എസ്.എം.) ജനറൽ സെക്രട്ടറി, എം.ജി.ഒ.സി.എസ്.എം. ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി, ഓർത്തഡോക്‌സ് സ്‌റ്റഡി ബൈബിൾ കൺവീനർ, പ്രോജക്‌ട് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ, മാർ ഗ്രിഗോറിയോസ് റിഹാബിലിറ്റേഷൻ സെന്റർ ഫോർ ബ്ലൈൻഡ് വൈസ് പ്രസിഡന്റ്, മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ക്രിസ്‌ത്യൻ മേഴ്‌സി ഫെലോഷിപ്പ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Comments

comments

Share This Post

Post Comment